head1
head 3
head2

ഇറ്റലിയില്‍ വെസ്റ്റ് നൈല്‍ കേസുകളില്‍ വര്‍ദ്ധനവ്; ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് അമ്പതിലധികം കേസുകള്‍

റോം: ഇറ്റലിയില്‍ വെസ്റ്റ്‌നൈല്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം അമ്പതിലധികം പേരിലാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 144 ആയി ഉയര്‍ന്നു. പത്ത് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞയാഴ്ച മൂന്ന് മരണങ്ങള്‍ കൂടെ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ പത്തായി ഉയര്‍ന്നത്.

വെസ്റ്റ് നൈല്‍ വൈറസ് മുന്‍പും ഇറ്റലിയില്‍ പടര്‍ന്നിരുന്നെങ്കിലും ഈ സമ്മറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വടക്കന്‍ ഇറ്റാലിയന്‍ റീജിയണുകളായ Veneto, Piedmont, Lombardy, Emilia-Romagna എന്നിവിടങ്ങളിലാണ് മുഴുവന്‍ കേസുകളും.

യൂറോപ്പിലെ തന്നെ ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ഇറ്റലിയിലാണ്. ആഗസ്ത് 3 ന് ECDC പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യൂറോപ്പിലാകെ 120 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇതില്‍ 94 കേസുകളും ഇറ്റലിയിലായിരുന്നു. ഗ്രീസ്-23, റൊമാനിയ-2, സ്ലൊവാക്യ-1 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെസ്റ്റ് നൈല്‍ കേസുകള്‍.

പക്ഷികളാണ് വെസ്റ്റ് നൈല്‍ വൈറസിന്റെ പ്രധാന വാഹകര്‍. എന്നാല്‍ കൊതുകില്‍ നിന്നുമാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ലെന്നും, രോഗബാധിതരില്‍ ഭൂരിഭാഗം പേരിലും ലക്ഷണങ്ങള്‍ പ്രകടമാവില്ല എന്നും ഹയര്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

ആരോഗ്യവാന്‍മാരായ മനുഷ്യരില്‍ ചെറിയ തലവേദന, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമായേക്കും. എന്നാല്‍ പ്രായമായവരിലും, പ്രതിരോധ ശേഷി കുറഞ്ഞവരിലും ഗുരുതല ലക്ഷണങ്ങള്‍ പ്രകടമാവും.

നിലവില്‍ വെസ്റ്റ് നൈല്‍ വൈറസിനെ പ്രതിരോധിക്കുന്നതിനായി വാക്‌സിന്‍ കണ്ടെത്തിയിട്ടില്ലെന്നും, ഇതുസംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയാണെന്നും ISS അറിയിച്ചു. കൊതുകില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments are closed.