head 3
head2
head1

യൂറോപ്പില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഉപയോഗം കുതിച്ചുയരുന്നതിന് പിന്നില്‍ ?

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ മേഖലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ ഉപയോഗം കുതിച്ചുയരുന്നതായി പഠനങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പ്പനയിലും, പുനഃരുപയോഗത്തിലും വന്‍ കുതിപ്പാണ് രേഖപെടുത്തിയിരിക്കുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2035 മുതല്‍ യൂറോപ്പില്‍ ഒരിടത്തും ഡീസല്‍ പെട്രോള്‍ വാഹനങ്ങള്‍ വില്‍പ്പന നടത്താനാവില്ല. വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമാണിത്.

പെട്രോള്‍ ഡീസല്‍ വാഹനങ്ങളുടെ സ്ഥാനം ഇലക്ട്രിക് കാറുകളും മറ്റ് പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്കും വഴി മാറും. എന്നാല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ ഓടിക്കുന്നത് വിലക്കില്ല.

നിവൃത്തികേട് കൊണ്ടാണ് യൂറോപ്പ് ഇലക്ട്രിക്ക് കാറുകളിലേയ്ക്കും, പരിസ്ഥിതി ബന്ധിത വാഹനങ്ങളിലേയ്ക്കും നീങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള മുന്നറിയിപ്പ് യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഈ നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ മുഖ്യ പരിഗണനയായി സ്വീകരിച്ചില്ല. ജലക്ഷാമവും, ഇപ്പോള്‍ യുദ്ധമുണ്ടാക്കിയ അസ്ഥിരതകളുമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുന്നത്.

വ്യവസായം, ഊര്‍ജ്ജം, ഗതാഗതം എന്നി മേഖലകളിലൂടെയുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍ കുറച്ചില്ലെങ്കില്‍ ആഗോള താപനം അതിഭയാനകമായ അവസ്ഥയിലേയ്ക്ക് ഉയരുമെന്നും, യൂറോപ്പിന്റെ ഇപ്പോഴുള്ള കാലാവസ്ഥാരീതിയില്‍ സങ്കീര്‍ണ്ണമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു.

ഇറ്റലിയിലെയും ഫ്രാന്‍സിലെയും പല നഗരങ്ങളും ജലവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞു. സ്പെയിനും, ഗ്രീസും ചുട്ടു പൊള്ളുകയാണ്. ബ്രിട്ടനില്‍ പോലും അടുത്ത ആഴ്ച താപനില 34 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹവാന സ്റ്റൈല്‍ യൂറോപ്പിലേക്ക് ?

ക്യൂബയില്‍ വിദേശ കാര്‍ ഇറക്കുമതിയ്ക്ക് നിരോധനമുണ്ടായിരുന്ന കാലത്ത് ആ രാജ്യത്തെ റോഡുകളില്‍ റെട്രോ കാറുകള്‍ പെരുകിയ ഒരു അവസ്ഥ നിലവിലുണ്ടായിരുന്നു. ദശകങ്ങള്‍ നീണ്ടു നിന്ന നിരോധനം ഭാഗീകമായി അടുത്തയിടെ മാറ്റുന്നത് വരെ 70 വര്‍ഷം വരെ പഴക്കമുള്ള കാറുകള്‍, നിരത്തിലിറങ്ങുന്നത് സര്‍വ്വസാധാരണമായിരുന്നു.

പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കുകയും, ബദല്‍ മാര്‍ഗങ്ങളുടെ വില കുറയാതെ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യൂറോപ്പിലെ സാമ്പത്തിക ശേഷി കുറഞ്ഞതും, ആധുനീക യന്ത്ര സംവിധാനങ്ങളില്‍ വൈദഗ്ദ്യം കുറഞ്ഞതുമായ രാജ്യങ്ങളിലെങ്കിലും സമാനമായ അവസ്ഥ സംഭവിക്കാം. കാര്‍ ഉടമകള്‍ അവരുടെ പെട്രോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നേക്കാം. പുതിയതും വിലകൂടിയതുമായ കാറുകള്‍ക്ക് പകരം ആളുകള്‍ കൂട്ടത്തോടെ കൂടുതല്‍ ഉപയോഗ ക്ഷമതയുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാന്‍ തുടങ്ങും.

അവയ്ക്കു ഇലക്ട്രിക് കാറുകളേക്കാള്‍ വില കുറവാണ്. ഒരു ചാര്‍ജില്‍ മൈലേജ് വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍, പല യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരും ലഭ്യമായ വാഹനങ്ങള്‍ അവസാനം വരെ ഉപയോഗിക്കാനാണ് സാധ്യത. യൂറോപ്യന്‍ യൂണിയനില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ കുതിച്ചുചാട്ടമുണ്ടാകാന്‍ സാധ്യതയുണ്ടാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്ന് ചുരുക്കം.

യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു ഏകീകൃത പരിഹാരത്തിനായി കാത്തിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിനായി ഓരോ രാജ്യവും അവരുടേതായ ദേശീയ പരിപാടികള്‍ അംഗീകരിക്കാന്‍ തുടങ്ങി.

പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ എഞ്ചിനുകളുള്ള കാറുകള്‍ 2025 മുതല്‍ നോര്‍വേയില്‍ വില്‍ക്കില്ല. നിലവില്‍ അവിടെ ഇലക്ട്രിക് കാറുകളുടെ വിഹിതം 65% കവിഞ്ഞു. ബ്രിട്ടന്‍, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവ 2030-ല്‍ ഒരു ‘ഗ്രീന്‍ ട്രാന്‍സിഷന്‍’ ആസൂത്രണം ചെയ്യുന്നു. അയര്‍ലണ്ടിലും പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന 2030ല്‍ അവസാനിപ്പിക്കും.

2040-നകം ഈ നടപടി സ്വീകരിക്കാനാണ് ഫ്രാന്‍സ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏകീകൃത യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അംഗീകരിച്ചാല്‍, നടപടികള്‍ വേഗത്തിലാക്കേണ്ടിവരും.

‘പാര’ വെയ്ക്കുന്നത് നിര്‍മ്മാതാക്കള്‍…!

കാര്‍ നിര്‍മ്മാതാക്കള്‍ അവസാനം വരെ പുതുമകളെ ചെറുക്കുമെന്നും തീരുമാനങ്ങള്‍ അട്ടിമറിക്കുമെന്നും പെട്രോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പനയ്ക്കുള്ള കാലാവധി നീട്ടാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

പുതിയ പരിസ്ഥിതി ബന്ധിത വാഹന മോഡലുകളുടെ നിര്‍മ്മാണത്തിലും, സ്പെയര്‍ പാര്‍ട്സുകളുടെ ഉല്‍പ്പാദനത്തിലും വന്‍ മൂലധനം നിക്ഷേപിക്കേണ്ടി വരും. വലിയ ഫണ്ടുകള്‍ ലഭ്യമാവുന്നുണ്ടെങ്കിലും മികച്ച മോഡലുകള്‍ക്ക് വേണ്ടി ഇവ പരസ്പരം മത്സരിക്കുന്നുണ്ട്. ജനറല്‍ മോട്ടോഴ്‌സ്, വോള്‍വോ, ജാഗ്വാര്‍, ഫോര്‍ഡ് എന്നിവ ക്ലാസിക് എഞ്ചിനുകള്‍ ഉപേക്ഷിക്കുന്നതിനും ഇലക്ട്രിക് എഞ്ചിനുകളിലേക്ക് മാറുന്നതിനുമുള്ള തന്ത്രങ്ങളില്‍ വന്‍ മുന്നേറ്റം നടത്തുമ്പോഴും, നൂറുകണക്കിന് ചെറുകിട വാഹന ഉത്പാദകര്‍ മത്സരഗോദയിലേയ്ക്ക് ഇറങ്ങുന്നതേയുള്ളു.

ഫോക്‌സ്വാഗണും മെഴ്‌സിഡസീനും ചൈനീസ്, ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്കും ആവശ്യമായ സാങ്കേതികവിദ്യയുണ്ട്. എന്നിരുന്നാലും, പെട്രോള്‍ ഡീസല്‍ ഇന്ധന എഞ്ചിനുകളുടെ നിര്‍മ്മാണത്തില്‍ അവര്‍ക്കുണ്ടായിരുന്ന മേല്‍കൈ നഷ്ടപ്പെട്ടു എന്ന് കരുതുന്നവരുണ്ട്.

എല്ലാവരും മാറ്റത്തിന് തയ്യാറല്ല

അതേസമയം, എല്ലാ EU അംഗരാജ്യങ്ങളും പെട്രോള്‍ ഡീസല്‍ എഞ്ചിനുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. ഒന്നാമതായി, ഇത് യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളെ ബാധിക്കുന്നു. സ്‌കോഡ നിര്‍മ്മിക്കുന്ന ചെക്ക് റിപ്പബ്ലിക്, ഇയൂ തീരുമാനത്തെ അതിശക്തമായി എതിര്‍ക്കുന്നു. നിലവില്‍, സ്‌കോഡ ബ്രാന്‍ഡിന്റെ മോഡലുകള്‍ക്ക് വലിയ ഡിമാന്‍ഡാണ്, എന്നാല്‍ ഉല്‍പ്പാദനത്തിന്റെ പരിവര്‍ത്തനത്തിനായി കമ്പനിക്ക് വലിയ താത്പര്യമോ വിഭവ ശേഷിയോ ഇല്ലെന്ന് വ്യക്തമാക്കുന്നു.

ലോകത്തിന്റെ ഓട്ടോമോട്ടീവ് തലസ്ഥാനം എന്നറിയപ്പെടുന്ന ജര്‍മ്മനിയിലും സ്ഥിതി വ്യത്യസ്തമല്ല. ശക്തമായ എഞ്ചിനുകളുള്ള വിലകൂടിയ ജര്‍മ്മന്‍ മോഡലുകള്‍ ലോക്കോമോട്ടീവ് വ്യവസായത്തിന്റെ അഭിമാനവുമാണ്. ഇലക്ട്രിക് മോട്ടോറുകളിലേക്കുള്ള മാറ്റത്തില്‍ മെഴ്‌സിഡസ്, പോര്‍ഷെ, ബിഎംഡബ്ല്യു എന്നിവ തങ്ങളുടെ തനിമയും, മുന്‍തൂക്കവും നിലനിര്‍ത്താനുള്ള മത്സരത്തിലാണ്.

വേറെ വഴിയില്ല, നാം മാറിയേ പറ്റു

വിലകൂടിയ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് ഒഴിവാകാതെ ലോകത്തിന് തുടരാനാവില്ല, ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും അത്തരത്തിലുള്ള പരിവര്‍ത്തനത്തില്‍ വിജയിച്ചില്ലെങ്കില്‍ യൂറോപ്പ് ഒരു മരുഭൂമിയായി മാറുമെന്നതില്‍ വിദഗ്ധര്‍ക്ക് സംശയമൊന്നുമില്ല. അത് കൊണ്ട് തന്നെ പുതിയ കാലാവസ്ഥാ നയമാറ്റത്തോട് വ്യക്തിപരായി അനുകൂല നിലപാട് എടുക്കാന്‍ ഓരോ വാഹന ഉപയോക്താവും നിര്‍ബന്ധിതരാകും.

പുതിയ കാറുകള്‍ വേണ്ടെന്ന് വെയ്ക്കുന്നവര്‍

ആധുനിക വൈജ്ഞാനിക പരീക്ഷണങ്ങളുടെ ഭാഗമായി വില കുറവുള്ളയുള്ളതും കാര്യ ശേഷി കൂടിയതുമായ ഇലക്ട്രിക്ക് – വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്. മാര്‍ക്കറ്റില്‍ അവ യഥേഷ്ടം ലഭ്യമാവാത്തിടത്തോളം കാലം അവയുടെ വിലയും കുറയാന്‍ സാധ്യതയില്ല. വില കുറയുന്ന നല്ല നാളുകള്‍ വരെയെങ്കിലും പഴയ വാഹനങ്ങള്‍ ഉപയോഗിക്കാനാവും ബഹുഭൂരിപക്ഷം പേരും തീരുമാനിച്ചേക്കുക എന്നാണ് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

Comments are closed.