head1
head 3
head2

രണ്ടാം വരവില്‍ ഇമ്മാനുവല്‍ മാക്രോണ്‍ മുന്‍ഗണന നല്‍കുന്ന മേഖലകള്‍ ഏതൊക്കെ?

പാരിസ്: 2017 ല്‍ ആദ്യമായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തത് മുതല്‍ യൂറോപ്യന്‍ യൂണിയന് അകമഴിഞ്ഞ് പിന്തുണ നല്‍കി വന്ന വ്യക്തിയാണ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപ്യന്‍ യൂണിയനിലുള്ള വിശ്വാസം എക്കാലവും അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക എന്ന തന്റെ ലക്ഷ്യം പിന്തുടരാന്‍ അദ്ദേഹത്തിന് ഇനിയും അഞ്ച് വര്‍ഷം കൂടി ലഭിക്കുകയാണ്.

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് ഇനിയും രണ്ട് മാസത്തോളം ഫ്രാന്‍സിന് കാലാവധി ബാക്കിയുണ്ട് എന്നതിനാല്‍ ഇ.യു രാജ്യങ്ങളെ ഒരുമിച്ച് ചേര്‍ത്ത് തന്റെ രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോവാന്‍ ഇമ്മാനുവല്‍ മക്രോണിന് കഴിയും. ഈ സാഹചര്യത്തില്‍ ഏതൊക്കെ മേഖലകള്‍ക്കാണ് മക്രോണ്‍ മുന്‍ഗണന നല്‍കുന്നത് എന്ന് പരിശോധിക്കാം.

പ്രതിരോധം

യുറോപ്പിന്റെ പ്രതിരോധമേഖലയില്‍ നിര്‍ണ്ണായകമാവാന്‍ സാധ്യതയുള്ള European strategic autonomy എന്ന ആശയം അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മാക്രോണ്‍. യൂറോപ്യന്‍ പ്രതിരോധം, ഉക്രൈന്‍ യുദ്ധം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി മെയ് 30,31 തീയ്യതികളില്‍ ഇ.യു നേതാക്കള്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ ഈ ആശയം മാക്രോണ്‍ മുന്നോട്ട് വയ്ക്കും.
പ്രതിരോധ സംബന്ധമായ തീരുമാനങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ തന്നെ എടുക്കാനുള്ള സാഹചര്യം ഈ ആശയത്തിലൂടെ ഒരുങ്ങും. അംഗരാജ്യങ്ങളുടെ വ്യാവസായിക-വിന്യാസ ശേഷി വികസനം ഇതുവഴി സാധ്യമാവുമെന്നാണ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതീക്ഷ.

ഊര്‍ജ്ജം

യൂറോപ്പ് നേരിടുന്ന നിലവിലെ ഏറ്റവും വലിയ പ്രശ്‌നമായ ഊര്‍ജ്ജ പ്രതിസന്ധിയാണ് മാക്രോണ്‍ മുന്‍ഗണന നല്‍കുന്ന മറ്റൊരു വിഷയം. യുദ്ധസാഹചര്യത്തില്‍ റഷ്യയില്‍ നിന്നുമുള്ള വാതക ഇറക്കുമതി കുറയ്ക്കുന്നതിനായി , യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ഡീകാര്‍ബണൈസേഷന്‍ പ്രക്രിയ വേഗത്തിലാക്കണമെന്ന നിലപാടാണ് ഫ്രാന്‍സിനുള്ളത്. ക്ലീന്‍ എനര്‍ജി വിന്യാസം വേഗത്തിലാക്കാനും, ആണവോര്‍ജ്ജത്തിലുള്ള നിക്ഷേപങ്ങള്‍ തുടരുന്നു എന്ന് ഉറപ്പാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. വൈദ്യതി വില നിര്‍ണ്ണയത്തിലെ മാനദണ്ഢങ്ങള്‍ പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ക്കും മക്രോണ്‍ മുതിരും എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

കാലാവസ്ഥ

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ മറികടക്കുക എന്നതാണ് ഇ.യു അദ്ധ്യക്ഷ രാജ്യം എന്ന രീതിയില്‍ ഫ്രാന്‍സിന്റെ മുഖ്യ പരിഗണന. ഇതിനായി ഇ.യു അതിര്‍ത്തികളില്‍ കാര്‍ബണ്‍ ടാക്‌സ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ആശയത്തിന് പൂര്‍ണ്ണപിന്തുണയാണ് മാക്രോണ്‍ നല്‍കുന്നത്. കാര്‍ബണ്‍ ആഘാതം കുറയ്ക്കുന്നതിനായുള്ള ഇത്തരത്തിലുള്ള ഒരു ക്രമീകരണ സംവിധാനം സംബന്ധിച്ച് മാര്‍ച്ച് മാസത്തില്‍ ഇ.യു രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ ധാരണയിലെത്തിയിരുന്നു. യൂറോപ്യന്‍ കമ്മീഷനിലും, പാര്‍ലിമെന്റിലുമാണ് ഇനി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടത്.

കുടിയേറ്റം

യൂറോപ്പിലെ ഷെങ്കന്‍ ഏരിയയുടെ പരിഷ്‌കാരമാണ് ഇമ്മാനുവല്‍ മാക്രോണിന്റെ പരിഗണനയിലുള്ള മറ്റൊരു പ്രധാന വിഷയം. യൂറോപ്പിന്റെ ബാഹ്യ അതിര്‍ത്തികളെയടക്കം ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഒരു പരിഷ്‌കാരമാണ് മാക്രോണ്‍ ലക്ഷ്യമിടുന്നത്. സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു ഷെങ്കന്‍ സ്റ്റീയറിങ് കമ്മിറ്റി രൂപീകരിക്കുന്നതും മാക്രോണിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. പ്രതിസന്ധി സാഹചര്യങ്ങളില്‍ കൃത്യമായ സഹായം നല്‍കുന്നതിനായുള്ള ഒരു emergency support സംവിധാനവും മാക്രോണിന്റെ പരിഗണനയിലുണ്ട്.

ഡിജിറ്റല്‍

യൂറോപ്യന്‍ യൂണിയനെ digital autonomy യിലേക്ക് കൊണ്ടുവരാനുള്ള മാക്രോണിന്റെ ശ്രമങ്ങള്‍ ഇത്തവണയും അദ്ദേഹം തുടരും. തന്ത്രപരമായ ഡൊമെയ്നുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഒരു European cloud സംവിധാനവും കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

Comments are closed.