head2
head1
head 3

ഉക്രെയിന് ഇയു അംഗത്വം ഉടന്‍ ലഭിച്ചേക്കില്ല; പിന്തുണയുമായി എട്ട് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ബ്രസല്‍സ് : റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും ഉക്രെയിന് അംഗത്വം നല്‍കണമെന്ന ആവശ്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ തീരുമാനം നീളുന്നു. സാധാരണനിലയിലുള്ള നടപടിക്രമങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഉക്രെയിന് ഉടന്‍ അംഗത്വം ലഭിക്കില്ല. കാരണം ഇയു അംഗത്വമെന്നത് വലിയ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അംഗത്വ നടപടികള്‍ വേഗത്തിലാക്കാനുമാകില്ല. വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരിക്കുന്ന അഞ്ച് രാജ്യങ്ങള്‍ വേറെയുണ്ടെന്നതാണ് ഇതിന് കാരണം.

യൂറോപ്യന്‍ യൂണിയിന്റെ ഭാഗമാകുന്നതിലൂടെ സൈനിക, സാമ്പത്തിക, രാഷ്ട്രീയ പിന്തുണ വേഗത്തിലാക്കാനും സഹായിക്കുമെന്ന് ഉക്രെയ്ന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തീരുമാനം നീളുന്നത് പ്രതീക്ഷയ്ക്ക് മേല്‍ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഉക്രെയ്ന്‍ പ്രസിഡന്റ് തിങ്കളാഴ്ച ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയിട്ടുണ്ട്.

കിഴക്കന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നിട്ടും അംഗത്വം വേണമെന്ന ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലെന്‍സ്‌കിയുടെ അപേക്ഷയില്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തിട്ടില്ല.

അംഗത്വം നല്‍കണമെന്ന് എട്ട് രാജ്യങ്ങള്‍

അതിനിടെ ഉക്രെയ്ന് ഉടന്‍ തന്നെ ഇയു കാന്‍ഡിഡേറ്റ് രാജ്യ പദവി നല്‍കണമെന്ന് എട്ട് മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് റിപ്പബ്ലിക് ഓഫ് ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് എസ്റ്റോണിയ, റിപ്പബ്ലിക് ഓഫ് ലാത്വിയ, റിപ്പബ്ലിക് ഓഫ് ലിത്വാനിയ, റിപ്പബ്ലിക് ഓഫ് പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റിപ്പബ്ലിക് ഓഫ് സ്ലോവേനിയ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം ഉടനുണ്ടാകണമെന്ന ആവശ്യമുന്നയിച്ചത്.

ഉക്രെയ്നെ യൂറോപ്യന്‍ യൂണിയന്‍ കമ്മ്യൂണിറ്റിയിലേക്ക് സ്വാഗതം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി പോളണ്ട് വിദേശകാര്യ മന്ത്രി ബിഗിന്യൂ റോ ട്വീറ്റ് ചെയ്തു. ഉക്രെയ്നിന്റെ പ്രവേശനത്തിനാവശ്യമായ എല്ലാ സഹായവും പോളണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളുടെ കാത്തിരിപ്പുമായി അഞ്ച് രാജ്യങ്ങള്‍

തുര്‍ക്കി, സെര്‍ബിയ, നോര്‍ത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ, അല്‍ബേനിയ എന്നീ അഞ്ച് രാജ്യങ്ങള്‍ക്കാണ് ഇനിയും അംഗത്വം നല്‍കാനുള്ളത്. ഇവരുടെ കാര്യത്തില്‍ വര്‍ഷങ്ങളായിട്ടും ഇനിയും തീരുമാനമെടുത്തിട്ടില്ല.

യൂറോപ്യന്‍ യൂണിയനില്‍ അവസാനമായി ചേര്‍ന്ന രാജ്യം ക്രൊയേഷ്യയാണ്, അത് 2013 -ലായിരുന്നു അത്. ഏതാണ്ട് ഒരു ദശാബ്ദത്തോളം നീണ്ട ചര്‍ച്ചകള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും ശേഷമായിരുന്നു ഈ രാജ്യത്തിന് അംഗത്വം നല്‍കിയത്.

1957ല്‍ ആറ് രാജ്യങ്ങള്‍ ചേര്‍ന്നാണ് മറ്റൊരു പേരില്‍ ഇപ്പോഴത്തെ യൂറോപ്യന്‍ യൂണിയന് തുടക്കമിട്ടത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടെ നാല് തവണകളായാണ് അത് വികസിപ്പിച്ചത്. 2020ല്‍ ബ്രിട്ടന്‍ പുറത്തുകടന്നതോടെ 27 അംഗരാജ്യങ്ങളാണുള്ളത്.

വിപുലീകരണം വിവാദ വിഷയം

ഇയു ബ്ലോക്ക് വിപുലീകരിക്കുന്നത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മീഹോള്‍ പറഞ്ഞു. യൂണിയന്റെ വിപുലീകരണം വളരെ സെന്‍സിറ്റീവായ വിഷയമാണെന്ന് കമ്മീഷന്‍ വക്താവ് അന പിസോനെറോ പറഞ്ഞു.

ഇയുവില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാധാരണയായി ദീര്‍ഘവും സങ്കീര്‍ണ്ണവുമായ കാലതാമസം നേരിടേണ്ടിവരുന്നു. ഇയു നിലവാരത്തിലെത്താന്‍ വലിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. യൂറോയെ സ്വീകരിക്കാന്‍ അനുവദിക്കുന്ന നിലയിലേയ്ക്ക് സാമ്പത്തിക സ്ഥിതിയെത്തിയെന്ന് അവര്‍ തെളിയിക്കേണ്ടതുണ്ട്. അംഗത്വം ലഭിക്കുന്നതിന് ഒരുപാട് വര്‍ഷങ്ങള്‍’ വേണ്ടിവരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെല്‍ പറഞ്ഞു.

ഉക്രെയ്ന്‍ ഒരു യൂറോപ്യന്‍ രാജ്യമാണ്, അവരെ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് വോണ്‍ ഡെര്‍ ലെയന്റെ വക്താവ് എറിക് മാമര്‍ പറഞ്ഞു. എന്നിരുന്നാലും, അംഗത്വം നല്‍കുന്നതിന് യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെയും പിന്തുണയും അനുമതിയും ആവശ്യമാണ്. ഉക്രെയ്‌ന് അത് ലഭിച്ചിട്ടില്ല.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.