head2
head1
head 3

2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം…

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ചൊവ്വാഴ്ച അവതരിപ്പിച്ചു. ഒന്നര മണിക്കൂര്‍ മാത്രം നീണ്ടുനിന്ന പ്രസംഗത്തില്‍ എല്ലാവര്‍ക്കും പാര്‍പ്പിടവും വെള്ളവും ഊര്‍ജ്ജവും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തി പദ്ധതി, എല്ലാവരുടേയും വികസനം, ഉല്‍പാദന വികസനം, നിക്ഷേപ പ്രോത്സാഹനം എന്നിവയില്‍ ബജറ്റ് ഊന്നല്‍ നല്‍കുന്നു. അടുത്ത 25 വര്‍ഷത്തേക്ക് 30 ലക്ഷം കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നും ധനമന്ത്രി വാഗ്ദാനം ചെയ്തു.

യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം എന്നിവയും ലക്ഷ്യമിടുന്നതായി ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും. താങ്ങുവില നല്‍കുന്നതിനായി 2.37 ലക്ഷം കോടി രൂപ മാറ്റി വയ്ക്കും. കര്‍ഷകര്‍ക്ക് പിന്തുണയ്ക്കായി കിസാന്‍ ഡ്രോണുകള്‍. വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കുമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ രണ്ട് വര്‍ഷത്തെ സാവകാശം അനുവദിക്കും. റിട്ടേണ്‍ അധിക നികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി. സഹകരണ സംഘങ്ങളുടെ കുറഞ്ഞ നികുതി 15 ശതമാനമാക്കി. ആദായ നികുതി സ്ലാബില്‍ മാറ്റമുണ്ടായിരിക്കില്ല, നിലവിലെ രീതിയില്‍ തുടരും. ചെറുകിട ഇടത്തരം മേഖലകള്‍ക്കായി രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു.

ഇമിറ്റേഷന്‍ ആഭരണങ്ങള്‍, കുടകള്‍, സോഡിയം സയനൈഡ്, ഇറക്കുമതി ചെയ്യുന്ന നിര്‍മാണ വസ്തുക്കള്‍, ഹെഡ്‌ഫോണ്‍സ്, ഇലക്ട്രോണിക് ടോയ്സ് എന്നിവയ്ക്ക് വില കൂടും. വജ്രം, രത്നങ്ങള്‍, ആഭരണങ്ങളിലെ കല്ലുകള്‍, പെട്രോളിയം സംസ്‌കരണത്തിനുള്ള രാസവസ്തുക്കള്‍, മൊബൈല്‍ ഫോണ്‍സ്, ഫോണ്‍ ചാര്‍ജര്‍, തുണികള്‍, ലെതര്‍ ഉത്പന്നങ്ങള്‍, അലോയ് സ്റ്റീലുകള്‍ എന്നിവയ്ക്ക് വില കുറയും.

ബജറ്റിലെ ചില പ്രധാന പ്രഖ്യാപനങ്ങള്‍:

  • ഇ – പാസ്‌പോര്‍ട്ട്

രാജ്യത്ത് ഇ-പാസ്പോര്‍ട്ട് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷം ഇ-പാസ്പോര്‍ട്ട് സംവിധാനം പൗരന്മാര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ചിപ്പുകള്‍ പിടിപ്പിച്ചതും പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചതും ആയതിനാല്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയതായരിക്കും ഇ-പാസ്പോര്‍ട്ട് സംവിധാനം. പാസ്പോര്‍ട്ടിന്റെ പുറംചട്ടയില്‍ ഇലക്ടോണിക് ചിപ്പും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചേര്‍ക്കും. ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ പോസ്റ്റുകളില്‍ കൂടുതല്‍ സുഗമമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും ബയോമെട്രിക് സംവിധാനം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനും ഇ-പാസ്‌പോര്‍ട്ട് കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തല്‍.

  • ഡിജിറ്റല്‍ കറന്‍സി

രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി നടപ്പാക്കുമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ബ്ലോക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് 2022 – 23 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണര്‍വായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ചെലവു കുറഞ്ഞതും അതേസമയം കൂടുതല്‍ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇത്.

  • 18 ലക്ഷം പേര്‍ക്ക് വീട്

ഭവന പദ്ധതികള്‍ക്ക് ബജറ്റില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. പിഎം ആവാസ് യോജന പദ്ധതിയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. 2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാന്‍ 60.000 കോടി നീക്കിവച്ചു.

  • ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തും, അങ്കണവാടികള്‍ നവീകരിക്കും

വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി 1 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് പ്രത്യേകം ചാനലുകള്‍ ആരംഭിക്കും. പ്രാദേശിക ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. രണ്ട് ലക്ഷം അംഗനവാടികള്‍ ആധുനീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

  • 5ജി കണക്ടിവിറ്റി

2023-ഓടെ ഇന്ത്യയില്‍ 5ജി കണക്ടിവിറ്റി ലഭ്യമാക്കുമെന്ന് പ്രഖ്യാപനം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 5ജി ടെലികോം സര്‍വീസ് രാജ്യത്ത് എത്തിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നാണ് മന്ത്രി പറഞ്ഞത്. 5ജി ടെലികോം സര്‍വീസിനായുള്ള സ്പെക്ട്രം ലേലവും ഈ കലയളവില്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു. 5ജി സംവിധാനം എത്തുന്നതോടെ രാജ്യത്ത് ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റ് എക്കണോമിയിലും വലിയ വികസനമുണ്ടാകുമെന്നാണ് കരുതുന്നത്.

  • ഭൂമി കൈമാറ്റത്തിന് ‘ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍’ പദ്ധതി

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പ്രത്യേക സാമ്പത്തിക മേഖല (സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

  • 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേ

റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ അടക്കം 7 ഗതാഗത മേഖലകളില്‍ ദ്രുതവികസനം ലക്ഷ്യമിടുന്ന പിഎം ഗതിശക്തി പദ്ധതിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേകള്‍ നിര്‍മിക്കാനാണ് പദ്ധതി. റയില്‍വേ ചരക്കു നീക്കത്തിനായി പ്രത്യേക പദ്ധതി തയാറാക്കും. കാര്‍ഷിക ഉല്‍പന്ന നീക്കത്തിന് ഒരു സ്റ്റേഷന്‍, ഒരു ഉല്‍പന്നം എന്ന പദ്ധതി നടപ്പിലാക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ നിര്‍മിക്കും. മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

  • ഒരു ലക്ഷം കോടി രൂപ പലിശ രഹിത വായ്പ

സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പ ബജറ്റില്‍ പ്രഖ്യാപിച്ചു. രാഷ്ട്രത്തിന്റെ സമഗ്ര സാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്. അതത് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട വായ്പയ്ക്കു പുറമേയുള്ള പലിശരഹിത വായ്പയാണിത്. 50 വര്‍ഷമാണ് വായ്പാകാലാവധി. പ്രധാനമന്ത്രിയുടെ ഗതി-ശക്തി പദ്ധതിയ്ക്കും മറ്റു ഉത്പാദന മുതല്‍മുടക്കിലേക്കുമുള്ള സംസ്ഥാനങ്ങളുടെ ഇടപെടല്‍ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് പ്രഖ്യാപനം.

  • ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കരുത്ത്

മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി 2022-23 ബജറ്റ്. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാര്‍ജിങ്ങ് സെന്ററുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സോണുകളും ഒരുക്കും. ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Comments are closed.