head 3
head2
head1

ഡ്രൈവറില്ലാ കാറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതില്‍ സ്ത്രീകള്‍ ‘കേമികളെന്ന്’ ഗവേഷണം

ഡബ്ലിന്‍ : ഡ്രൈവറില്ലാ കാറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മികവുകാട്ടുന്നതെന്ന് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. പ്രതികരണ സമയത്തിലെ വേഗതയും കൂടുതല്‍ വീല്‍ നിയന്ത്രണവുമെല്ലാം സ്ത്രീകള്‍ക്കാണെന്ന് ഗവേഷണം പറയുന്നു. സയന്റിഫിക് റിപ്പോര്‍ട്ടുകള്‍ എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആവശ്യമുള്ളപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം കൈപ്പിടിയിലാക്കുന്നതിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. ഡ്രൈവിംഗില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാകാനും മറ്റ് ജോലികള്‍ ചെയ്യാനും അനുവദിക്കുന്നതാണ് ഡ്രൈവറില്ലാ കാറുകള്‍. എന്നാല്‍ ചിലപ്പോള്‍ അവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കേണ്ടി വന്നേക്കാം.

33 സ്ത്രീകളും 43 പുരുഷന്മാരുമുള്‍പ്പടെ 76 പേരുടെ സിമുലേറ്റര്‍ പ്രകടനം വിലയിരുത്തിയാണ് ഗവേഷണം നടത്തിയത്. ഡ്രൈവറില്ലാത്ത വാഹനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സിമുലേറ്റര്‍ ഇവര്‍ക്ക് 20 സെക്കന്‍ഡ് സമയമാണ് നല്‍കിയത്. പുരുഷന്മാര്‍ ശരാശരി 2.63 സെക്കന്‍ഡ് സമയമെടുത്തപ്പോള്‍ സ്ത്രീകള്‍ക്ക് 2.45 സെക്കന്‍ഡ് മാത്രമേ വേണ്ടിവന്നുള്ളുവെന്ന് പഠനം പറയുന്നു. പാര്‍ക്കിംഗില്‍ നിന്നും 13.52 സെക്കന്‍ഡ് കൊണ്ട് സ്ത്രീകള്‍ പുറത്തുകടന്നപ്പോള്‍ പുരുഷന്മാര്‍ 13.76 സെക്കന്‍ഡ് സമയമെടുത്തു.

ഡ്രൈവിംഗിലെ സ്ത്രീകളുടെ മികവ് അവര്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം വിദഗ്ധന്‍ ഡോ. ഷുവോ ലി പറഞ്ഞു. അവരുടെ ഈ കഴിവു പുറത്തുകൊണ്ടുവരുന്നതാണ് ഗവേഷണമെന്നും ഇദ്ദേഹം വിശദീകരിച്ചു. ഡ്രൈവറില്ലാ കാറുകളുടെ രൂപകല്‍പ്പനയും ഉപയോഗക്ഷമതയും വിലയിരുത്താന്‍ പഠനം സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Comments are closed.