head2
head1
head 3

പടിഞ്ഞാറന്‍ യൂറോപ്പിനെ പൊള്ളിച്ചുകൊണ്ട് ഉഷ്ണതരംഗങ്ങളും കാട്ടുതീയും

ബ്രസല്‍സ് : കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ (ഐപിസിസി) മുന്നറിയിപ്പ് നല്‍കിയതു പോലെ തന്നെ ഉഷ്ണതരംഗങ്ങളും കാട്ടുതീയും പതിവാകുന്നു. പടിഞ്ഞാറന്‍ യൂറോപ്പിനെ പൊള്ളിച്ചുകൊണ്ട് ഇവ തുടരുകയാണ്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തന്നെ അത്യുഷ്ണത്തിന്റെ പിടിയിലാണ്. ഉഷ്ണതരംഗങ്ങള്‍ പതിവാകുമെന്നും ദീര്‍ഘകാലം തുടരുമെന്നുമായിരുന്നു ഐപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നത്.

ഉഷ്ണതരംഗത്തെ തുടര്‍ന്ന് വാരാന്ത്യത്തോടെ സ്പെയിനിന്റെയും ഫ്രാന്‍സിന്റെയും ചില ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തിയിരുന്നു. വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സ്പെയിനില്‍ ഏക്കര്‍ കണക്കിന് വനഭൂമിയാണ് കത്തിനശിച്ചത്. സ്‌പെയിനിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും കാട്ടുതീ അഗ്നിശമന സേനയുടെ ഉറക്കം കെടുത്തുകയാണ്. വെള്ളിയാഴ്ച സിയറ ഡി ലാ കുലെബ്ര മേഖലയിലെ 22,240 ഏക്കറാണ് കത്തി നശിച്ചത്.

ജൂണില്‍ ജൂലൈയിലോ ഓഗസ്റ്റ് മാസത്തിലേയോ ഉയര്‍ച്ചയിലാണ് താപനിലയെന്ന് നിരീക്ഷകര്‍ പറയുന്നു. സ്പെയിനിലും ഫ്രാന്‍സിലും ചില ഭാഗങ്ങളിലും സാധാരണയേക്കാള്‍ 10 ഡിഗ്രി സെല്‍ഷ്യസിലും കൂടുതലാണ് ചൂട്. പുഴകളൊക്കെ വറ്റിയതോടെ യൂറോപ്പിന്റെ പല ഭാഗങ്ങളിലും വരള്‍ച്ചയും പിടിമുറുക്കിയിട്ടുണ്ട്.

ഇറ്റലിയില്‍, പോ നദി വറ്റിവരണ്ടു. ചില പ്രദേശങ്ങളില്‍ പ്രദേശവാസികള്‍ക്ക് നദിയുടെ ഒത്ത നടുവിലൂടെ നടക്കാന്‍ കഴിയുന്ന സ്ഥിതിയാണുള്ളത്. വിവിധ രാജ്യങ്ങളില്‍ കടുത്ത ചൂട് പരിഗണിച്ച് പല പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എയര്‍കണ്ടീഷനില്ലാത്ത ഇന്‍ഡോര്‍ പരിപാടികളും വേണ്ടെന്നുവയ്ക്കുകയാണ്.

Comments are closed.