head2
head 3
head1

ആരാകും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി…? കുപ്പായം തയ്പ്പിച്ച് ഒട്ടേറെ നേതാക്കള്‍

ലണ്ടന്‍ : വിവാദങ്ങള്‍ക്ക് വിട നല്‍കി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞതോടെ ആരാകും പുതിയ അമരക്കാരനെന്നാണ് ബ്രിട്ടനും ലോകവും ഉറ്റുനോക്കുന്നത്. സഹപ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൈവിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതായാണ് ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞത്. അപ്പോള്‍ മുതല്‍ തന്നെ പകരക്കാരന്‍ ആര് എന്ന നിലയിലുള്ള ചോദ്യങ്ങളും അഭ്യൂഹങ്ങളും ഉയര്‍ന്നു തുടങ്ങി.

യുകെയുടെ ധനമന്ത്രിയും ചാന്‍സലറുമായിരുന്ന ഇന്ത്യന്‍ വംശജന്‍ ഋഷി സുനക്, പ്രതിരോധ മന്ത്രി ബെന്‍വാലസ്, നദീം സഖാവി, സാജിദ് ദാവിദ്, ലിസ് ട്രസ് തുടങ്ങിയ വിവിധ പേരുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായും അടുത്ത പ്രധാനമന്ത്രിയായും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

ധനമന്ത്രി ഋഷി സുനകും സാജിദ് ജാവിദും

ധനമന്ത്രി ഋഷി സുനകിന് അടുത്ത തേരാളിയാകാന്‍ ഏറെ സാധ്യത നിലനിന്നിരുന്നു. എന്നാല്‍ ഭാര്യ ഉള്‍പ്പെട്ട ടാക്സ് വിവാദം ഇദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. ചാന്‍സലറായരിക്കവെ സുനക്ക് യുഎസ് ഗ്രീന്‍ കാര്‍ഡ് കൈവശം വച്ചതും വിമര്‍ശനത്തിനിടയായിരുന്നു.

ഡൗണിംഗ് സ്ട്രീറ്റിലെ ലോക്ക്ഡൗണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതുള്‍പ്പടെ ജോണ്‍സണ്‍ സര്‍ക്കാരിന്റെ ചില അഴിമതികളും സുനകിന്റെ സാധ്യതയെ വിലക്കുന്നതാണ്. എന്നിരുന്നാലും സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ മികവും നികുതി പദ്ധതികളുമൊക്കെ ഇദ്ദേഹത്തിന് ഇപ്പോഴും പ്രതീക്ഷ നല്‍കുന്നതാണ്.

അടുത്ത സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന ഒരു പേരാണ് മുന്‍ ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദിന്റേത്. പാക്കിസ്ഥാനി കുടിയേറ്റ ബസ് ഡ്രൈവറുടെ മകനായ ഇദ്ദേഹം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറും രാഷ്ട്രീയക്കാരനുമായി പിന്നീട് വളരുകയായിരുന്നു. മുമ്പ് 2016ലും വീണ്ടും 2019ലും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ഇദ്ദേഹം മത്സരിച്ചിരുന്നു.

ജോണ്‍സണുമായി പിണങ്ങി 2020ന്റെ തുടക്കത്തില്‍ ജാവിദ് സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. എന്നാല്‍ കോവിഡ് കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിലേക്ക് തിരികെയെത്തി. ആരോഗ്യ സെക്രട്ടറി, ചാന്‍സലര്‍, ആഭ്യന്തര സെക്രട്ടറി, ബിസിനസ് സെക്രട്ടറി, ഹൗസിംഗ് സെക്രട്ടറി, സാംസ്‌കാരിക സെക്രട്ടറി എന്നിങ്ങനെ മിക്കവാറും എല്ലാ മുതിര്‍ന്ന ക്യാബിനറ്റ് പദവികളും ജാവിദ് വഹിച്ചിട്ടുണ്ട്.

ഒടുവില്‍ ബെന്‍ വാലസിലെത്തുമോ രാജ്യം

ഉക്രൈയ്ന്‍ പ്രതിസന്ധി കൈകാര്യം ചെയ്തതിലും അഭയാര്‍ത്ഥികളെയും ബ്രിട്ടീഷ് പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിച്ചതിലും പ്രശംസ നേടിയ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞു കേള്‍ക്കുന്നു.

നേതൃത്വ മല്‍സരത്തില്‍ താല്‍പ്പര്യമില്ലെന്ന് വാലസ് പറയുന്നുണ്ടെങ്കിലും ഉയര്‍ന്ന പ്രശസ്തിയും പദവിയുമുള്ള രാഷ്ട്രീയക്കാരനെന്ന നിലയില്‍ മധ്യസ്ഥ സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം വന്നേക്കാമെന്നാണ് കരുതുന്നത്.

തുറന്നു പറഞ്ഞ ലിസ് ട്രസും തുഗെന്‍ ധാട്ട്

ബ്രിട്ടന്റെ നിലവിലെ വിദേശകാര്യ സെക്രട്ടറി തന്റെ നേതൃത്വ അഭിലാഷങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. 2010 മുതല്‍ എംപിയായിരുന്നു ട്രസ്. നിലവിലെ മന്ത്രിസഭയിലെ ഏറ്റവും കൂടുതല്‍ കാലം സേവനം ചെയ്ത അംഗവുമാണ്. പാര്‍ട്ടിയുടെ ജനപ്രിയ ഗ്രാസ്‌റൂട്ട് വെബ്‌സൈറ്റായ കണ്‍സര്‍വേറ്റീവ് ഹോം നിര്‍ദ്ദേശിച്ച മുന്‍നിര റാങ്കുകാരിയാണ് ഇവര്‍.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വിദേശകാര്യ സെലക്ട് കമ്മിറ്റിയുടെ ചെയര്‍മാനായ തുഗെന്‍ ധാട്ട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനത്ത് അനുഭവപരിചയമില്ലാത്ത മുന്‍ സൈനികന്‍ പാര്‍ട്ടിയുടെ വണ്‍ നേഷന്‍ വിഭാഗത്തിലെ ഒരു പ്രമുഖ വ്യക്തിയാണ്.

പ്രീതി പട്ടേലിന്റെ സാധ്യതയോ

ബ്രിട്ടന്റെ നിലവിലെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ സാധ്യതയും തള്ളാനാവില്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ താഴത്തട്ടിലുള്ളവരുടെ ഇഷ്ട നേതാവാണ് ഇവര്‍. കുടിയേറ്റവും പൊതുചെലവും സംബന്ധിച്ച് ശക്തമായ നിലപാടും ഇവര്‍ക്കുണ്ട്.

എന്നിരുന്നാലും അടുത്ത തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ നേരിടാനുള്ള കരുത്ത് ഇവര്‍ക്കുണ്ടോയെന്ന സംശയിക്കുന്നവരുമുണ്ട് പാര്‍ട്ടിയില്‍. 2020 നവംബറില്‍ പട്ടേല്‍ മന്ത്രിതല ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

നാദിം സഖാവി

അടുത്ത കാലത്ത് ചാന്‍സലര്‍ പദവി ലഭിച്ച നാദിം സഖാവിയും പ്രധാനമന്ത്രിയാകാന്‍ പരിഗണിക്കപ്പെടുന്നയാളാണ്. പരിമിതമായ രാഷ്ട്രീയ അനുഭവവും പബ്ലിക് പ്രൊഫൈലും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളാണ്.

പാന്‍ഡെമിക് കാലത്ത് ജോണ്‍സണ്‍ മന്ത്രിസഭയില്‍ വാക്സിന്‍ മന്ത്രിയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ സെക്രട്ടറിയാക്കി. മറ്റെല്ലാവരും കളം ചാടുന്നതിനിടെയാണ് ഇദ്ദേഹത്തിന് ജോണ്‍സണ്‍ ചാന്‍സലര്‍ പദവി നല്‍കിയത്. ജോണ്‍സണ്‍ രാജിവച്ചതിന് ശേഷമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നില്‍ക്കാനുള്ള ആഗ്രഹം ഇദ്ദേഹം പ്രഖ്യാപിച്ചത്.

ഉപപ്രധാനമന്ത്രി ഡൊമിനിക് റാബും…

ബ്രിട്ടന്റെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിനെയും ഈ സ്ഥാനത്തേയ്ക്ക് കാണുന്നവരുണ്ട്.
പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞാല്‍, ഡെപ്യൂട്ടി പ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമെന്ന നിലയില്‍, റാബ് ഒരു കെയര്‍ ടേക്കര്‍ പ്രധാനമന്ത്രിയായേക്കാം.

മുമ്പ് വിദേശകാര്യ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 2019ലെ കണ്‍സര്‍വേറ്റീവ് നേതൃത്വ തിരഞ്ഞെടുപ്പില്‍ ആറാം സ്ഥാനത്ത് ഇദ്ദേഹമെത്തിയിരുന്നു.

ഇനിയൊരങ്കത്തിന് വഴി തേടി ജെറമി ഹണ്ട്

2019 ലെ കണ്‍സര്‍വേറ്റീവ് നേതൃത്വ തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സണോട് പരാജയപ്പെട്ട ജെറമി ഹണ്ടും ഇനിയൊരങ്കത്തിന് വഴി തേടുന്നുണ്ട്. ജോണ്‍സന്റെ ഭരണകാലത്തുടനീളം ബാക്ക്ബെഞ്ചറായിരുന്നതിനാല്‍, സര്‍ക്കാരിന്റെ വിവാദങ്ങളില്‍ നിന്ന് ഫലപ്രദമായി അകന്നുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Comments are closed.