head2
head 3
head1

ഉക്രൈനെ വിഭജിക്കാന്‍ റഷ്യന്‍ നീക്കമെന്ന് ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി

കീവ്: രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് റഷ്യയുടെ രഹസ്യനീക്കമെന്ന് ഉക്രൈന്‍. കൊറിയയെ രണ്ടാക്കിയതുപോലെ സൗത്തും നോര്‍ത്തുമായി വിഭജിക്കാനാണ് റഷ്യയുടെ ലക്ഷ്യം.

കീവ് പിടിച്ചെടുക്കാനും ഉക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുമുള്ള പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടതോടെയാണ് പുതിയ തന്ത്രമെന്ന് ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കൈറിലോ ബുഡനോവ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

രാജ്യത്തിനെ വേര്‍തിരിക്കാന്‍ റഷ്യ ശ്രമിക്കുന്നുവെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ഇദ്ദേഹം വിശദീകരിക്കുന്നു.

1950-53 ലെ സംഘര്‍ഷം സമാധാന ഉടമ്പടിക്ക് പകരം യുദ്ധവിരാമത്തിലാണ് അവസാനിച്ചത്. അതിന് ശേഷവും രണ്ട് കൊറിയകളും സാങ്കേതികമായി ഇപ്പോഴും യുദ്ധത്തിലാണ്.നാല് കിലോമീറ്റര്‍ വീതിയും 248 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ഇവരുടെ അതിര്‍ത്തി. അതുപോലെ സ്വതന്ത്ര ഉക്രെയ്‌നിന് ബദലായി രണ്ട് രാഷ്ട്രങ്ങള്‍ സ്ഥാപിക്കാനാണ് റഷ്യന്‍ ശ്രമം. അതിനാണ് കിഴക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുന്നതെന്നും ഇദ്ദേഹം ആരോപിക്കുന്നു.

അധിനിവേശ പ്രദേശങ്ങളില്‍ സമാന്തര പ്രാദേശിക സര്‍ക്കാരുകള്‍ സ്ഥാപിക്കാന്‍ ശ്രമമുണ്ട്. ഉക്രൈനിയന്‍ കറന്‍സി ഉപേക്ഷിക്കാനും ആളുകളെ നിര്‍ബന്ധിക്കുന്നുണ്ട്. ഇതെല്ലാം നമുക്ക് കാണാന്‍ കഴിയുന്ന സംഗതികളാണെന്നും ഇന്റലിജന്‍സ് മേധാവി പറയുന്നു.

Comments are closed.