head 3
head2
head1

യുഎസ് – റഷ്യന്‍ ചര്‍ച്ച ജനുവരി 10ന്; ഉക്രൈന്‍ സംഘര്‍ഷത്തിന് അയവുണ്ടാക്കുമോ പുതുവര്‍ഷത്തിലെ ചര്‍ച്ചകള്‍

വലേറ്റ : ഉക്രൈനുമായി ബന്ധപ്പെട്ട് രൂപം കൊണ്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ്-റഷ്യ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നു. കിഴക്കന്‍ ഭാഗത്തേയ്ക്കുള്ള വിപുലീകരണം നിര്‍ത്തിവെയ്ക്കാന്‍ മോസ്‌കോ നാറ്റോയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികളാണ് ഇരുപക്ഷവും ചര്‍ച്ച ചെയ്യുക.

ഉക്രൈയ്ന്‍ സംഘര്‍ഷത്തെ മുന്‍നിര്‍ത്തിയുള്ള യൂറോപ്യന്‍ സുരക്ഷയെ സംബന്ധിച്ച സംഗതികളാണ് ചര്‍ച്ചാവിഷയമാവുക. യൂറോപ്പിലുള്‍പ്പടെയുള്ള രാജ്യങ്ങളെല്ലാം ഏറെ പ്രതീക്ഷയോടെയാണ് ഈ ചര്‍ച്ചയെ നോക്കുന്നത്.

ജനുവരി 10ന് നടക്കുമെന്ന് യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവും റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവും സ്ഥിരീകരിച്ചു.

ജൂണില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ നേതാവ് വ്‌ളാഡിമിര്‍ പുടിനും പങ്കെടുക്കുന്ന ജനീവയിലെ ആദ്യ ഉച്ചകോടിയിലും ചര്‍ച്ചകള്‍ തുടരുമെന്ന് വക്താവ് പറഞ്ഞു.

തുടര്‍ന്ന് മോസ്‌കോയുടെയും നാറ്റോയുടെയും പ്രതിനിധികള്‍ ജനുവരി 12ന് കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് റഷ്യയും യുഎസും ഉള്‍പ്പെടുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന്‍ ഇന്‍ യൂറോപ്പ് (ഒഎസ്സിഇ) അടുത്ത ദിവസം യോഗം ചേര്‍ന്ന് ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

റഷ്യയുമായി ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്ക ആഗ്രഹിക്കുന്നതായി സുരക്ഷാ കൗണ്‍സില്‍ വക്താവ് പറഞ്ഞു. റഷ്യയ്ക്ക് അവരുടെ ആശങ്കകള്‍ മേശപ്പുറത്ത് വയ്ക്കാം. ഒപ്പം ചില ആശങ്കകള്‍ ഞങ്ങളും മുന്നോട്ടു വെക്കും- വക്താവ് കൂട്ടിച്ചേര്‍ത്തു.

മുന്‍ സോവിയറ്റ് ഉക്രെയ്‌നിന് ചുറ്റും പതിനായിരക്കണക്കിന് സൈനികരെ വിന്യസിച്ച് ശീതകാല അധിനിവേശം ആസൂത്രണം ചെയ്യുകയാണെന്ന് വാഷിംഗ്ടണ്‍ ആരോപിച്ചത് ആഴ്ചകള്‍ നീണ്ട പിരിമുറുക്കങ്ങള്‍ക്കും സംഘര്‍ഷത്തിനും വഴിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

റഷ്യയുടെ അതിര്‍ത്തികളില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും നാറ്റോയും അപകടകരമായ രീതിയില്‍ അതിക്രമിച്ചുകയറുകയാണെന്ന ആരോപണമാണ് ക്രെംലിന്‍ ശക്തമായി ഉന്നയിക്കുന്നത്.

നാറ്റോയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തരുതെന്നും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ പുതിയ താവളങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് അമേരിക്കയെ തടയണമെന്നതുമുള്‍പ്പടെയുള്ള സുരക്ഷാ ആവശ്യങ്ങള്‍ മോസ്‌കോ ഈ മാസമാദ്യം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.

Comments are closed.