head2
head 3
head1

ഉക്രേനിയന്‍ നഴ്സ് ഒക്സാന മാര്‍ട്ടിനെങ്കോയ്ക്ക് യുദ്ധം നല്‍കിയത് 21 ചോരക്കുഞ്ഞുങ്ങളെ

കീവ് : ഉക്രൈനിയന്‍ നഴ്‌സ് ഒക്സാന മാര്‍ട്ടിനെങ്കോയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും യുദ്ധം നല്‍കിയത് 21 ചോരക്കുഞ്ഞുങ്ങളെയാണ്. ബോംബുകള്‍ക്കു നടുവില്‍ കഴിയുന്ന സ്വന്തം കുഞ്ഞുങ്ങളേയും കുടുംബത്തേയുമോര്‍ത്ത് സങ്കടപ്പെടാന്‍ പോലും ഈ നഴ്സമ്മമാര്‍ക്ക് ഇതിനാല്‍ കഴിയുന്നില്ല. തലസ്ഥാനത്തെ വിവിധ പ്രസവ വാര്‍ഡുകളില്‍ ജനിച്ചവരാണ് ഈ കുഞ്ഞുങ്ങള്‍. സുരക്ഷയ്ക്കായി കീവിലെ ക്ലിനിക്കിലേയ്ക്ക് കൊണ്ടുവന്നതാണ് ഇവരെ.

കീവിന് സമീപത്തെ റസിഡന്‍ഷ്യല്‍ ബേസ്‌മെന്റിലെ ഒരു താല്‍ക്കാലിക കേന്ദ്രത്തിലാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വീടും ആശുപത്രിയുമെല്ലാം ഇതുതന്നെ. ഈ കുഞ്ഞുങ്ങള്‍ക്ക് ഉറ്റവരാരുമില്ലെന്നതാണ് അതിലേറെ സങ്കടം. കാരണം ഇവരെല്ലാം വാടക ഗര്‍ഭപാത്രങ്ങളില്‍ പിറന്നവരാണ്. യുദ്ധം കാരണം മാതാപിതാക്കള്‍ക്ക് ഇവരെ ശേഖരിക്കാന്‍ കഴിയുന്നില്ല. ജര്‍മ്മനിയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നുമായി ഓരോരുത്തര്‍ കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ കീവിലെത്തിയെങ്കിലും അവരെ പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

അന്താരാഷ്ട്ര വാടക ഗര്‍ഭധാരണ കേന്ദ്രമാണ് ഉക്രൈയ്ന്‍. സാധാരണ സമയങ്ങളില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ പിറക്കുന്നത്. ഈ പ്രശ്നം അവിടെ പല വിവാദങ്ങള്‍ക്കും വഴിതുറക്കുകയും ചെയ്തിരുന്നു.

റഷ്യന്‍ സൈന്യം ബോംബിട്ട കീവിന് കിഴക്ക് 320 കിലോമീറ്റര്‍ മാത്രം അകലെയുള്ള സുമിക്ക് അടുത്താണ് ഒക്സാന മാര്‍ട്ടിനെങ്കോയുടെ കുടുംബവും കുട്ടികളും. മാര്‍ട്ടിനെങ്കോയ്ക്ക് അങ്ങോട്ടേയ്ക്ക് പോകാനാകാത്തതിനാല്‍ മുത്തശ്ശിയോടൊപ്പമാണ് അവര്‍ താമസിക്കുന്നത്.ഫെബ്രുവരി 24 മുതല്‍ വീട്ടിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മാര്‍ട്ടിനെങ്കോ പറഞ്ഞു.

കുട്ടികള്‍ സുരക്ഷിതരാണോ രാത്രി ഉറങ്ങിയോ എന്നൊക്കെ അറിയാന്‍ കുടുംബത്തെ ഫോണില്‍ വിളിക്കാറുണ്ട്. കുട്ടികളെ പരിചരിക്കേണ്ടതിനാല്‍ ജീവനക്കാരെല്ലാം ഇവിടെ കുടുങ്ങിപ്പോയതായി നഴ്സ് അന്റോണിന യെഫിമോവിച്ച് പറഞ്ഞു. ദിവസം മുഴുവന്‍ ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ ആകെ ക്ഷീണിതയാണെന്നും ഇവര്‍ പറഞ്ഞു. ബോംബാക്രമണം രൂക്ഷമായതോടെ സ്‌ഫോടനശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളു ആകെ ഭയാനകമായ അന്തീക്ഷം. ഇപ്പോള്‍ വിശ്രമിക്കാനോ ഉറങ്ങാനോ പോലും കഴിയുന്നില്ല- യെഫിമോവിച്ച് പറഞ്ഞു.

Comments are closed.