head1
head 3
head2

മാള്‍ട്ട റഷ്യയുമായി അടുപ്പത്തിലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍

വലേറ്റ : റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തില്‍ മാള്‍ട്ടയും പങ്കാളിയാകുമോ… മാള്‍ട്ട റഷ്യയ്ക്ക് നാവികത്താവളം അനുവദിക്കുമോ… ഇതൊക്കെയാണ് യുഎസിന്റെ ഇപ്പോഴത്തെ ആശങ്ക. യുഎസിനൊപ്പം യൂറോപ്യന്‍ യൂണിയനും ആശങ്കയിലാണെന്നും വാര്‍ത്തകള്‍ പറയുന്നു.

എന്നാല്‍ ഇതിനൊന്നും അടിസ്ഥാനമില്ലെന്നാണ് മാള്‍ട്ടയുടെ പ്രതികരണം.

ഇത്തരം ആശങ്കകളൊന്നും യുഎസ് അറിയിച്ചിട്ടില്ലെന്നാണ് വിദേശകാര്യ വകുപ്പ് കേന്ദ്രങ്ങള്‍ പറയുന്നത്. ഇന്നലെ ഇയു മീറ്റിംഗിന് ബ്രസ്സല്‍സിലെത്തിയ പ്രധാനമന്ത്രി റോബര്‍ട്ട് അബേലയും മാള്‍ട്ട യൂറോപ്യന്‍ യൂണിയന്റെ നിലപാടിനൊപ്പമാണെന്ന് വ്യക്തമാക്കിയിരുന്നു. മെഡിറ്ററേനിയന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യ മാള്‍ട്ടയെ നാവിക താവളമായി ഉപയോഗിച്ചേക്കുമെന്ന് അമേരിക്ക സംശയിക്കുന്നതായി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മെഡിറ്ററേനിയനാകെ ഇപ്പോള്‍ത്തന്നെ ക്രെംലിന്റെ പ്രത്യേക താല്‍പ്പര്യത്തിലാണ് മുന്നോട്ടു പോകുന്നത്. സൈപ്രസ് ‘മോസ്‌കോ ഇന്‍ ദി മെഡ്’ എന്നാണറിയപ്പെടുന്നത്. പടിഞ്ഞാറ് മാള്‍ട്ടയും റഷ്യയോടടുപ്പം പുലര്‍ത്തുന്നു. യൂറോപ്യന്‍ യൂണിയനിലേക്കും അന്താരാഷ്ട്ര സാമ്പത്തിക വിപണികളിലേക്കും പ്രവേശനത്തിനുള്ള സോഫ്റ്റ് എന്‍ട്രി പോയിന്റായി മാള്‍ട്ടയെ ഉപയോഗിക്കാന്‍ ക്രെംലിന്‍ ശ്രമിക്കുന്നതായി വാഷിംഗ്ടണ്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ക്ക് മാള്‍ട്ടയുടെ പൗരത്വം അനുവദിക്കുന്ന മാള്‍ട്ടയുടെ ‘ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്’ പദ്ധതിയില്‍ അപേക്ഷിക്കുന്നവരില്‍ നാലിലൊന്ന് പേരും റഷ്യക്കാരാണെന്ന് സമീപകാല കണക്കുകളും വ്യക്തമാക്കിയിരുന്നു. ലിബിയയിലെയും വടക്കേ ആഫ്രിക്കയിലെ മറ്റ് ഭാഗങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള മോസ്‌കോയുടെ ലോഞ്ച് പാഡ് കൂടിയാണ് മാള്‍ട്ടയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മാള്‍ട്ടയെ ഈ രീതിയില്‍ ചിത്രത്തില്‍പ്പെടുത്തുന്നത് നിരുത്തരവാദപരവും വസ്തുതാപരമല്ലെന്നും വിദേശ കാര്യ വകുപ്പ് പറഞ്ഞു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിദേശകാര്യ മന്ത്രി എവാരിസ്റ്റ് ബാര്‍ടോളോ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് കാരെന്‍ ഡോണ്‍ഫ്രീഡുമായി ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴൊന്നും അമേരിക്ക ആശങ്കയൊന്നും അറിയിച്ചില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. യുഎസിന് എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍ അവര്‍ അത് തീര്‍ച്ചയായും പരാമര്‍ശിക്കുമായിരുന്നുവെന്നും വകുപ്പ് പറഞ്ഞു.

ലിബിയയില്‍ പ്രവേശിക്കാന്‍ റഷ്യക്ക് മാള്‍ട്ടയുടെ ആവശ്യമില്ല. മാലിയിലും സഹേലിലുമെന്നപോലെ അവിടെയും അവര്‍ക്ക് അടിത്തറയുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.