head2
head1
head 3

ഷേക്സ്പിയറിനെയും വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെയും ഉദ്ധരിച്ച് ഹൗസ് ഓഫ് കോമണ്‍സിന്റെ കൈയ്യടി നേടി സെലന്‍സ്‌കി

ലണ്ടന്‍ : റഷ്യന്‍ ആക്രണമത്തിനെതിരായ ഉക്രൈയ്‌നിന്റെ പോരാട്ടത്തിന് യുകെയുടെ പിന്തുണ തുടരണമെന്നഭ്യര്‍ത്ഥിച്ച് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്ത് ഉക്രൈനിയന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കി.

കഴിഞ്ഞ 13 യുദ്ധ ദിവസങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് പ്രസംഗത്തില്‍ സെലന്‍സ്‌കി വിവരിച്ചു. രാജ്യത്തിന് നല്‍കിയ പിന്തുണയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോട് നന്ദി പറഞ്ഞ സെലന്‍സ്‌കി പിന്തുണയ്ക്കൊപ്പം റഷ്യയ്ക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഷേക്സ്പിയറും ചര്‍ച്ചിലും

ഷേക്സ്പിയറുടെ ഹാംലെറ്റില്‍ നിന്നുള്ള പ്രശസ്തമായ വരികളും സെലെന്‍സ്‌കി ഉദ്ധരിച്ചു. ‘ടു ബി ഓര്‍ നോട് ടു ബി’ എന്ന ചോദ്യം ഞങ്ങള്‍ ചോദിച്ചു. ഒടുവില്‍ ടു ബി തിരഞ്ഞെടുത്തു. അങ്ങനെയാണ് പോരാട്ടം തുടങ്ങിയത്. 13 ദിവസമായി ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയും. ഇത് തീര്‍ച്ചയായും ടു ബി തന്നെ ആകും.

ഫൈറ്റ് ദം ഓണ്‍ ദ ബീച്ചസ് എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ രണ്ടാം ലോകമഹായുദ്ധ പ്രസംഗത്തിലെ വരികളും പ്രസിഡന്റ് ഉപയോഗിച്ചു. ”മുമ്പ് കേട്ടിട്ടുള്ള ആ വാക്കുകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്. നമ്മള്‍ തോല്‍ക്കില്ല, അവസാനം വരെയും പോരാടും. കടലിലും ആകാശത്തിലും നമ്മുടെ മണ്ണിന് വേണ്ടി എന്ത് വിലകൊടുത്തും പോരാടും. കാടുകളിലും വയലുകളിലും തീരങ്ങളിലും തെരുവുകളിലും യുദ്ധം ചെയ്യും”.

ഉക്രൈയ്ന്‍ വലുതാകാന്‍ ആഗ്രഹിച്ചില്ല… എന്നാല്‍

‘ഉക്രൈയ്ന്‍ വലുതാകാന്‍ ആഗ്രഹിച്ചില്ല, എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നുമായി യുദ്ധം ചെയ്യേണ്ടി വന്നതോടെ ഞങ്ങള്‍ വലുതായിത്തീര്‍ന്നു,’ സെലെന്‍സ്‌കി പറഞ്ഞു. കീവില്‍ വധഭീഷണി ഉള്ളതിനാല്‍ താന്‍ എവിടെയാണെന്ന് സെലെന്‍സ്‌കി വെളിപ്പെടുത്തിയില്ല. പാശ്ചാത്യ രാജ്യങ്ങള്‍ നോ-ഫ്ളൈ സോണ്‍ സ്ഥാപിക്കണമെന്ന ആവശ്യം ഇദ്ദേഹം ആവര്‍ത്തിച്ചു. ഉക്രൈനിയന്‍ ആകാശം ഉറപ്പാക്കണമെന്ന് യുകെയോട് സെലന്‍സ്‌കി ആവശ്യപ്പെട്ടു.

യുകെയുടെ അഭിവാദ്യം

റഷ്യന്‍ തോക്കുകള്‍ക്ക് മുന്നിലും പതറാതെ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഉറച്ചുനില്‍ക്കുന്ന പ്രസിഡന്റ് സെലെന്‍സ്‌കിയെ ബോറിസ് ജോണ്‍സണ്‍ അഭവാദ്യമര്‍പ്പിച്ചു. സെലെന്‍സ്‌കിയുടെ പ്രസംഗം കാണാനും കേള്‍ക്കാനും പാര്‍ലമെന്ററി ഗാലറിയില്‍ വന്‍ തിരക്കായിരുന്നു. യുകെയിലെ ഉക്രൈനിയന്‍ അംബാസഡറും സദസ്സിലുണ്ടായിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.