head 3
head1
head2

യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള അപേക്ഷയില്‍ ഒപ്പുവെച്ച് സെലെന്‍സ്‌കി; സമാധാന ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്‍മാറ്റം ആവശ്യപ്പെട്ട് ഉക്രെയ്ന്‍

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ അഞ്ചാം ദിവസത്തില്‍ ഒരു വശത്തു സമാധാന ചര്‍ച്ചയും മറു വശത്ത് ആക്രമണവും. ബെലാറൂസില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച സമാധാനം പാനസ്ഥാപിക്കുമോ എന്നായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. ആദ്യ റൗണ്ട് ചര്‍ച്ച അവസാനിച്ചപ്പോള്‍ ചില തീരുമാനങ്ങളിലെത്തിയെന്ന് പ്രതിനിധികള്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം റൗണ്ട് ചര്‍ച്ച പോളണ്ട്‌ബെലാറൂസ് അതിര്‍ത്തിയില്‍ നടക്കുമെന്ന് റഷ്യ അറിയിച്ചു.

വെടിനിര്‍ത്തലും റഷ്യന്‍ സേനാ പിന്മാറ്റവുമാണ് ഉക്രെയ്‌ന്റെ പ്രധാന ആവശ്യങ്ങളെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി നേരത്തെ തന്നെ അറിയിച്ചിരുന്നു. ചര്‍ച്ചയിലും സമ്പൂര്‍ണ സേനാപിന്‍മാറ്റം ഉക്രെയ്ന്‍ ആവശ്യപ്പെട്ടു. ഉക്രെയ്ന്‍ തലസ്ഥാനം കീവില്‍ നേരത്തെ കര്‍ഫ്യൂ നീക്കിയിരുന്നെങ്കിലും വീണ്ടും അവതരിപ്പിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ കീവില്‍നിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേന നിര്‍ദേശം നല്‍കി. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും സൈന്യം അറിയിച്ചു.

ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി ഉക്രെയ്ന്‍ പ്രസിഡന്റിനെ ക്ഷണിച്ചത്. റഷ്യന്‍ അധിനിവേശത്തിന് ബെലാറൂസ് സഹായം നല്‍കുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്ന് ഉക്രെയ്ന്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

ഇയു അംഗത്വത്തിനുള്ള അപേക്ഷയില്‍ ഒപ്പുവെച്ച് സെലെന്‍സ്‌കി

യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള അപേക്ഷയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഒപ്പുവച്ചു. യൂറോപ്യന്‍ യൂണിയനില്‍ ഉക്രെയ്‌ന് അടിയന്തരമായി അംഗത്വം നല്‍കണമെന്ന് സെലന്‍സ്‌കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അംഗത്വത്തിന് ഉക്രെയ്ന്‍ പ്രധാനമന്ത്രി അംഗത്യ രാജ്യങ്ങളുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചിരുന്നു. ഉക്രെയ്ന്‍ ചേരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ നേരത്തെ പറഞ്ഞിരുന്നു. ഉക്രെയ്ന്‍ നമ്മളില്‍ ഒരാളാണെന്നും, അവരെ പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വോണ്‍ ഡെര്‍ ലെയ്ന്‍ അഭിപ്രായപ്പെട്ടത്. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുക്രെയ്‌ന് സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.

തടവുകാരെയും യുദ്ധത്തിന് ഇറക്കാന്‍ ഉക്രെയ്ന്‍

റഷ്യയ്‌ക്കെതിരെ തടവുകാരെയും യുദ്ധത്തിനിറക്കാന്‍ തയ്യാറാവുകയാണ് ഉക്രെയ്ന്‍. യുദ്ധത്തിനായി സന്നദ്ധരായ തടവുകാരെ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് സെലന്‍സ്‌കി അറിയിച്ചു. റഷ്യന്‍ പട്ടാളക്കാരോട് ജീവന്‍ രക്ഷിച്ച് രാജ്യം വിട്ട് പോകാനും അദ്ദേഹം ആവശ്യപ്പെട്ടു.

ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ ആണവ പ്രതിരോധ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പുടിന്‍ നാറ്റോ പ്രകോപിപ്പിക്കുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പൗരന്മാരോട് ഉടന്‍ റഷ്യ വിടാന്‍ ആഹ്വാനം ചെയ്ത് അമേരിക്ക

അടിയന്തിരമായി റഷ്യ വിടാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് അമേരിക്ക. നയതന്ത്ര ഉദ്യോഗസ്ഥരോടും എത്രയും വേഗം മടങ്ങിയെത്താന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കി. ബെലാറൂസിലെ എംബസിയുടെ പ്രവര്‍ത്തനവും അമേരിക്ക നിര്‍ത്തിവച്ചു. ബെലാറൂസ് റഷ്യയ്ക്ക് സഹായം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ് നല്‍കി. മോസ്‌കോ എംബസിയിലെ പ്രധാന ചുമതലയില്ലാത്ത ഉദ്യോഗസ്ഥരോടും മടങ്ങാന്‍ നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുപോരാനാണ് യുസ് നിര്‍ദ്ദേശം.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.