head1
head 3
head2

ആരാവും പിണറായിക്ക് പകരക്കാരന്‍ ?

കൊച്ചി : കേരളാ രാഷ്ട്രീയം അതി സങ്കീര്‍ണ്ണമായ ദിശാസന്ധിയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെയ്ക്കാതെ വഴിയില്ലെന്ന വ്യക്തമായ സുചനകള്‍ പുറത്തുവരുന്നു.

അടിയും, തടയും, ഭീഷണിയുമൊക്കെയായി സംസ്ഥാനത്തെ ഭരണകൂടം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ നാടകങ്ങളിലൊന്നും പതിവുപോലെ എതിരാളികള്‍ പിന്മാറില്ലെന്നും, അങ്കം തുടരുമെന്നും ഉറപ്പാവുമ്പോഴും, ഏത് വിധേനെയും പ്രതിസന്ധി മറികടക്കാനുള്ള പിണറായിയുടെയും, സ്തുതി പാഠകരുടെയും ശ്രമം ഊര്‍ജ്ജിതമാവുകയാണ്. തുടക്കം മുതല്‍ ഒരേ നിലപാട് പുലര്‍ത്തുന്ന സ്വപ്ന സുരേഷിനെ നിശ്ശബ്ദയാക്കാനുള്ള ശ്രമങ്ങളെല്ലാം വൃഥാവിലായതോടെ അവരെ ഏത് വിധേനെയും കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണന.

എങ്കിലും പിണറായിയുടെ ഒപ്പം നിന്നിരുന്നവര്‍ പോലും മെല്ലെ മെല്ലെ പിന്മാറുന്ന കാഴ്ചകള്‍ സംസ്ഥാനത്ത് ദൃശ്യമായി തുടങ്ങി. ജനങ്ങളുടെ ‘പള്‍സ്’ അറിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ പോലും അന്ധമായ പിണറായി ആരാധന അവസാനിപ്പിക്കുകയാണ്.

ആപത്ത് കാലത്ത് ‘കിറ്റ്’ കൊടുത്ത് സഹായിച്ച സാധാരണക്കാരെയും, സംസ്ഥാനം അതീവ സാമ്പത്തിക പ്രതിസന്ധിയില്‍ പോകുമ്പോഴും പരസ്യം കൊടുത്ത് പ്രീതിപ്പെടുത്തി നിര്‍ത്തിയ മാധ്യമങ്ങളെയും പ്രസാദിപ്പിക്കാനുള്ള തന്ത്രങ്ങളെന്നും സര്‍ക്കാരിന്റെ ആവനാഴിയില്‍ ഇനിയില്ല.

ഏറ്റവും അധികം പൊതു കടമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ സംസ്ഥാന ബജറ്റ് രേഖകള്‍ പ്രകാരം 3.29 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതു കടം. ജനസംഖ്യാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഇപ്പോള്‍ ജനിച്ചു വീണ കുഞ്ഞടക്കം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആളോഹരി കടം ഏതാണ്ട് 91,000 രൂപയാണ്. കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി രൂപീകരിച്ച കിഫ്ബിയുടെ കടം ഇതില്‍ ഉള്‍ക്കൊണ്ടിട്ടില്ല. കിഫ്ബിക്ക് ഏതാണ്ട് 63,000 കോടിയോളം കടമുണ്ട്. അതു കൂടി കൂട്ടുമ്പോള്‍ പൊതുകടം നാല് ലക്ഷം കോടിക്കടുത്തും ആളോഹരി കടം ഒരു ലക്ഷത്തിലേറെയും വരും.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും, അത് പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പകരം എങ്ങനെയും ഭരണം നിലനിര്‍ത്താനുള്ള കുറുക്കു വഴികളുടെ ആലോചനയിലാണ് ഇടത് തന്ത്രജ്ഞരെല്ലാം.

പരസ്യമായ വിരുദ്ധ നിലപാടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ലെങ്കിലും, പിണറായി മുഖം മോശമാകാതെ മാറി നില്‍ക്കണമെന്ന അഭിപ്രായം മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെങ്കിലും രൂപപ്പെട്ടു വരുന്നുണ്ട്. വി എസ് അച്യുതാനന്ദന്റെ അനുയായികളായി സംസ്ഥാനത്ത് നിശബ്ദരായി തുടരുന്നവര്‍ വി എസ്സിന്റെ ജീവിതകാലത്ത് തന്നെ പിണറായി,നാണം കെട്ട് പുറത്ത് പോവുന്നത് കാണാമെന്ന ആഗ്രഹം തുറന്നു പറയുന്നുമുണ്ട്.

സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ പ്രാധാന്യം മറികടക്കാനാണ് രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് തകര്‍ത്തും, ഇന്ദിരാ ഭവന്‍ ആക്രമിച്ചും പ്രശ്‌നമുണ്ടാക്കിയതും തിരുവനന്തപുരത്തെ എ കെ ജി സെന്ററില്‍ ”ബോംബിട്ട്” നാടകം കളിച്ചതും എന്ന് സാധാരണക്കാര്‍ പോലും വിചാരിക്കുന്ന അവസ്ഥയിലാണ് കേരളമിപ്പോള്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും മാധ്യമങ്ങള്‍ സ്വപ്നയുടെ വിവാദങ്ങള്‍ക്കും, മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്കും ഉപരിയായി എ കെ ജി സെന്ററില്‍ ‘പടക്കം’ കത്തിച്ചിട്ട നാടകമാണ് ചര്‍ച്ച ചെയ്തത്.

ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതിയായി ഇതുവരെ ജനം വിചാരിച്ചിരുന്ന സ്വപ്ന സുരേഷിനും സരിത്തിനും മാപ്പ് സാക്ഷി സ്ഥാനമാണ് പൊതുസമൂഹം ഇപ്പോള്‍ നല്‍കുന്നത്. മുഖ്യമന്ത്രി നേരിട്ട് തന്നെ വിദേശത്തേക്ക് വലിയ അളവില്‍ ഡോളര്‍ കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കൂടുതലായി തെളിവെത്തുന്നതോടെ പിണറായിക്ക് പൂജപ്പുരയിലേക്കു വഴി തുറക്കുമെന്നാണ് നിയമകാര്യ വിദഗ്ദര്‍ വിലയിരുത്തുന്നത്.

കേരളത്തിലെ രാഷ്ട്രീയക്കാരുടെയും, തീവ്രവാദ ബന്ധമുപയോഗിച്ച് പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ വഴി കേരളതീരത്ത് എത്തിയ പണം വിദേശത്തേയ്ക്ക് കടത്താന്‍ പിണറായിയുമായി അടുത്തു നിന്നവര്‍ നിരന്തരമായി സഹായിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അതീവ ജാഗ്രതയോടെയാണ് അന്വേഷണ ഏജന്‍സികള്‍ വീക്ഷിക്കുന്നത്. റിവേഴ്‌സ് ഹവാലയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്നതെന്നാണ് സൂചനകള്‍. വിദേശത്തേക്ക് വലിയ അളവില്‍ ഡോളര്‍കടത്തിയെന്നാണ് കണ്ടെത്തല്‍.

ബദല്‍ മാര്‍ഗങ്ങള്‍

ഇന്ത്യയില്‍ സി പി എമ്മിന് ഭരണം നിലനില്‍ക്കുന്ന ഒരേയൊരു സംസ്ഥനമായ കേരളത്തെ എങ്ങനെയെങ്കിലും കൂടെ നിര്‍ത്താനായുള്ള ആഗ്രഹം കേന്ദ്ര സിപിഎം നേതൃത്വത്തിന് ഉണ്ടെങ്കിലും പിണറായിയുടെ ഏകാധിപത്യ സ്വഭാവത്തെ നേരിടാനുള്ള ‘കോപ്പൊന്നും’ ഇപ്പോഴും അവരുടെ കൈവശമില്ല. എങ്കിലും കേരളത്തില്‍ നിന്നും തന്നെയുള്ള പിണറായി വിരുദ്ധരുടെ അഭിപ്രായങ്ങളെയും പാര്‍ട്ടി നേതൃത്വം കേള്‍ക്കാന്‍ തയാറെടുക്കുകയാണ്. പിണറായിയുടെ ‘പ്രഭയില്‍’ വായ പൂട്ടപ്പെട്ട തോമസ് ഐസക്ക്, ജി സുധാകരന്‍, എം എ ബേബി, എസ് ശര്‍മ്മ എന്നിവരടക്കമുള്ള തെക്കന്‍ നേതാക്കളെല്ലാം പിണറായിയ്‌ക്കെതിരെയുള്ള ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് മനസാ പിന്തുണ കൊടുക്കുന്നവരാണ്.

കേരളത്തിലെ ചില ഇസ്ലാമിക സംഘടനകളുടെ പിന്തുണയും പിണറായിയുടെ ആത്മവിശ്വാസത്തിന് ഇത് വരെ കാരണമായിരുന്നുവെങ്കിലും അതിപ്പോള്‍ പഴയ പോലെ പിണറായിക്ക് ലഭിക്കുന്നില്ല. പാര്‍ട്ടിയ്ക്ക് ഭരണം പോയില്ലെങ്കിലും നേതൃത്വം മാറിയേക്കാമെന്ന ധാരണ അവരുടെ ഇടയിലും ശക്തമാണ്. അത് കൊണ്ട് തന്നെ ബദല്‍ നീക്കങ്ങള്‍ക്ക് പിന്നില്‍ അവരുടെ താത്പര്യങ്ങള്‍ക്കും സ്ഥാനമുണ്ട്. രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ടു വന്ന മുഹമ്മദ് റിയാസിന്റെ സ്വപ്നങ്ങളും, വീണാ വിജയന്റെ പേരില്‍ പുറത്തുവരുന്ന ആരോപണങ്ങളില്‍ തട്ടി താഴെ വീഴും.

കോടിയേരിയുടെ ഭാഗ്യലബ്ധി പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും നിരാശ സമ്മാനിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. എം എ ബേബിയെയും ശൈലജ ടീച്ചറേയും പണ്ടേ പിണറായി മാറ്റി നിര്‍ത്തിയതാണ്. അവരെ വെച്ചുള്ള ഒരു ഒത്തു തീര്‍പ്പിന് സാധ്യത നിലവിലില്ല. അല്പം ഹാസ്യം കൂടുതല്‍ പറയുന്ന ആളാണെന്നതില്‍ ഉപരിയായി മറ്റൊരു കുഴപ്പവും ആരും ആരോപിക്കാത്ത എ വിജയരാഘവനാണ് പോളിറ്റ് ബ്യുറോയില്‍ കേരളത്തില്‍ നിന്നുള്ള നിലവിലുള്ള ഒരംഗം.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ രാജിയല്ലാതെ മറ്റൊരു വഴിയുമില്ല എന്ന അവസ്ഥ പിണറായിക്ക് മുമ്പില്‍ സംജാതമാവുന്നതെങ്കില്‍ പ്രഥമ പരിഗണന പ്രതീക്ഷിച്ച് ആകാംഷയോടെ കാത്തിരിക്കുകയാണ് വിജയരാഘവന്‍.

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാവണമെന്ന് ഒരു ജഡ്ജി ഒരു വിധിയില്‍ പരാമര്‍ശിച്ചപ്പോള്‍ കെ എം മാണിയെ ‘കണ്ടം വഴി ഓടിച്ച’ പിണറായിയും കൂട്ടരും, ഭാര്യയും ,മക്കളുമെല്ലാം സംശയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കളിക്കുന്ന നാടകങ്ങള്‍ ആസ്വദിക്കുകയാണ് ഇപ്പോള്‍ കേരളം.

Comments are closed.