head2
head 3
head1

ഗര്‍ഭഛിദ്രം വിലക്കുന്ന സ്ഫോടനാത്മക വിധിയുമായി അമേരിക്കന്‍ കോടതി

വാഷിംഗ്ടണ്‍ : അബോര്‍ഷന്‍ നടത്തുന്നതിന് അമേരിക്കന്‍ സ്ത്രീകളെ അനുവദിക്കുന്ന വിവാദ നിയമം യു എസ് സുപ്രീം കോടതി റദ്ദാക്കി. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും സ്ഫോടനാത്മകമായ നിയമ പോരാട്ടങ്ങളിലൊന്നിലാണ് സുപ്രധാന വഴിത്തിരിവ്. അരനൂറ്റാണ്ട് നീണ്ട ഭരണഘടനാപരമായ സംരക്ഷണമാണ് ഈ വിധിയിലൂടെ യു എസ് സുപ്രീം കോടതി ഇല്ലാതാക്കിയത്.

ഗര്‍ഭച്ഛിദ്രം നടത്തുന്നത് സ്ത്രീയുടെ ഭരണഘടനാപരമായ അവകാശം അംഗീകരിക്കുകയും രാജ്യവ്യാപകമായി നിയമവിധേയമാക്കുകയും ചെയ്ത 1973ലെ റോയ് വി വേഡ് വിധിയാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ആധിപത്യമുള്ള മേല്‍ക്കോടതി റദ്ദാക്കിയത്.

1992ല്‍ സുപ്രീം കോടതി ഗര്‍ഭച്ഛിദ്രാവകാശം ഉറപ്പാക്കുകയും ഇതിന് അനാവശ്യ ഭാരം ചുമത്തുന്ന നിയമങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിധിയെ തീര്‍ത്തും നിരാകരിക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധി.

 

ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടന നല്‍കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി റോ ആന്റ് കേസിയിലെ മുന്‍ വിധി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കാനുള്ള അധികാരം ജനങ്ങള്‍ക്കും അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും തിരികെ നല്‍കുകയാണെന്നും സുപ്രീം കോടതി സംശയരഹിതമായി പ്രഖ്യാപിച്ചു. ഗര്‍ഭച്ഛിദ്രം നിരോധിക്കുന്ന നിയമങ്ങള്‍ പാസാക്കാനുള്ള സ്റ്റേറ്റുകളുടെ അധികാരം പുനസ്ഥാപിക്കുകയാണെന്നും കോടതി പറഞ്ഞു.

മിസിസിപ്പി ഉള്‍പ്പടെ ഇരുപത്തിയാറ് സ്റ്റേറ്റുകള്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിനെ അനുകൂല നിയമങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നാണ് സൂചന. എന്നാല്‍ ഒരു ഡസനിലധികം വരുന്ന ലിബറല്‍ സ്റ്റേറ്റുകളില്‍ ഗര്‍ഭച്ഛിദ്രം നിയമപരമായി തുടരാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ ഇതു സംബന്ധിച്ച നിയമങ്ങളുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന വിവിധ സ്റ്റേറ്റുകളില്‍ സമീപ വര്‍ഷങ്ങളില്‍ റോയിലെ വിധിയെ മറികടന്ന് ഗര്‍ഭച്ഛിദ്ര നിയന്ത്രണങ്ങള്‍ പാസാക്കിയിരുന്നു. റിപ്പബ്ലിക്കന്‍മാര്‍ക്കും മത യാഥാസ്ഥിതികര്‍ക്കും ഏറെ കരുത്ത് നല്‍കുന്നതാണ് ഈ വിധി. എന്നിരുന്നാലും അമേരിക്കയുടെ പൊതുജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാക്കും ഈ വിധിയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

വിധി വന്നതിനെ തുടര്‍ന്ന് ആന്റി അബോര്‍ഷന്‍ ഗ്രൂപ്പുകള്‍ യുഎസ് സുപ്രീം കോടതിക്ക് പുറത്ത് ആഹ്ലാദപ്രകടനം നടത്തിയിരുന്നു.

Comments are closed.