head2
head 3
head1

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി

ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സി പദവിയും ഒഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോല്‍വിക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരില്‍ ഒരാളായ കോഹ്ലിയുടെ പടിയിറക്കം. ശനിയാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയിലൂടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള കോഹ്ലിയുടെ പ്രഖ്യാപനം.

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനായാണ് കോഹ്ലി പടിയിറങ്ങുന്നത്. 2014/15 സീസണില്‍ മഹേന്ദ്രസിംഗ് ധോണിയെ മാറ്റിയാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് എത്തുന്നത്. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്ലിക്ക് 40 എണ്ണത്തില്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കുവാന്‍ സാധിച്ചു. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ആത്മാര്‍ഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോഹ്ലി പ്രഖ്യാപനത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിനെ നയിക്കുവാന്‍ ഇത്രയും നാളുകള്‍ അവസരം നല്‍കിയതിന് ബിസിസിഐക്കും നല്‍കിയ വലിയ പിന്തുണകള്‍ക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏല്‍പ്പിച്ചതിന് എം എസ് ധോണിക്കും കോഹ്ലി നന്ദി അറിയിച്ചു. നേരത്തെ, ട്വന്റി 20 ലോകകപ്പിന് ശേഷം കുട്ടി ക്രിക്കറ്റില്‍ നിന്ന് നായക സ്ഥാനം കോഹ്ലി ഒഴിഞ്ഞിരുന്നു. തുടര്‍ന്ന് ഏകദിനത്തിലും കൊഹ്ലിയെ ബിസിസിഐ ഒഴുവാക്കുകയായിരുന്നു. ഇത് വന്‍ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

കോഹ്ലിക്ക് കീഴില്‍ 68 മത്സരങ്ങളില്‍ 40 വിജയം നേടിയ ഇന്ത്യ വെറും 17 മത്സരങ്ങളിലെ തോല്‍വി അറിഞ്ഞിട്ടുള്ളൂ. 11 മത്സരങ്ങള്‍ സമനിലയിലായി. വിദേശ രാജ്യങ്ങളില്‍ എന്നും സമനിലയോ തോല്‍വിയോ വഴങ്ങിയിരുന്ന ഇന്ത്യക്ക് എങ്ങനെ വിജയിക്കാമെന്ന് കാണിച്ചുകൊടുത്തത് വിരാട് കോഹ്ലിയാണ്. ആറാമതും ഏഴാമതും ഐ.സി.സി റാങ്കിങ് ഉണ്ടായിരുന്ന ഇന്ത്യയെ ഒന്നാമതെത്തിച്ചതും കിംഗ് കോഹ്ലിയാണ്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയെ എത്തിച്ച നായകന്‍ കൂടിയാണ് കോഹ്ലി. പക്ഷേ ന്യൂസിലന്റിനോട് ഫൈനലില്‍ പരാജയപ്പെടേണ്ടി വന്നു.

കോഹ്ലി നായകനായി ഉണ്ടാകുമ്പോള്‍ കളിക്കുന്നവര്‍ക്കും കളി കാണുന്നവര്‍ക്കും ഉണ്ടാകുന്ന ഊര്‍ജം വേറെ തന്നെയാണ്. തന്റെ അഗ്രസ്സീവ്‌നെസ്സും കളിയോടുള്ള ഇഷ്ടവും ആത്മാര്‍ത്ഥതയും കളിക്കാര്‍ക്ക് പകരുന്ന ആത്മവിശ്വാസവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഏഴ് വര്‍ഷത്തെ നായക പദവി ഒഴിഞ്ഞു കോഹ്ലി പടിയിറങ്ങുമ്പോള്‍ ഇത്തരത്തിലുള്ളൊരു വീര നായകനെ കണ്ടെത്തുകയെന്നത് ബിസിസിഐ-ക്ക് കടുത്ത വെല്ലുവിളിയാകും.

രണ്ടു വര്‍ഷത്തെ തന്റെ ബാറ്റിങ്ങിലുള്ള ഫോം ഔട്ട് മാറ്റിവെച്ചാല്‍ ഏതൊരു താരവും സ്വപ്നം കാണുന്നതിലും അപ്പുറമായിരുന്നു വിരാട് കോഹ്ലിയുടെ കുതിപ്പ്. നായകനായി ടീമിനെ ഒറ്റയ്ക്ക് വിജയത്തിലേക്ക് എത്തിച്ച എത്രയോ മത്സരങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഇതെല്ലാം കാരണമാണ് ‘കിം?ഗ് കോഹ്ലി’ എന്ന വിളിപ്പേര് ക്രിക്കറ്റ് ലോകം അദ്ദേഹത്തിന് നല്‍കിയത്.

കോഹ്ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അഭിനന്ദനവും ആശംസകളും ബിസിസിഐ അര്‍പ്പിച്ചു. നായകനായി കോഹ്ലി ഇന്ത്യയ്ക്ക് നല്‍കിയത് മികച്ച സംഭാവനയാണെന്നും ഇന്ത്യന്‍ ടീമിനെ ഉപമിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്കാണ് അദ്ദേഹം നയിച്ചതെന്നും ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാത്ത തരത്തിലുള്ള മികച്ച സംഘമായി മാറ്റിയെടുത്തത് വിരാടിന്റെ കാലത്തായിരുന്നെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ കുറിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ളണ്ടിലും നേടിയ വിജയം സ്പെഷ്യലായിരുന്നു എന്നും പറഞ്ഞു.

Comments are closed.