head 3
head2
head1

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടയിലും വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല… യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ദുരന്തമാകുമെന്ന് റഷ്യയെ ഓര്‍മ്മിപ്പിച്ച് സെലന്‍സ്‌കി

കീവ് : ഉക്രൈയ്നില്‍ യുദ്ധം തുടരുന്നതിടെ മോസ്‌കോയുമായി സമഗ്രമായ സമാധാന ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയുടെ ആഹ്വാനം. യുദ്ധം റഷ്യയ്ക്ക് കനത്ത നാശമുണ്ടാക്കുമെന്നും അതില്‍ നിന്ന് കരകയറാന്‍ നിരവധി തലമുറകള്‍ കാത്തിരിക്കേണ്ടിവരുമെന്നും സെലെന്‍സ്‌കി പറഞ്ഞു.

ഒത്തുതീര്‍പ്പിന് വിസമ്മതിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് സെലെന്‍സ്‌കി പറഞ്ഞു. ഇത് ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ട സമയമാണെന്ന് ഇദ്ദേഹം മോസ്‌കോയെ വീഡിയോ സംഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. ഉക്രൈയ്നിന്റെ പ്രാദേശിക സമഗ്രതയും നീതിയും പുനസ്ഥാപിക്കേണ്ട സമയവും അതിക്രമിച്ചു. ഇനിയും വൈകിയാല്‍ യുദ്ധം റഷ്യയ്ക്കുണ്ടാക്കുന്ന നഷ്ടം ഒരിക്കലും നികത്താനാവുന്നതായിരിക്കില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

ഇങ്ങനെ പറഞ്ഞാല്‍ സ്നേഹം കൂടുകയേയുള്ളുവെന്ന് റഷ്യ

അതിനിടെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗിന് നല്‍കിയ മുന്നറിയിപ്പില്‍ റഷ്യ അതൃപ്തി അറിയിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ മോസ്‌കോയും ബീജിംഗും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയേയുള്ളുവെന്ന് ലാവ്‌റോവ് വ്യക്തമാക്കി. റഷ്യയെ സഹായിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു അമേരിക്കന്‍ താക്കീത്. സംഘര്‍ഷം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈന പറഞ്ഞു, ബീജിംഗ് മോസ്‌കോയ്ക്ക് സൈനിക സഹായം നല്‍കുന്നില്ലെന്നും രാജ്യം വ്യക്തമാക്കി.

റഷ്യയെ പുറത്താക്കി ബാള്‍ട്ടിക് രാജ്യങ്ങള്‍

ബള്‍ഗേറിയയ്ക്ക് പിന്നാലെ ബാള്‍ട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ 10 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ മോസ്‌കോ നയതന്ത്രപരമായി തീര്‍ത്തും ഒറ്റപ്പെട്ടു.

ഉക്രൈയ്നിലെ ദുരന്തം ലോകമെമ്പാടും വിപുലമായ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും മറ്റും മുന്നറിയിപ്പ് നല്‍കി. ഉക്രൈയ്ന്‍ ലോകത്തിന്റെ ബ്രെഡ്ബാസ്‌കറ്റാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. മന്ദഗതിയിലുള്ള വളര്‍ച്ച, വ്യാപാര തടസ്സങ്ങള്‍, പണപ്പെരുപ്പം എന്നിവയിലൂടെ ആഗോള സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാകും.

കുതിച്ചുയരുന്ന വിലയുടെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജ സ്ഥാപനങ്ങളുണ്ടാക്കുന്ന അധിക ലാഭത്തിന് നികുതി ചുമത്തുമെന്ന് ഇറ്റലി പ്രഖ്യാപിച്ചു. 2025ല്‍ ആണവോര്‍ജ്ജം നിര്‍ത്തലാക്കാനുള്ള പദ്ധതി ബെല്‍ജിയം ഒരു ദശാബ്ദത്തോളം വൈകിപ്പിച്ചിട്ടുമുണ്ട്.

യുദ്ധ വിജയം ആഘോഷമാക്കി പുടിനും ടീമും

മോസ്‌കോ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ റഷ്യ വിജയ റാലി നടത്തി. റഷ്യന്‍ പതാകകളുമേന്തി പോപ്പ് താരങ്ങളും മറ്റും ‘റഷ്യ! റഷ്യ! റഷ്യ!’ എന്നു തുടങ്ങുന്ന ഗാനങ്ങളാലപിച്ച് യുദ്ധം ആഘോഷമാക്കി. ക്രിമിയ റഷ്യ പിടിച്ചടക്കിയതിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മോസ്‌കോയില്‍ പുടിന്‍ പ്രസംഗവും നടത്തി. പതിനായിരക്കണക്കിനാളുകളാണ് ഇതില്‍ പങ്കെടുത്തത്. ഉക്രൈയ്നെ ആക്രമിക്കുന്ന റഷ്യയെ അനുകൂലിച്ച് ‘ദ’ എന്ന അക്ഷരം ആലേഖനം ചെയ്ത റിബണ്‍ ഇവര്‍ ധരിച്ചിരുന്നു. കഷ്ടപ്പാടുകളില്‍ നിന്നും വംശഹത്യയില്‍ നിന്നും ആളുകളെ മോചിപ്പിക്കാനാണ് റഷ്യന്‍ സൈന്യം ഉക്രെയ്നിലെത്തിയതെന്ന് പുടിന്‍ പറഞ്ഞു.

വെടിയൊച്ചകള്‍ നിലയ്ക്കുന്നില്ല

ഫെബ്രുവരി 24 -നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആക്രമണം ആരംഭിച്ചത്. എന്നാല്‍ കീഴടക്കല്‍ റഷ്യന്‍ സേനയ്ക്ക് ഉദ്ദേശിച്ചതു പോലെ എളുപ്പമായിരുന്നില്ല. സൈന്യത്തിന് വലിയ നഷ്ടം നേരിടേണ്ടിവന്നു.
എന്നിട്ടും, റഷ്യ വന്‍ ആക്രമണം തുടരുകയാണ്. പ്രധാന യുദ്ധക്കളങ്ങളില്‍ നിന്നും അകലെയുള്ള പടിഞ്ഞാറന്‍ ഉക്രൈയ്നില്‍ പോലും അടുത്ത ദിവസങ്ങളില്‍ മിസൈല്‍ ആക്രമണവും ശക്തമാക്കി.

റഷ്യയുടെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പടിഞ്ഞാറന്‍ ഇവാനോ-ഫ്രാങ്കിവ്സ്‌ക് മേഖലയിലെ ഭൂഗര്‍ഭ ഡിപ്പോ തകര്‍ത്തു. മിസൈലുകളും വിമാന വെടിക്കോപ്പുകളും വന്‍തോതില്‍ നശിപ്പിച്ചതായും റഷ്യ അവകാശപ്പെട്ടു. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ ഉക്രൈയ്നില്‍ ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും ഇന്റര്‍ഫാക്സ് ഏജന്‍സി പറഞ്ഞു.

റഷ്യന്‍ സൈന്യം മൈക്കോളൈവില്‍ വന്‍തോതിലുള്ള വ്യോമാക്രമണമാണ് നടത്തിയത്. 40 ഉക്രൈനിയന്‍ സൈനികരെങ്കിലും ഇവിടെ കൊല്ലപ്പെട്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രൈയ്‌നിന്റെ തെക്ക് ഭാഗത്തെ നിരവധി ഗ്രാമങ്ങളില്‍ വന്‍ ആക്രമണമാണ് നടത്തന്നതെന്ന് മൈക്കോളൈവ് മേയര്‍ ഒലെക്‌സാണ്ടര്‍ സെന്‍കെവിച്ച് ഫേസ്ബുക്കില്‍ പറഞ്ഞു. നഗരം കത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞു.

പലായനം ചെയ്തത് 33 ലക്ഷം പേര്‍

3.3 മില്യണിലധികം അഭയാര്‍ത്ഥികള്‍ ഇതിനകം ഉക്രൈയ്നില്‍ നിന്നും പലായനം ചെയ്തു. രണ്ട് രാജ്യത്തിനുള്ളില്‍ മില്യണിലധികം പേരും അഭയാര്‍ഥികളായിട്ടുണ്ട്. 10 മാനുഷിക ഇടനാഴികള്‍ ഉടന്‍ തുറക്കുമെന്ന് ഉക്രൈനിയന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മാരിയുപോളിനെ വളഞ്ഞുവെച്ച് ആക്രമണം

മാരിയുപോളിന്റെ തെക്കന്‍ നഗരങ്ങളായ മൈക്കോളൈവ്, കെര്‍സണ്‍ കിഴക്ക്ഭാഗത്തെ ഇസിയം എന്നിവിടങ്ങളില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. തെക്കന്‍ തുറമുഖമായ മരിയുപോളിനെ കുരുക്കുകയെന്ന തന്ത്രമാണ് റഷ്യന്‍ തുടരുന്നത്. കരിങ്കടലിലേക്കുള്ള പ്രവേശനം നഷ്ടമായതായി ഉക്രൈയ്‌നിന്റെ പ്രതിരോധ വകുപ്പ് സമ്മതിച്ചു. വൈദ്യുതിയും വെള്ളവും, ഹീറ്റ് സപ്ലൈകളുമില്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ രണ്ടാഴ്ചയിലധികമായി ഇവിടെ കഷ്ടപ്പെടുകയാണ്. കനത്ത ഷെല്ലാക്രമണം മാനുഷിക സഹായം പോലും ഇല്ലാതാക്കിയെന്നും പ്രാദേശിക അതോറിറ്റികള്‍ പറഞ്ഞു. അതിനിടെ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന മരിയുപോളിലെ തിയേറ്ററില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

റഷ്യയ്ക്കും സേനാ നാശം

യുദ്ധത്തില്‍ 500 സൈനികര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് 2ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം അപ്‌ഡേറ്റ് നല്‍കിയിട്ടില്ല. ഇപ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരങ്ങളായെന്ന് ഉക്രൈയ്ന്‍ പറയുന്നു. അപ്രതീക്ഷിത പ്രതിരോധമാണ് റഷ്യയ്ക്ക് ഉള്‍നാടുകളില്‍ നിന്നും നേരിടേണ്ടിവന്നത്. ഇത് റഷ്യയുടെ പ്രതീക്ഷയെ തകര്‍ത്തതായി നിരീക്ഷകര്‍ പറയുന്നു. ഇതുവരെ ആയുധം പ്രയോഗിച്ചിട്ടില്ലാത്ത സാധാരണക്കാര്‍ കൂട്ടത്തോടെ രാജ്യത്തിനായി സേനയില്‍ ചേര്‍ന്ന് പ്രതിരോധം തീര്‍ക്കുകയായിരുന്നു. ദിവസവും 80 മുതല്‍ 150 വരെ ആളുകള്‍ക്ക് ഇവിടെ യുദ്ധ പരിശീലനം നല്‍കുന്നുണ്ട്.

ഉക്രൈയ്ന്‍ നിഷ്പക്ഷമായാല്‍ യുദ്ധം തീര്‍ന്നെന്ന് റഷ്യ

ഉക്രൈയ്ന്‍ നിഷ്പക്ഷ നിലപാട് തുടരുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമഗ്രമായ കരാറിലെത്തുന്നതോടെ യുദ്ധം അവസാനിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ഉക്രൈയ്‌നിന്റെ സുരക്ഷ ഉറപ്പുനല്‍കുന്ന രാഷ്ട്രീയ സൂത്രവാക്യം സംബന്ധിച്ച ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് കീവും മോസ്‌കോയും സ്ഥിരീകരിച്ചു.

സ്പാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/BgcwBGkXndt5fu1IlCzdHp

Comments are closed.