head1
head2
head 3

യൂറോപ്പില്‍ വാട്സാപ്പ് കൂടുതല്‍ സുരക്ഷിതമാക്കി, വീണ്ടും പ്രൈവസി അപ്ഡേഷന്‍

ഡബ്ലിന്‍ : അയര്‍ലണ്ടുള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ വാട്സാപ്പ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ (ഡിപിസി) ഇടപെടലിനെ തുടര്‍ന്നാണ് പ്രൈവസി നയത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയത്.

കഴിഞ്ഞ വര്‍ഷം, ഡാറ്റ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി ഡിപിസി കണ്ടെത്തിയതിനെ തുടര്‍ന്ന് വാട്ട്‌സാപ്പിന് 225 മില്യണ്‍ യൂറോ റെക്കോഡ് പിഴ ചുമത്തിയിരുന്നു. ഇതിന്റെ ഭാഗമായി, വാട്ട്‌സാപ്പിന്റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി നടപടികള്‍ സ്വീകരിക്കണമെന്ന് ഡിപിസി ഉത്തരവിട്ടിരുന്നു.

ഇതനുസരിച്ച് നവംബറില്‍ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നുള്ള അധിക മാറ്റങ്ങളാണ് ഇന്നലെ പ്രഖ്യാപിച്ചത്. കമ്മീഷന്റെ വിധിക്കെതിരെ കമ്പനി ഹൈക്കോടതിയിലും യൂറോപ്യന്‍ കോടതിയിലും അപ്പീല്‍ നല്‍കിയിട്ടുണ്ട്.

2021 നവംബറില്‍ പ്രഖ്യാപിച്ച പ്രൈവസി നയത്തില്‍ കുറച്ച് എഡിറ്റുകളും വ്യക്തതകളും വരുത്തിയിട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു. ചില ഹെഡ്ഡിംഗുകളും അഡ്ജസ്റ്റഡ് ട്രാന്‍സ്ലേഷനുകളും വ്യക്തമാക്കുകയും ഡിലീഷന്‍ ,റിടെന്‍ഷന്‍ രീതികളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കുകയും ചെയ്തു.

എല്ലാ വ്യക്തിഗത കോളുകളും സന്ദേശങ്ങളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് പരിരക്ഷിച്ചിട്ടുണ്ട്. വാട്ട്‌സാപ്പിന് പോലും അവ വായിക്കാനോ കേള്‍ക്കാനോ കഴിയില്ലെന്ന് വക്താവ് വിശദീകരിച്ചു. മെറ്റ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡാറ്റ പ്രോസസ്സ് ചെയ്യുന്നതും ഉപയോഗിക്കുന്നതും പങ്കിടുന്നതും ഉള്‍പ്പെടെയുള്ളവയില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. പുതിയ അപ്‌ഡേറ്റുകള്‍ നിലവിലെ കരാറിനുള്ളില്‍ നിന്നു കൊണ്ടുള്ളതാണ്. അതിനാല്‍ വാട്ട്‌സാപ്പ് ഉപയോഗം സ്വാഭാവികമായി തുടരാനാകും. ഉപയോക്താക്കളുടെ സമ്മതമോ മറ്റു നടപടികളോ ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.