head 3
head1
head2

അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി വിരാട് കോഹ്ലി; ബിസിസിഐയോടുള്ള അതൃപ്തി പരസ്യമാക്കി താരം

ഏകദിന നായക സ്ഥാനത്തു നിന്നും മാറ്റുന്നതിനെക്കുറിച്ച് നേരത്തെ അറിയിച്ചില്ലെന്നും അതുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നടത്തിയ പ്രതികരണങ്ങള്‍ വ്യാജമാണെന്നും വിരാട് കോഹ്ലിയുടെ പ്രസ്താവനയില്‍ നിന്നും വ്യക്തം. രോഹിത് ശര്‍മയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ കളിക്കുമെന്നും താരം സ്ഥിരീകരിച്ചു.

മുംബൈ: ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരാട് കോഹ്ലിയെ മാറ്റിയത് മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം പ്രക്ഷുബ്ധമാണ്. കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്ക പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനിനെ പ്രഖ്യാപിച്ചപ്പോഴായിരുന്നു ഏകദിന നായകാനായി രോഹിത് ശര്‍മ്മയെ നിയമിച്ചെന്ന് ബി.സി.സി.ഐ അറിയിച്ചത്. കോഹ്ലിയെ മുന്‍കൂട്ടി അറിയിക്കാതെയാണ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനമെടുത്തതെന്നും താരം അതില്‍ അസ്വസ്ഥനാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിത്തിനെ നായകനാക്കിയ വിവരം അറിയിച്ചപ്പോള്‍ ഇന്ത്യക്കായി ഏറ്റവും മികച്ച ഏകദിന ക്യാപ്റ്റന്‍സി റെക്കോര്‍ഡുള്ള കോഹ്ലിയെ പരാമര്‍ശിക്കാത്തതും ആരാധകരെ ചൊടിപ്പിച്ചു. അതിന്റെകൂടെ രോഹിത്തുമായി കോഹ്ലി ശത്രുതയിലാണെന്നും താരം സൗത്ത് ആഫ്രിക്ക ആയിട്ടുള്ള ഏകദിനത്തില്‍ കളിക്കില്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിരാട് കോലി പങ്കുവെച്ചിരിക്കുകയാണ്.

പ്രതീക്ഷിച്ച പോലെ തന്നെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റിയതിലെ അതൃപ്തി കോഹ്ലി പ്രകടിപ്പിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് തന്നെ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. ‘ഏകദിന നായക പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം എന്നെ നേരത്തെ അറിയിച്ചില്ല. മീറ്റിംഗ് തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പാണ് ഞാനുമായി അവര്‍ ബന്ധപ്പെട്ടത്. അവിടെ ഒരു തരത്തിലുള്ള ആശയവിനിമയവും ഉണ്ടായില്ല. ചീഫ് സെലക്ടര്‍ ടെസ്റ്റ് ടീമിനെ കുറിച്ച് സംസാരിച്ചു. എന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതായി കോള്‍ അവസാനിപ്പിക്കുന്നതിന് മുമ്പായി പറഞ്ഞു,’ കോഹ്ലി വ്യക്തമാക്കി.

താന്‍ ഏകദിന നായകനായി തുടരുന്നതില്‍ സെലക്ടര്‍മാര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ സ്വയം മാറാന്‍ തയ്യാറായിരുന്നുവെന്ന് താരം പറഞ്ഞു. ‘നായകനെന്ന നിലയില്‍ വലിയ അഭിമാനത്തോടെയാണ് കളിച്ചിരുന്നത്. കളിക്കാരനെന്ന നിലയിലെ ആവേശം ഒരിക്കലും നഷ്ടപ്പെടുത്തില്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഒരുപാട് അഭിമാനിച്ചിരുന്നു. ടീമിനെ കൃത്യമായ ദിശയിലേക്ക് എത്തിക്കുകയെന്നതാണ് എന്റെ ഉത്തരവാദിത്തം. ഞാന്‍ നായകനാവുന്നതിന് മുമ്പ് ചെയ്തിരുന്നതാണ് ഇനി ചെയ്യേണ്ടത്. മാനസികാവസ്ഥയില്‍ മാറ്റങ്ങളില്ല,’ കോഹ്ലി പറഞ്ഞു.

അതേസമയം, ടി20 ടീമിന്റെ നായക പദവി ഒഴിഞ്ഞതാണ് കോഹ്ലിക്ക് വിനയായതെന്ന പ്രതികരണവുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ രംഗത്തുവന്നിരുന്നു. ട്വന്റി20 ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് വിരാടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിന് തയാറായില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ രണ്ടു ടീമുകള്‍ക്കും വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ എന്നതിനെ സെലക്ടര്‍മാര്‍ അംഗീകരിച്ചില്ലെന്നുമാണ് ഗാംഗുലി പറഞ്ഞത്.

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ടി20 നായകസ്ഥാനം ഒഴിയരുതെന്ന് ആരും തന്നോട് ആവിശ്യപ്പെട്ടില്ലെന്ന് വിരാട് കോഹ്ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് ബിസിസിഐയെ നേരത്തെ അറിയിച്ചിരുന്നു. അത് അവര്‍ സ്വീകരിക്കുകയാണ് ചെയ്തത്. ടി20 നായകസ്ഥാനം ഒഴിയില്ലെന്ന് ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഏകദിന നായകനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒഴിയാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു. ടി20 നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ വേണ്ടെന്ന് ആരും പറഞ്ഞിരുന്നില്ല,’ കോഹ്ലി പറഞ്ഞു. ഇതോടെ ഗാംഗുലി പറഞ്ഞത് കള്ളമാണെന്നാണ് വ്യക്തമായിരിക്കുകയാണ്.

അതെസമയം, കോഹ്ലിയും രോഹിത്തും തമ്മില്‍ അത്ര രസത്തിലല്ലെന്നും പുതിയ നായകന് കീഴില്‍ കോഹ്ലി കളിക്കില്ലെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ദക്ഷിണാഫ്രിക്കയുമായിട്ടുള്ള ഏകദിന പരമ്പരയില്‍ നിന്ന് കോഹ്ലി ഇടവേള ആവശ്യപ്പെട്ടെന്നുമൊക്കെയാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലാം നുണകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, താനും രോഹിത് ശര്‍മ്മയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കഴിഞ്ഞ രണ്ടര വര്‍ഷമായി താന്‍ ഇത് പറയുന്നുണ്ടെന്നും കോഹ്ലി പറഞ്ഞു. ടെസ്റ്റ് പരമ്പരയില്‍ രോഹിത് കൂടെയില്ലാത്തത് വലിയ നഷ്ടമാണെന്നും താരം പറഞ്ഞു. രോഹിത് ശര്‍മ്മയ്ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി വ്യക്തമാക്കി. ‘രോഹിത് പ്രതിഭാശാലിയായ നായകനാണ്. തന്ത്രങ്ങള്‍ മെനയാന്‍ കെല്‍പ്പുള്ള ബുദ്ധിമാനായ നായകന്‍. ഐപിഎല്ലിലൂടെയും ഇന്ത്യന്‍ ടീമിലൂടെയും നമ്മള്‍ ഇത് കണ്ടിട്ടുള്ളതുമാണ്. രാഹുല്‍ ഭായ് വളരെ സംതുലിതമായിട്ടുള്ള പരിശീലകനാണ്. ടീമിന്റെ പദ്ധതികള്‍ എന്തായാലും ഇവര്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവും. 100 ശതമാനവും അവിടെ ഞാന്‍ നല്‍കും. ടീമിനെ ശരിയായ ദിശയിലേക്കെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തം എന്നിലുണ്ട്,’ കോഹ്ലി പറഞ്ഞു.

Comments are closed.