head2
head1
head 3

ലോകം ആണവനാശത്തില്‍ നിന്നും ഒരു കാതം മാത്രം ദൂരത്തില്‍..! ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി യുഎന്‍

ന്യൂയോര്‍ക്ക് : ആണവനാശത്തില്‍ നിന്നും ഒരു കാതം മാത്രം അകലെയാണ് ലോകമെന്ന മുന്നറിയിപ്പുമായി യു എന്‍ മേധാവി. ആണവ ഉന്മൂലനമെന്ന സര്‍വ്വനാശത്തിന്റെ വക്കിലാണ് ലോകം നിലകൊള്ളുന്നത്. മനുഷ്യത്വമെന്നത് തെറ്റിദ്ധാരണയും തെറ്റായ കണക്കുകൂട്ടലുമാണെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഓര്‍മ്മിപ്പിച്ചു.

ആണവരഹിത ലോകമെന്ന ലക്ഷ്യത്തിനായുള്ള 50 വര്‍ഷം പഴക്കമുള്ള കരാര്‍ അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു യുഎന്‍ മേധാവി ഈ മുന്നറിയിപ്പ് നല്‍കിയത്. ഏറെ വൈകിയാണ് അവലോകന യോഗം ചേര്‍ന്നിട്ടുള്ളത്.

ഉക്രൈയ്ന്‍ യുദ്ധവും മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും സംഘര്‍ഷങ്ങളും ഇതുയര്‍ത്തുന്ന ആണവായുധ ഭീഷണിയും അദ്ദേഹം എടുത്തുപറഞ്ഞു.

ആണവ നിര്‍വ്യാപന ഉടമ്പടി അവലോകനം ചെയ്യുന്നതിനുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഒരു മാസം നീണ്ട സമ്മേളനത്തിനാണ് തുടക്കമായത്. ഓഗസ്റ്റ് 26നാണ് സമ്മേളനം അവസാനിക്കുന്നത്. തുടര്‍നടപടികളില്‍ സമവായത്തിനാണ് യോഗം ലക്ഷ്യമിടുന്നത്. എന്നാല്‍ കാര്യമായ എന്തെങ്കിലും കരാറുണ്ടാകുമെന്ന പ്രതീക്ഷകളൊന്നും ഇനിയുമുണ്ടായിട്ടില്ല.

കൂട്ടായ സമാധാനവും സുരക്ഷയും നിര്‍ണായക ഘട്ടത്തിലാണെന്ന് യു എന്‍ മേധാവി പറഞ്ഞു. ഏകദേശം 13,000 ആണവായുധങ്ങള്‍ ലോകമെമ്പാടുമുള്ള ആയുധപ്പുരകളില്‍ ഉണ്ട്. വ്യാജ സുരക്ഷ തേടുന്ന രാജ്യങ്ങള്‍ ‘ഡൂംസ്‌ഡേ ആയുധങ്ങള്‍’ക്കായി നൂറുകണക്കിന് ബില്യണ്‍ ഡോളറുകളാണ് ചെലവഴിക്കുന്നതെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

ആണവായുധങ്ങളുടെ ഉപയോഗത്തിനെതിരായ 77 വര്‍ഷം പഴക്കമുള്ള കരാര്‍ അടിയന്തിരമായി ശക്തിപ്പെടുത്തി വീണ്ടും ഉറപ്പാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ”ആയുധശേഖരം കുറയ്ക്കുന്നതിനുള്ള പ്രതിബദ്ധതകള്‍ക്കൊപ്പം ആണവായുധങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനും നിതാന്ത ജാഗ്രത വേണം. മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും പിരിമുറുക്കങ്ങളെ അഭിസംബോധന ചെയ്യാന്‍ തയ്യാറാകണം. ആണവ സാങ്കേതികവിദ്യയുടെ സമാധാനപരമായ ഉപയോഗം ഉറപ്പാക്കുകയും വേണം”.

എന്‍ പി ടി പ്രാബല്യത്തില്‍ വന്നത് 1970ല്‍

1970ലാണ് എന്‍ പി ടി എന്നറിയപ്പെടുന്ന നോണ്‍-പ്രൊലിഫെറേഷന്‍ ഉടമ്പടി പ്രാബല്യത്തില്‍ വന്നത്. 191 രാജ്യങ്ങള്‍ ഒപ്പുവെച്ച ഏറ്റവും വലിയ കരാറാണത്. യു എസ്, ചൈന, റഷ്യ യു കെ, ഫ്രാന്‍സ് എന്നീ അഞ്ച് ആണവശക്തികള്‍ അവരുടെ ആയുധശേഖരങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം അണ്വായുധങ്ങളില്ലാതാക്കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് പ്രോല്‍സാഹനവും നല്‍കുന്നതാണ് കരാര്‍. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം വികസിപ്പിക്കാന്‍ കഴിയുമെന്ന് ഉടമ്പടി ഉറപ്പുനല്‍കുന്നു.

എന്‍ പി ടിയില്‍ അംഗമല്ലാതിരുന്ന ഇന്ത്യയും പാക്കിസ്ഥാനും അണുബോംബ് സ്വന്തമാക്കി. ഉടമ്പടിയില്‍ ഒപ്പുവെച്ചെങ്കിലും പിന്നീട് ഒഴിവായ ഉത്തരകൊറിയയും ആ വഴി തന്നെ തുടര്‍ന്നു. ഇസ്രായേലിന് ആണവായുധ ശേഖരം ഉണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ അവര്‍ ഇതുവരെ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും, ആണവനിരായുധീകരണത്തിനുള്ള അന്താരാഷ്ട്ര ചട്ടക്കൂടെന്ന നിലയില്‍ പുതിയ രാജ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനായതാണ് ഉടമ്പടിയുടെ നേട്ടമായി കാണുന്നത്.

Comments are closed.