head 3
head1
head2

മാര്‍ച്ച് മാസത്തോടെ യൂറോപ്പിലെ പകുതി പേരെയും കോവിഡ് ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഒമിക്രോണിനെ സൗമ്യമായിക്കണ്ട് തള്ളിക്കളയരുതെന്ന് മുന്നറിയിപ്പുമായി വീണ്ടും ലോകാരോഗ്യ സംഘടന. കോവിഡ് പകര്‍ച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍ എന്നിവിടങ്ങളില്‍ കോവിഡ് റെക്കോര്‍ഡുകളിട്ടതോടെയാണ് പാന്‍ഡെമിക് അവസാനിച്ചിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തലുമായി ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രംഗത്തുവന്നത്. മാര്‍ച്ച് മാസത്തോടെ യൂറോപ്യന്മാരില്‍ പകുതി പേരെയും കോവിഡ് ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന പ്രവചിച്ചു. കഴിഞ്ഞയാഴ്ച യൂറോപ്പില്‍ അഞ്ച് മില്യണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

യൂറോപ്പില്‍ കോവിഡ് ഭയാനകമായ നിലയിലാണെന്ന് ടെഡ്രോസ് വ്യക്തമാക്കി. നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഈ വേരിയന്റ് ലാറ്റിനമേരിക്കയില്‍ നിന്ന് കിഴക്കന്‍ ഏഷ്യയിലേക്ക് ഒഴുകുകയാണ്. ഒമിക്രോണിന് ശരാശരി തീവ്രത കുറവാണ്.പക്ഷേ ഇതൊരു നേരിയ രോഗമാണെന്ന വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാകുമെന്നും ഇദ്ദേഹം പറഞ്ഞു.

അതിനിടെ, 2020നെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ വരവ് കഴിഞ്ഞ വര്‍ഷം 19% വര്‍ധനയുണ്ടായെങ്കിലും, 2024 വരെ വിദേശികളുടെ വരവ് പാന്‍ഡെമിക്കിന് മുമ്പത്തെ നിലയിലേക്ക് മടങ്ങില്ലെന്ന് ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയത് ടൂറിസത്തെ വീണ്ടെടുക്കാനുള്ള യൂറോപ്പിന്റെ പ്രതീക്ഷകളെ മങ്ങലേല്‍പ്പിക്കുന്നതാണ്.

ജര്‍മ്മനിയും ഫ്രാന്‍സും പുതിയ റെക്കോഡില്‍

ജര്‍മ്മനിയില്‍ 1,12,323 കേസുകളും 239 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 70%വും ഒമിക്രോണ്‍ വേരിയന്റാണ്. ജനസംഖ്യയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബന്ധിതമാക്കാനൊരുങ്ങുകയാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്.

ഫ്രാന്‍സ് അടുത്തിടെ പ്രതിദിനം ശരാശരി 3,00,000 കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,64,769 പുതിയ കേസുകളോടെ റെക്കോഡിട്ടിരിക്കുകയാണ് ഫ്രാന്‍സ്. 2020 ജനുവരി 11 മുതല്‍ 5.5 മില്യണിലധികം പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.

ബ്രസീല്‍ കോവിഡ് കെണിയില്‍

ബ്രസീലില്‍ ഇന്നലെ 1,37,000 -ത്തിലധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവിടെ മരണസംഖ്യ പ്രതിദിനം 4,000 -മാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന് ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീലിലാണ്.

പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ പരാജയപ്പെട്ടെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍ക്കുമെന്ന പ്രചാരണത്തിനും ഇതോടെ ആക്കംകൂടി.

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജപ്പാന്‍ വൈറസ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരുന്നു. ക്വാറന്റൈന്‍, വര്‍ക്ക് ഫ്രം ഹോം നിയമങ്ങള്‍ മാര്‍ച്ച് അവസാനം വരെ തുടരാന്‍ താല്‍ക്കാലികമായി പദ്ധതിയുണ്ടെന്നും പൊതുജീവിതത്തിലെ മറ്റ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്നും സ്വിസ് സര്‍ക്കാര്‍ അറിയിച്ചു.

Comments are closed.