head 3
head2
head1

അടുത്ത വര്‍ഷം ഉക്രൈന്‍ യൂറോവിഷന് ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി

കീവ് : അടുത്ത വര്‍ഷം ഉക്രൈന്‍ യൂറോവിഷന് ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി. ടൂറിനില്‍ നടന്ന മത്സരത്തില്‍ ഫോക്ക്-റാപ്പ് ഗ്രൂപ്പായ കലുഷ് ഓര്‍ക്കസ്ട്ര വിജയം നേടിയതിനെ തുടര്‍ന്നാണ് സെലന്‍സ്‌കിയുടെ പ്രഖ്യാപനം വന്നത്. യൂറോവിഷന്‍ വിജയിക്കുന്നവര്‍ക്ക് അടുത്ത വര്‍ഷം മത്സരം നടത്താനുള്ള അവകാശം ലഭിക്കാറുണ്ട്.

കലുഷ് ഓര്‍ക്കസ്ട്രയെ അഭിനന്ദിച്ചു നടത്തിയ പ്രസ്താവനയിലാണ് പ്രസിഡന്റ് സെലന്‍സ്‌കി ഇക്കാര്യം അറിയിച്ചത്. മരിയുപോളില്‍ യൂറോവിഷന്‍ സംഘടിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. മല്‍സരാര്‍ഥികളും യൂറോവിഷന്‍ ആരാധകരുമെല്ലാം ഈ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

റഷ്യയ്ക്കെതിരെ പോരാടുന്ന യുവാക്കള്‍ പ്രത്യേക അനുമതിയും അവധിയുമെടുത്താണ് ‘യൂറോവിഷന്‍ യുദ്ധത്തില്‍’ പങ്കെടുത്ത് വിജയം നേടിയത്. ഹിപ്-ഹോപ്പും പരമ്പരാഗത സംഗീതവും സമന്വയിപ്പിച്ചുള്ള ഇവരുടെ ഗാനം സ്റ്റെഫാനിയയായിരുന്നു ഇവര്‍ അവതരിപ്പിച്ചത്.

ആല്‍പിറ്റൂര്‍ അരീനയില്‍ യുകെ, സ്വീഡന്‍, സ്പെയിന്‍ എന്നിവയ്ക്ക് പിന്നിലായിരുന്നു ജൂറി വോട്ടുകള്‍ കിട്ടിയത്. എന്നാല്‍ യൂറോപ്പില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ടെലിവോട്ടുകള്‍ അവരെ വിജയത്തിലേക്കെത്തിച്ചു. പൊതു വോട്ടില്‍ നിന്ന് 439 പോയിന്റുകളാണ് ഉക്രൈന് ലഭിച്ചത്.

ഉക്രൈനിയന്‍ ബ്രോഡ്കാസ്റ്റര്‍ യുഎ: പിബിസിയുമായി ചേര്‍ന്ന് അടുത്ത വര്‍ഷത്തെ മത്സരത്തിനായി ആസൂത്രണം ചെയ്യുമെന്ന് ഇ ബി യു സൂപ്പര്‍വൈസര്‍ മാര്‍ട്ടിന്‍ ഓസ്റ്റര്‍ഡാലില്‍ പറഞ്ഞു. വെല്ലുവിളികളുണ്ടാകുമെങ്കിലും ഈ പരിപാടി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.