head1
head2
head 3

സ്വയം പടരുന്ന വൈറസുകളെ സൃഷ്ടിക്കുന്ന ഗവേഷണവുമായി യുഎസിലെയും യൂറോപ്യന്‍ യൂണിയനിലെയും ശാസ്ത്രജ്ഞര്‍

ലണ്ടന്‍ : വൈറല്‍ വാക്സിനുകള്‍ വികസിപ്പിക്കുമെന്ന പ്രതീക്ഷയില്‍ സ്വയം പടരുന്ന വൈറസുകളെ സൃഷ്ടിക്കുന്ന ഗവേഷണവുമായി യുഎസിലെയും യൂറോപ്യന്‍ യൂണിയനിലെയും ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതുപോലെ അപകടകരമാണെന്ന മുന്നറിയിപ്പുമായി ഗവേഷകരും രംഗത്തുവന്നിട്ടുണ്ട്.

സ്വയം പടരുന്ന വൈറസുകള്‍ എന്ന ആശയം വര്‍ഷങ്ങളായി നിലവിലുള്ളതാണ്. ഓസ്‌ട്രേലിയയിലും സ്‌പെയിനിലും പ്രാണികളിലും വന്യജീവികളിലും അവ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ വളരെ ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ഇതിനെ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് ഗവേഷകര്‍. ഹോസ്റ്റുകള്‍ക്കിടയില്‍ എളുപ്പത്തില്‍ പടരുന്ന വൈറസുകളെയാണ് ശാസ്ത്രജ്ഞര്‍ ലാബുകളില്‍ വികസിപ്പിച്ചെടുക്കുന്നത്.

ഇയു, യുഎസ് ശാസ്ത്രജ്ഞര്‍ പരീക്ഷണം തുടരുന്നു

2016ല്‍, യൂറോപ്യന്‍ യൂണിയന്‍, യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, യുഎസ് ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്സ് ഏജന്‍സി എന്നിവ വന്യജീവി പ്രതിരോധത്തിനായി സ്വയം പടരുന്ന വൈറസുകള്‍ ഉപയോഗിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയത്.

വിളകളെ സംരക്ഷിക്കാന്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതു പോലെ വൈറസുകളെ ഉപയോഗിക്കാമെന്നും ഒരാളില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രതിരോധശേഷിയുണ്ടാക്കാന്‍ വാക്സിനെന്ന പോലെ ഉപയോഗിക്കാമെന്നുമാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

സ്വയം പടരുന്ന വൈറസുകളെ സൃഷ്ടിക്കുന്നത് വന്‍ നാശമുണ്ടാക്കുമെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര അക്കാദമിക് പ്രബന്ധമാണ് മുന്നറിയിപ്പ് നല്‍കുന്നത്. തിരിച്ചെടുക്കാനാവാത്ത പ്രത്യാഘാതങ്ങളാകും ഈ വൈറസുകളുണ്ടാക്കുകയെന്ന് പ്രബന്ധം പറയുന്നു.

ഈ പോക്ക് സര്‍വ്വ നാശത്തിലേയ്ക്കെന്ന് ഗവേഷകര്‍

സ്വയം പടരുന്ന വൈറസുകള്‍ വളരെ അസ്ഥിരതയുള്ളതും സുരക്ഷിതത്വമില്ലാത്തതുമാണെന്ന ദീര്‍ഘകാല വീക്ഷണത്തെ ഈ ശാസ്ത്രജ്ഞര്‍ അവഗണിക്കുകയാണെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ഡോ. ഫിലിപ്പ ലെന്‍സോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധര്‍ പറയുന്നു.

‘വവ്വാല്‍ ഗുഹകളിലെ വൈറസ് വേട്ട’ പോലെ അപകടകരമായ വൈറോളജി’ യുടെ ഉദാഹരണമാണ് ഈ ഗവേഷണമെന്ന് ഡോ ലെന്‍സോസ് പറഞ്ഞു.

ഇത്തരം ഗവേഷണത്തിന്റെ അപകടസാധ്യതകളെയും നേട്ടങ്ങളെയും കുറിച്ച് കൂടുതല്‍ തുറന്ന ചര്‍ച്ചകളുണ്ടാകണമെന്ന് പ്രബന്ധകര്‍ത്താക്കള്‍ ആവശ്യപ്പെടുന്നു.

Comments are closed.