head1
head2
head 3

കോവിഡ് പാന്‍ഡെമിക്ക് യൂറോപ്പില്‍ ‘എന്‍ഡ് ഗേമിലേക്ക്’ നീങ്ങുന്നതായി ലോകാരോഗ്യ സംഘടന

ബ്രസല്‍സ് : മാര്‍ച്ച് മാസത്തിനുള്ളില്‍ യൂറോപ്പിലെ 60% ആളുകള്‍ക്കും ഒമിക്രോണ്‍ വേരിയന്റ് മൂലം കോവിഡ് ബാധിച്ചേക്കാമെന്ന് ആവര്‍ത്തിച്ച് ലോകാരോഗ്യ സംഘടന. എന്നിരുന്നാലും, അതോടെ കോവിഡ് പാന്‍ഡെമിക്ക് അതിന്റെ ‘എന്‍ഡ് ഗേമിലേക്ക്’ നീങ്ങിയേക്കുമെന്നും സംഘടന പറയുന്നു.

യൂറോപ്പായിരിക്കും കോവിഡ് പാന്‍ഡെമിക്കിന്റെ അന്ത്യഘട്ടത്തിന് വേദിയാവുകയെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പറഞ്ഞു. ഒരുപക്ഷേ യൂറോപ്പില്‍ നടക്കുന്നത് ഒമിക്രോണ്‍ കോവിഡിന്റെ ‘അവസാന കളി’യായിരിക്കാം.

ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തോടെ കോവിഡ് പകര്‍ച്ചവ്യാധി പുതിയ ഘട്ടത്തിലെത്തിയിരിക്കുകയാണ്. യൂറോപ്പിലാകെയുള്ള ഒമിക്രോണ്‍ വ്യാപനം ആഴ്ചകളോ മാസങ്ങളോ നീളുന്ന ആഗോള പ്രതിരോധശേഷി ആളുകളിലുണ്ടാക്കും. വാക്‌സിനേഷനോ അണുബാധയോ ആയിരിക്കാം ഈ പ്രതിരോധശേഷിയ്ക്ക് കാരണമാവുക. വര്‍ഷാവസാനത്തോടെ കോവിഡില്ലാത്ത ശാന്തമായ കാലഘട്ടം ഉണ്ടായേക്കാമെന്നും ക്ലൂഗെ പറഞ്ഞു.

വാക്സിനെടുത്ത ആളുകളില്‍ കോവിഡ് അണുബാധ കുറവാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഒമിക്രോണ്‍ വേരിയന്റ്, കോവിഡ്-19നെ സീസണല്‍ ഫ്ളൂപോലെ എന്‍ഡെമിക് ഇന്‍നെസ് ആയി പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുമെന്നാണ് കരുതുന്നതെന്ന് ക്ലൂഗെ വ്യക്തമാക്കി. എന്നിരുന്നാലും പലപ്പോഴും നമ്മെ പലതവണ അത്ഭുതപ്പെടുത്തിയിട്ടുള്ളതാണ് കോവിഡ്. അതിനാല്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. എന്‍ഡെമിക് മാര്‍ഗങ്ങളെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ക്ലൂഗെ പറഞ്ഞു.

മധ്യേഷ്യയിലെ നിരവധി രാജ്യങ്ങളടക്കം 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയില്‍, ജനുവരി 18 വരെയുള്ള പുതിയ കേസുകളില്‍ 15%വും ഒമിക്രോണാണ്. ഒരാഴ്ച മുമ്പ് ഇത് 6.3% ആയിരുന്നുവെന്ന് ആരോഗ്യ സംഘടന അറിയിച്ചു.

അതിനിടെ കോവിഡ് അതിശക്തമായി പടരുമ്പോഴും നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നതിനെതിരെയും വിവിധ രാജ്യങ്ങളില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുണ്ട്.

Comments are closed.