head 3
head1
head2

പുത്തന്‍ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്: ഗ്രൂപ്പില്‍ 512 പേരെ വരെ ചേര്‍ക്കാം, ഒരു സിനിമ പൂര്‍ണമായി അയക്കാം

പുത്തന്‍ അപ്‌ഡേറ്റുകളുമായി ജനപ്രിയ മെസേജിങ് ആപ്ലിക്കേഷന്‍ വാട്‌സാപ്പ്. ഉപയോക്താക്കള്‍ ഏറെ കാലമായി കാത്തിരുന്നതും വളരെ ഉപകാരപ്രദവുമായ മാറ്റങ്ങളാണ് വാട്സാപ് കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതല്‍ വാട്സാപിലൂടെ 2 ജിബി വരെയുള്ള ഫയലുകള്‍ അയയ്ക്കുവാന്‍ സാധിക്കും. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. മെസേജുകള്‍ക്ക് ഇമോജി ഉപയോഗിച്ചുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ് പ്രാബല്യത്തില്‍ വരുന്നത്.

നിലവില്‍ 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമാണ് വാട്‌സാപ്പിലൂടെ അയയ്ക്കാന്‍ സാധിക്കുക. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ വേണമെങ്കില്‍ ഒരു സിനിമ മുഴുവന്‍ വാട്‌സാപ്പിലൂടെ അയയ്ക്കാം! ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ എന്നത് 512 ആയി വര്‍ധിക്കും. ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സാഹചര്യം ഇതോടെ ഏറെക്കുറെ പരിഹരിക്കപ്പെടും.

ഗ്രൂപ്പിലെ അംഗങ്ങള്‍ അനാവശ്യമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ അഡ്മിന് തന്നെ ഇനി മുതല്‍ ഡിലീറ്റ് ചെയ്യാം. അനാവശ്യ മെസേജുകള്‍ അയച്ച് ഗ്രൂപ്പുകള്‍ അലങ്കോലമാകുന്ന സാഹചര്യത്തിനും പരിഹാരമായി. മെസേജില്‍ അമര്‍ത്തിപ്പിടിച്ച് അഡ്മിന് നേരിട്ട് ഡിലീറ്റ് ചെയ്യാം. ഓരോ സന്ദേശത്തിനും ഇമോജികള്‍ വഴി, സന്ദേശത്തിനുള്ളില്‍ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്ഷന്‍സ്’ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറാണ്.

വോയ്‌സ് കോളില്‍ ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ 8 പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം.

വാട്‌സാപ് അപ്‌ഡേറ്റ് ചെയ്തിട്ടും ഈ സൗകര്യങ്ങളൊന്നും കിട്ടിയില്ലെങ്കില്‍ ആശങ്കപ്പെടാനില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ പുതിയ സംവിധാനങ്ങളെല്ലാം തന്നെ എല്ലാ ഉപഭോക്തക്കളിലേക്കും എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Comments are closed.