head 3
head1
head2

അയര്‍ലണ്ടില്‍ നോണ്‍-ഇയു രാജ്യങ്ങളില്‍ നിന്നുള്ള ഹോം കെയറര്‍മാര്‍ക്ക് തല്‍ക്കാലം വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇന്ത്യ അടക്കമുള്ള നോണ്‍-ഇയു ഹോം കെയറര്‍മാര്‍ക്ക് തല്‍ക്കാലം വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം.

ജോലി സമയത്തില്‍ ഗ്യാരന്റി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തതും മതിയായ പേമെന്റുകളുടെ കുറവുമാണ് ഇത്തരത്തില്‍ തീരുമാനിക്കുന്നതിന് കാരണമായത്. പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായി, ജൂനിയര്‍ എന്റര്‍പ്രൈസ് മന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഹോം കെയറര്‍മാര്‍ക്ക് ഗുരുതരമായ ക്ഷാമം നേരിടുമ്പോഴാണ് ഈ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് കരുതുന്ന തീരുമാനം വന്നത്.

നിശ്ചിത ജോലി സമയമോ യാത്രയ്ക്കും മറ്റ് ജീവിതച്ചെലവുകള്‍ക്കുമുള്ള വരുമാനമോ ഉറപ്പുവരുത്താന്‍ ഈ മേഖലയില്‍ ജോലി വാഗ്ദാനം ചെയ്യുന്ന തൊഴിലുടമകള്‍ക്ക് കഴിയുന്നില്ല. ഇതേ തുടര്‍ന്നാണ് നോണ്‍-ഇഇഎ തൊഴിലാളികള്‍ക്ക് ഹോം കെയറില്‍ പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്ന് ഉന്നതതല ആലോചന സമിതിയുടെ തീരുമാനമുണ്ടായത്.

ഈ മേഖലയില്‍ തൊഴിലാളി ക്ഷാമമില്ലെന്ന ഇക്കണോമിക് മൈഗ്രേഷന്‍ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ഗ്രൂപ്പിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ തീരുമാനമുണ്ടായത്. ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യ വകുപ്പിന് ലഭിച്ചേക്കും. തുടര്‍ന്ന് ഈ വിഭാഗത്തിന്റെ ചുമതലയുള്ള ആരോഗ്യ സഹമന്ത്രി മന്ത്രി മേരി ബട്‌ലര്‍ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരും.

തൊഴില്‍ പെര്‍മിറ്റുകള്‍ക്കായി എന്റര്‍പ്രൈസസ് വകുപ്പ് എംപ്ലോയ്മെന്റ് ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഇയുവിന് പുറത്ത് നിന്നുള്ള തൊഴിലാളികളെ വിവിധ മേഖലകളില്‍ നിയമിക്കുന്നത്. ഈ പെര്‍മിറ്റുകള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി, വ്യവസായ പ്രതിനിധികള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, എന്നിവരില്‍ നിന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്റര്‍പ്രൈസ് സബ്മിഷനുകള്‍ സ്വീകരിച്ചിരുന്നു. ഹോം കെയര്‍ മേഖലയില്‍ തൊഴിലാളി ക്ഷാമം ഇല്ലെന്നാണ് ലഭിച്ച സബ്മിഷനുകള്‍ വ്യക്തമാക്കിയത്. മാത്രമല്ല തൊഴില്‍ നിയമങ്ങളും വ്യവസ്ഥകളും പ്രകാരമുള്ള കരാറുകള്‍ പാലിയ്ക്കുന്നതില്‍ ഈ മേഖല വെല്ലുവിളി നേരിടുകയാണെന്നും തെളിവുകള്‍ ലഭിച്ചു.

പ്രതിഷേധവുമായി എച്ച് സി സി ഐ

അതേസമയം അയര്‍ലണ്ടില്‍ കെയറര്‍മാര്‍ക്ക് ദൗര്‍ലഭ്യമില്ലെന്ന സര്‍ക്കാര്‍ ഗ്രൂപ്പിന്റെ നിലപാടിനെതിരെ ഹോം ആന്റ് കമ്മ്യൂണിറ്റി കെയര്‍ അയര്‍ലണ്ട് (എച്ച് സി സി ഐ) രംഗത്തുവന്നു. ഹോം കെയര്‍ മേഖലയില്‍ തൊഴിലാളികള്‍ക്ക് കടുത്ത ക്ഷാമമാണെന്ന് എച്ച് സി സി ഐ വ്യക്തമാക്കി.

നോണ്‍-ഇഇഎ തൊഴിലാളികളെ നഴ്സിംഗ് ഹോമുകളിലും ആശുപത്രികളിലും തുടരാന്‍ അനുവദിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹോം കെയറില്‍ ഇതനുവദിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്ന് വക്താവ് പറഞ്ഞു.

ഹോം കെയര്‍ തൊഴിലാളികളെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ അനുവദിക്കുന്ന വിധത്തില്‍ സോഷ്യല്‍ വെല്‍ഫെയര്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത് ഈ മേഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാനും വെയിറ്റിംഗ് ലിസ്റ്റുകള്‍ കുറയ്ക്കാനും സഹായിക്കുമെന്ന് എച്ച് സി സി ഐ പറഞ്ഞു.

സോഷ്യല്‍ വെല്‍ഫെയര്‍ നിയമങ്ങള്‍ പ്രകാരം, കെയറര്‍ മൂന്ന് ദിവസം മുഴുവന്‍ (22.5 മണിക്കൂര്‍) ജോലി ചെയ്താല്‍ ബാക്കിയുള്ള രണ്ട് ദിവസത്തേക്ക് ജോബ് സീക്കേഴ്സ് അലവന്‍സ് ലഭിക്കുമെന്ന് എച്ച് സി സി ഐ ചീഫ് എക്സിക്യൂട്ടീവ് ജോസഫ് മസ്ഗ്രേവ് പറഞ്ഞു. ഒരു കെയറര്‍ അഞ്ച് ദിവസത്തേക്ക് ഒരു ദിവസം ഒരു മണിക്കൂര്‍ വീതം ജോലി ചെയ്താല്‍ ഈ ആനുകൂല്യം ലഭിക്കില്ല.

പേയ്‌മെന്റ് ക്യുമുലേറ്റീവ് മണിക്കൂറുകളേക്കാള്‍ മൂന്ന് ദിവസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിയമം. അത്തരമൊരു ആനുകൂല്യം നിലനില്‍ക്കുന്നതിനാല്‍ ജോലി സമയം ഗ്യാരന്റി നല്‍കാന്‍ ഈ മേഖലയ്ക്ക് ആവുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു. അതിന്റെ പേരില്‍ വിദേശ തൊഴിലാളികളെ നിരാകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

Comments are closed.