head 3
head2
head1

ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നായ മൗണ്ട് എറ്റ്‌നയില്‍ ലാവാപ്രവാഹത്തിനൊപ്പം അപൂര്‍വ പ്രതിഭാസവും

റോം: കിഴക്കന്‍ സിസിലിയുടെ ആകാശത്തെ പ്രക്ഷുബ്ധമാക്കി ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വതങ്ങളിലൊന്നായ മൗണ്ട് എറ്റ്‌നയില്‍ ശക്തമായ അഗ്‌നിപര്‍വത സ്‌ഫോടനവും
ലാവ പ്രവാഹവും.

സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ വരെ അന്തരീക്ഷത്തില്‍ പുക പടര്‍ന്നെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ചാര്‍ജുള്ള കണങ്ങളുടെ കൂട്ടിയിടി മൂലം അഗ്‌നിപര്‍വ്വതത്തിന്റെ പ്ലൂമിനുള്ളില്‍ സ്റ്റാറ്റിക് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ഡിസ്ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്.

അഗ്‌നിപര്‍വത സ്‌ഫോടന സമയത്ത് ഇത്തരത്തില്‍ സ്റ്റാറ്റിക് വൈദ്യുതി ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് അപൂര്‍വമാണ്, സജീവമായ അഗ്‌നിപര്‍വതങ്ങളില്‍ വളരെ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടാവുമ്പോഴോ അല്ലെങ്കില്‍ കടലിനടുത്തുള്ള അഗ്‌നിപര്‍വ്വതങ്ങളിലോ ഉണ്ടാവുന്ന അപൂര്‍വം പ്രതിഭാസമാണിത്, ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജിയോഫിസിക്‌സ് ആന്‍ഡ് വോള്‍ക്കനോളജിയിലെ ഒരു വിദഗ്ധന്‍ വ്യക്തമാക്കി.

മൗണ്ട് എറ്റ്‌ന എന്നാണ് അറിയപ്പെടുന്നതെങ്കിലും സിസിലിയിലെ ജനങ്ങള്‍ ഈ പര്‍വതത്തെ Mongibello എന്നാണ് വിളിക്കുന്നത്. 3,263 മീറ്റര്‍ ഉയരമുള്ള എറ്റ്‌ന യൂറോപ്പിലെ സജീവ അഗ്‌നിപര്‍വതങ്ങളില്‍ ഏറ്റവും പൊക്കം കൂടിയതാണ്.

‘ഞാന്‍ എരിയുന്നു’ എന്ന് അര്‍ത്ഥമുള്ള എയ്റ്റ്‌നേ (Aitne) എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ് എറ്റ്‌ന എന്ന പേര് ഉണ്ടായത് . ഈ അഗ്‌നിപര്‍വതത്തെ ചൊല്ലി നിരവധി കഥകളാണ് പ്രദേശങ്ങളിലുള്ളത്. അഗ്‌നിപര്‍വതത്തിന് അടിയില്‍ ടൈഫോണ്‍ എന്ന രാക്ഷസന്‍ ഉറങ്ങുന്നുണ്ടെന്നും ടൈഫോണ്‍ ഉറക്കത്തില്‍ തിരിയുമ്പോഴാണ് എറ്റനയുടെ മേഖലകളില്‍ ഭൂചലനം ഉണ്ടാകുന്നത് എന്നാണ് ഒരു കഥ.

അഗ്‌നിദേവനായ Hephaestus ന്റെ ഉലയാണ് എറ്റ്‌നയെന്നും സൈക്ലോപ്‌സ് എന്ന ഒറ്റക്കണ്ണുള്ള രക്ഷസിന്റെ താമസ സ്ഥലമാണെന്നും കഥകളുണ്ട്.

ബി. സി. 1500 മുതല്‍ എ. ഡി. 1971 വരെയുള്ള കാലത്തിനിടയില്‍ 109 സ്‌പോടനങ്ങളാണ് എറ്റ്‌നയില്‍ ഉണ്ടായതായി കരുതപ്പെടുന്നത്. 1669 ല്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കാറ്റാന്യ നഗരത്തിന്റെ പശ്ചിമാര്‍ധവും പന്ത്രണ്ടോളം ഗ്രാമങ്ങളും പൂര്‍ണമായും നശിച്ചിരുന്നു.

സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നയതിനാല്‍ എറ്റ്‌നയില്‍ , ചെറു സ്‌ഫോടനങ്ങള്‍ പതിവായി സംഭവിക്കാറുണ്ട്. 2021ലും 2015ലും മാണ് ഒടുവില്‍ സ്റ്റാറ്റിക് വൈദ്യുതി ഡിസ്ചാര്‍ജ് അഥവാ വോള്‍ക്കാനിക് ലൈറ്റ്‌നിങ് പോലെയുള്ള അപൂര്‍വ പ്രതിഭാസമുണ്ടായത്.

Comments are closed.