head2
head 3
head1

പുതിയ കോവിഡ് ബാധിതരില്‍ പകുതിയിലധികവും യൂറോപ്പിലെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് സുനാമിയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്

ജനീവ : ലോകമെമ്പാടുമുള്ള കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 11% വര്‍ദ്ധിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍.

പുതിയ കേസുകളില്‍ പകുതിയിലധികവും യൂറോപ്പിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിലാകെ കോവിഡ് ബാധയില്‍ മൂന്നു ശതമാനം വര്‍ധനവാണുണ്ടായത്.

അമേരിക്കയില്‍ പുതിയ കേസുകളില്‍ 39%വും ആഫ്രിക്കയില്‍ ഏഴ് ശതമാനവും വര്‍ദ്ധനവുണ്ടായി. ഡിസംബ ര്‍26 വരെ ഏകദേശം 4.99 മില്യണ്‍ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് സുനാമിയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

നല്ലൊരു ശതമാനം രാജ്യങ്ങളും വാക്സിനേഷനില്‍ പിന്നോക്കം നില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് സുനാമിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന.

ഒമിക്രോണ്‍ മാരകമല്ലെന്ന് ഇനിയും ഉറപ്പുനല്‍കാനാവില്ല. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ യുഎസിലും യൂറോപ്പിന്റെ ഭാഗങ്ങളിലും ഇതിനകം തന്നെ പ്രബലമായിക്കഴിഞ്ഞു.

നിലവില്‍ പ്രബലനായി തുടരുന്ന ഡെല്‍റ്റയും വ്യാപകമായി പടരുന്ന ഒമിക്രോണും ചേര്‍ന്ന് കോവിഡ് സുനാമിയിലേക്ക് നയിക്കുമെന്ന് ഭയപ്പെടുന്നതായി ഇദ്ദേഹം വെളിപ്പെടുത്തി.

ഇതിനകം തന്നെ ക്ഷീണിതരായ ആരോഗ്യ പ്രവര്‍ത്തകരിലും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ആരോഗ്യ സംവിധാനങ്ങളിലും ഇത് വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ പ്രതിവാര എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഒമിക്രോണുമായി ബന്ധപ്പെട്ട അപകടസാധ്യത വളരെ ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ അസമത്വത്തിന് നല്‍കേണ്ടത് ജീവന്റെ വില

ആരോഗ്യ അസമത്വം അവസാനിപ്പിക്കുന്നതാണ് പകര്‍ച്ചവ്യാധിയുടെ അന്ത്യത്തിലേയ്ക്കുള്ള താക്കോലെന്ന് ഡയറക്ടര്‍ ജനറല്‍ ആവര്‍ത്തിച്ചു.

ലോകാരോഗ്യ സംഘടനയിലെ 194ല്‍ 92 അംഗരാജ്യങ്ങളും ഈ ലക്ഷ്യം നേടുന്നതില്‍ വിജയിച്ചില്ല. ജനസംഖ്യയുടെ 40 ശതമാനത്തിനും വാക്സിനേഷനെന്ന എന്ന ലക്ഷ്യം നഷ്ടമായത് ധാര്‍മ്മികമായ നാണക്കേട് മാത്രമല്ല, അതിന് നല്‍കേണ്ടി വരുന്നത് ജീവന്റെ വിലയാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യത്തിന് വാക്സിനുകളും സിറിഞ്ച് പോലെയുള്ള ഉപകരണങ്ങളുമെത്താത്തതാണ് ലക്ഷ്യം നേടുന്നതിന് തടസ്സമായത്. എന്നിരുന്നാലും ഈ വര്‍ഷം പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസവും ഡയറക്ടര്‍ ജനറല്‍ പങ്കുവെച്ചു.

ജൂലൈ ആരംഭത്തോടെ രാജ്യങ്ങളിലെ ജനസംഖ്യയുടെ 70% പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് പുതുവര്‍ഷ പ്രമേയം രൂപീകരിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ഥിച്ചു.

ഒമിക്രോണ്‍ ബാധിതരിലേറെയും യുവാക്കള്‍

ഒമിക്രോണ്‍ അണുബാധകള്‍ കൂടുതലായി യുവാക്കള്‍ക്കിടയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്കല്‍ റയാന്‍ പറഞ്ഞു. രണ്ട് വേരിയന്റുകളുടെയും വ്യാപനം പരമാവധി നിയന്ത്രിക്കേണ്ടത് വരും ആഴ്ചകളില്‍ വളരെ പ്രധാനമാണെന്ന് റയാന്‍ പറഞ്ഞു.

വിശാലമായ ജനസംഖ്യയിലേയ്ക്ക് ഇനിയും ഒമിക്രോണ്‍ എത്തപ്പെട്ടിട്ടില്ല. പ്രായമായവര്‍ക്കും കൂടുതല്‍ ദുര്‍ബലരുമായവര്‍ക്കും വാക്സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുമെന്ന് തെളിയുന്നതുവരെ പോസിറ്റീവ് പ്രവചനങ്ങള്‍ നടത്താനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു.

Comments are closed.