head 3
head2
head1

പരീക്ഷ എഴുതിയവര്‍ക്ക് കൂട്ടത്തോല്‍വി; യൂ കെയില്‍ എത്താനുള്ള മോഹം വിടാതെ കെനിയന്‍ നഴ്സുമാര്‍

ബെല്‍ഫാസ്റ്റ് : കെനിയന്‍ നഴ്‌സുമാരെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബ്രിട്ടന്‍. ഇംഗ്ലീഷ് പരീക്ഷയിലെ കൂട്ടത്തോല്‍വിയാണ് പുതിയ പരിശീലനത്തിന് കാരണമായത്. ഇംഗ്ലീഷ് പരീക്ഷയെഴുതിയ 300 ആരോഗ്യ പ്രവര്‍ത്തകരില്‍ 10 പേര്‍ മാത്രമാണ് വിജയിച്ചത്. ഇക്കാര്യം ഒക്ടോബറില്‍ ഹെല്‍ത്ത് സിഎസ് മുത്തഹി കാഗ്വെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ പരീക്ഷണമൊരുങ്ങുന്നത്.

300 നഴ്‌സുമാരുടെ ആദ്യ സംഘത്തിന് നെയ്‌റോബിയിലെ കെനിയ മെഡിക്കല്‍ ട്രെയിനിംഗ് കോളജിലാണ് പരിശീലനം നല്‍കുന്നത്. ആറാഴ്ച കാലമാണ് പരിശീലനം. അതിനു ശേഷം വീണ്ടും പരീക്ഷയെഴുതണം. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം കുറവായതിനാല്‍ യുകെയില്‍ ആര്‍ക്കും ജോലി ലഭിക്കാത്ത സ്ഥിതിയിലാണ് പുതിയ പരീക്ഷണം പ്രസക്തമാകുന്നത്.

ലക്ഷ്യം 20000 കെനിയന്‍ നഴ്സുമാര്‍

കെനിയ-യുകെ സര്‍ക്കാരുകള്‍ തമ്മില്‍ ജൂലൈയില്‍ ഒപ്പുവച്ച ഉഭയകക്ഷി കരാറിന്റെ ഭാഗമാണ് പുതിയ പരിശീലന മുറകള്‍. കെനിയന്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളെ യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന കരാറിലാണ് കെനിയ, യുകെ, നോര്‍ത്തേണ്‍ അയര്‍ലണ്ട് സര്‍ക്കാരുകളുമായി ഒപ്പുവെച്ചത്.കഴിഞ്ഞ ജൂലൈയില്‍ പ്രസിഡന്റ് ഉഹുറു കെനിയാട്ട യുകെ സന്ദര്‍ശിച്ചപ്പോഴാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 20,000 കെനിയന്‍ നഴ്സുമാരെ യുകെയിലെത്തിക്കുന്നതിനാണ് ലക്ഷ്യം.

കെനിയക്കാര്‍ക്ക് യുകെയില്‍ ജോലി ലഭിക്കുന്നതിന് സാധ്യത വര്‍ധിപ്പിക്കുന്നതിന് കെനിയയും യുകെയും തമ്മിലുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുമെന്ന് കെനിയയിലെ ഡെപ്യൂട്ടി ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജോസഫിന്‍ ഗൗള്‍ഡ് പറഞ്ഞു. എല്ലാ കെനിയന്‍ നഴ്സുമാര്‍ക്കും യുകെയില്‍ ജോലി ലഭ്യമാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഇംഗ്ലീഷ് പരിശീലനവും അക്രഡിറ്റേഷന്‍ പ്രോഗ്രാമുമെന്ന് അവര്‍ പറഞ്ഞു.

ജോലി ലഭിക്കണമെങ്കില്‍…

യുകെയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ നഴ്‌സുമാര്‍ ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റമോ (ഐഇഎല്‍ടിഎസ്) ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റോ (ഒഇടി), കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റോ (സിബിടി) വിജയിക്കേണ്ടതുണ്ട്.

ഐഇഎല്‍ടിഎസ് വിജയിക്കുന്നതിന്, റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് എന്നിവയ്ക്ക് മൊത്തത്തില്‍ ഏഴോ അതിലധികമോ സ്‌കോര്‍ വേണം. എഴുത്തില്‍ 6.5 സ്‌കോറും ആവശ്യമാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റില്‍ ഗ്രേഡുകളിലാണ് സ്‌കോര്‍. വിജയിക്കാന്‍, ബി /എ ഗ്രേഡുകള്‍ ലഭിക്കണം.

ജോലി ലഭിച്ചാല്‍…

ജോലി ലഭിക്കുന്ന നഴ്‌സുമാര്‍ക്ക് മൂന്ന് വര്‍ഷത്തെ കരാറാണ് ലഭിക്കുക. എത്തിച്ചേരുമ്പോള്‍ മൂന്ന് മാസത്തെ സൗജന്യ താമസവും ലഭിക്കും. കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി പുതുക്കാം.

വിമാന ടിക്കറ്റുകളും യുകെ ഗവണ്‍മെന്റ് നല്‍കും. പേമെന്റ് വര്‍ധനവ്, ഓവര്‍ടൈം, ലീവ് അവകാശങ്ങള്‍ എന്നിവയ്ക്കും അര്‍ഹതയുണ്ടാകും. മൂന്ന് മാസത്തെ കാലയളവിന് ശേഷം കുടുംബങ്ങളെയും കൂടെ കൊണ്ടു പോകാന്‍ കഴിയും.

എന്നാല്‍ കെനിയന്‍ നഴ്സുമാര്‍ ഇംഗ്ലീഷ് പരീക്ഷ പാസ്സാവാതെ വന്നതിനാല്‍ ഉണ്ടായ പ്രതിസന്ധി അതിജീവിക്കാനാണ് ഇപ്പോള്‍ തീവ്ര പരിശീലനം തുടങ്ങിയിരിക്കുന്നത്. എല്ലാവരെയും ഇംഗ്ലീഷ് പഠിപ്പിച്ചേ തീരു എന്ന വാശിയിലാണ് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പരിശീലനം !

Comments are closed.