head 3
head1
head2

‘പ്രശ്നം ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം’… വഴിത്തിരിവാകുന്ന പ്രസ്താവനയുമായി ഉക്രെയ്ന്‍ പ്രസിഡന്റ്

കീവ് : റഷ്യയുടെ അധിനിവേശത്തിന്റെ പേരില്‍ ആരും പരിഭ്രാന്തരാകേണ്ടെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്. ഈ പ്രശ്നത്തില്‍ മറ്റു യൂറോപ്യന്‍ – പാശ്ചാത്യരാജ്യങ്ങളുടെ ഇടപെടല്‍ വേണ്ട ഞങ്ങള്‍ തന്നെ കൈകാര്യം ചെയ്തുകൊള്ളാമെന്ന ധ്വനിയാണ് പ്രസിഡന്റിന്റെ സ്വരത്തിലുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിര്‍ത്തിയിലെ പ്രതിസന്ധി നേരിടാനുള്ള നാറ്റോയുടെ സൈനിക വിന്യാസവും അമേരിക്കയുടെ ശക്തമായ പിന്തുണയുമെല്ലാം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉക്രെയനില്‍ നിന്നും ഇത്തരം പരാമര്‍ശമുണ്ടായത്.

യൂറോപ്പിലാകെ യുദ്ധസാധ്യതയും പിരിമുറുക്കവുമെല്ലാം വലിയ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. അതിനിടയിലാണ് ഈ പ്രശ്നത്തില്‍ വഴിത്തിരിവാകുന്ന പ്രസിഡന്റ് വ്ളോടിമര്‍ സെലെന്‍സ്‌കിയുടെ പാശ്ചാത്യ രാജ്യങ്ങളോടുള്ള അഭ്യര്‍ഥനയുണ്ടായത്.

പരിഭ്രാന്തി ആവശ്യമില്ലെന്ന് സെലെന്‍സ്‌കി വാര്‍ത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്. ഇതിനകംതന്നെ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ കൂടുതല്‍ അപകടത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ല. നാളെ യുദ്ധമുണ്ടാകുമെന്നാണ് ചില രാഷ്ട്രനേതാക്കള്‍ പറയുന്നത്. ഇത് ആശങ്കയും പരിഭ്രാന്തിയുമാണ്- അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഈ ആഹ്വാനം വന്നത്. സംഘര്‍ഷത്തിന് അയവുവരുത്തുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് ചര്‍ച്ചയില്‍ റഷ്യ ഉറപ്പുനല്‍കിയിരുന്നു.

അക്രമിക്കാന്‍ പദ്ധതിയില്ലെന്ന് റഷ്യ; തെളിവ് വേണമെന്ന് ഉക്രെയ്ന്‍

ഉക്രെയ്‌നെ ആക്രമിക്കാനുള്ള പദ്ധതികളൊന്നുമില്ലെന്നും റഷ്യ അറിയിച്ചു. എങ്കിലും ഒരിക്കലും നാറ്റോയില്‍ ചേര്‍ക്കരുത്, കിഴക്കന്‍ യൂറോപ്പിലും, മുന്‍ സോവിയറ്റ് രാജ്യങ്ങളിലുമുള്ള നാറ്റോ സേനയുടെ പിന്‍മാറ്റം തുടങ്ങി ഒട്ടേറെ സുരക്ഷാ നിബന്ധനകളും മുന്നോട്ടുവെച്ചു. എന്നാല്‍ ഈ ആവശ്യങ്ങളോട് നാറ്റോയും അമേരിക്കയും അനുകൂലമായി പ്രതികരിക്കാത്തതിലുള്ള നിരാശ റഷ്യ മാക്രോണിനോട് വ്യക്തമാക്കി.

അതേസമയം, ചുറ്റും 100,000 -ത്തോളം സൈനികരെ വിന്യസിച്ചതിന് ശേഷം ആക്രമിക്കാന്‍ ഉദ്ദേശമില്ലെന്ന് പറയുന്നതിനെ സെലെന്‍സ്‌കി വിമര്‍ശിച്ചു. ഇക്കാര്യം തെളിയിക്കണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

ഒരു രാജ്യവും മറ്റുള്ളവരുടെ ചെലവില്‍ സുരക്ഷ ശക്തിപ്പെടുത്തേണ്ടതില്ലെന്നതാണ് റഷ്യന്‍ നിലപാടെന്ന് പുടിന്‍ പറഞ്ഞു. ശ്രദ്ധാപൂര്‍വ്വം സാഹചര്യം പഠിച്ച ശേഷം മാത്രമേ തുടര്‍ നടപടികളെക്കുറിച്ച് തീരുമാനിക്കുകയുള്ളവെന്നും പുടിന്‍ വിശദീകരിച്ചു. അതിനിടെ റഷ്യന്‍ വിരുദ്ധ നയങ്ങളുടെ പേരില്‍ ഒട്ടേറെ ഇയു ഉദ്യോഗസ്ഥര്‍ക്ക് റഷ്യ വിലക്ക് പ്രഖ്യാപിച്ചു.

അടുത്ത ചര്‍ച്ച ഫെബ്രുവരിയില്‍ ബെര്‍ലിനില്‍

ഈ ആഴ്ച പാരീസില്‍ നടന്ന റഷ്യന്‍-ഉക്രെയ്ന്‍-ഫ്രാന്‍സ്- ജര്‍മ്മനി ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്നലെ ഇരുകക്ഷി ചര്‍ച്ചയുണ്ടായത്. കിഴക്കന്‍ ഉക്രെയ്‌നിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 2019ല്‍ മോസ്‌കോയും കൈവും ഒപ്പുവെച്ച ആദ്യത്തെ സംയുക്ത കരാറിനെ അടിസ്ഥമാക്കിയായിരുന്നു ചര്‍ച്ച. പ്രതിസന്ധി ലഘൂകരിക്കാന്‍ റഷ്യയുമായി ഫെബ്രുവരിയില്‍ ബെര്‍ലിനില്‍ തുടര്‍ചര്‍ച്ച നടത്താനും തീരുമാനമായി. ഇതിനെ ഉക്രൈന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിഘടനവാദി നേതാക്കളുമായി നേരിട്ടു ഉക്രെയ്ന്‍ സംഭാഷണം നടത്തണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു.

സ്വന്തം സഖ്യം ഉക്രെയ്ന് തീരുമാനിക്കാമെന്ന് യുഎസ്

എന്നാല്‍ ഉക്രെയ്നിന് സ്വന്തം സഖ്യകക്ഷികളെ നിര്‍ണ്ണയിക്കാന്‍ അവകാശമുണ്ടെന്നാണ് യുഎസ് നാറ്റോ വിപുലീകരണ നിരോധനമെന്ന റഷ്യന്‍ ആവശ്യത്തോട് പ്രതികരിച്ചത്. മിസൈല്‍ സ്ഥാപനത്തെക്കുറിച്ചും മറ്റ് ആശങ്കകളെക്കുറിച്ചും ചര്‍ച്ചനടത്താമെന്നും വാഷിംഗ്ടണ്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെലെന്‍സ്‌കിയുമായി ഇന്നലെ ടെലിഫോണിലും സംഭാഷണം നടത്തി. കൂടുതല്‍ സാമ്പത്തിക സഹായം അമേരിക്ക പരിഗണിക്കാമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, നാറ്റോ 8500 സൈനികരെ ഉക്രെയ്നു വേണ്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്. യുദ്ധോപകരണങ്ങളും എത്തിച്ചിട്ടുണ്ട്.

Comments are closed.