head 3
head1
head2

ഒമിക്രോണ്‍ ബാധയില്‍ റെക്കോര്‍ഡിട്ട് യുകെ… ഒറ്റ ദിവസം 2.18 ലക്ഷം പേര്‍ക്ക് കോവിഡ്!

ലണ്ടന്‍ : ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ ഒമിക്രോണ്‍ കോവിഡ് ബാധിതരെ സ്ഥിരീകരിച്ച് യു.കെ ‘ലോക റെക്കോഡിട്ടു’. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200,000 -ത്തിലധികം കൊറോണ വൈറസ് കേസുകളാണ് യുകെ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.

പുതുവര്‍ഷത്തോടനുബന്ധിച്ച് തുടരുന്ന സ്വന്തം റെക്കോഡുകള്‍ ഭേദിച്ചാണ് ഒരു ദിവസം 2,18,724 കോവിഡ് ബാധിതരെ പ്രഖ്യാപിച്ചത്. കൂടാതെ 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പാന്‍ഡെമിക്കിന്റെ മുന്‍ തരംഗങ്ങളിലേതു പോലെ ആശുപത്രി പ്രവേശനം കാര്യമായി വര്‍ധിച്ചിട്ടില്ലെങ്കിലും വെന്റിലേഷന്‍ ആവശ്യമായി വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനിടെ ആരോഗ്യ പ്രവര്‍ത്തകരിലെ കോവിഡ് ബാധയും സര്‍ക്കാരിന് വെല്ലുവിളിയാവുകയാണ്.

കോവിഡ് പോസിറ്റീവായി വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ ജീവനക്കാര്‍ നിരവധിയാണ്. ആവശ്യത്തിന് സ്റ്റാഫുകളില്ലാതെ ആശുപത്രി സംവിധാനം മുന്നോട്ടുകൊണ്ടുപോകാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) കഷ്ടപ്പെടുകയാണ്.

ഗതാഗത സംവിധാനം മുതല്‍ മാലിന്യ നീക്കം വരെ കോവിഡ് ബാധ മൂലം പ്രതിസന്ധിയിലാണ്. ഗാര്‍ഹിക ബിന്‍ ശേഖരണം പോലുള്ള മുനിസിപ്പല്‍ സേവനങ്ങളും തടസ്സപ്പെട്ടു.

കോവിഡ് വ്യാപനം മൂലം എത്ര പേരാണ് സെല്‍ഫ് ഐസൊലേഷനിലും മറ്റുമുള്ളതെന്ന് സര്‍ക്കാരിന് പോലും വ്യക്തതയില്ലാത്ത നിലയിലാണ് സംഗതികള്‍. ഇക്കാര്യം വാക്സിന്‍ മന്ത്രി മാഗി ത്രൂപ്പ് സ്ഥിരീകരിച്ചു.

അതേസമയം, ഒമിക്രോണ്‍ തരംഗത്തെ പ്രതിരോധിക്കാന്‍ കോവിഡ് ലോക്ക്ഡൗണ്‍ ഒഴിവാക്കിയുള്ള തന്റെ സര്‍ക്കാരിന്റെ ‘പ്ലാന്‍ ബി’ നടപടികളില്‍ ഉറച്ചുനില്‍ക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

വര്‍ക്ക് ഫ്രം ഹോം, മാസ്‌ക് ധരിക്കല്‍, കോവിഡ് ഹെല്‍ത്ത് പാസുകളുടെ ഉപയോഗം എന്നിവ നിര്‍ബന്ധിതമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജോണ്‍സണ്‍ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം അവസാനിച്ചുവെന്ന തോന്നല്‍ ആര്‍ക്കും വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍എച്ച.എസ് സ്റ്റാഫിംഗ് വിടവുകള്‍ നികത്താന്‍ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു.

വാക്സിനെടുക്കാത്ത രാജ്യങ്ങള്‍ പ്രശ്നത്തിലാകുമെന്നും മുന്നറിയിപ്പ്; ഒമിക്രോണിന് നേരിയ ലക്ഷണങ്ങള്‍ മാത്രമെന്ന് ലോകാരോഗ്യ സംഘടന

ജനീവ : ഒമിക്രോണ്‍ വേരിയന്റ് അപ്പര്‍ റെസ്പിറേറ്ററി ട്രാക്ടിനെ ബാധിക്കുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ലോകാരോഗ്യ സംഘടന. മുന്‍ വേരിയന്റുകളേക്കാള്‍ കുറഞ്ഞ ലക്ഷണങ്ങളേ ഇത് കാണിക്കുന്നുള്ളുവെന്ന് ലോകാരോഗ്യ സംഘടനയുടെ ഇവന്റ് മാനേജര്‍ അബ്ദി മഹമൂദ് വെളിപ്പെടുത്തി. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത രാജ്യങ്ങളില്‍ ഇത് വലിയ ഭീഷണി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമൈക്രോണിന് പ്രത്യേക വാക്‌സിന്‍ ആവശ്യമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മഹമൂദ് പറഞ്ഞു.

പുതിയ റെക്കോര്‍ഡുമായി സ്വീഡന്‍

അതിനിടെ, സ്വീഡന്‍ പുതിയ പ്രതിദിന കോവിഡ് കേസ് റെക്കോര്‍ഡ് സ്ഥാപിച്ചു. ഡിസംബര്‍ 30ന് ഒറ്റ ദിവസം 11,507 കേസുകള്‍ രജിസ്റ്റര്‍ ചെയ്താണിത്. 2020 ഡിസംബര്‍ അവസാനത്തെ 11,376 ആയിരുന്നു മുന്‍ റെക്കോര്‍ഡ്.

ഓസ്‌ട്രേലിയയില്‍ ആശുപത്രി പ്രവേശനം കൂടി

ഓസ്‌ട്രേലിയയില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ന്യൂ സൗത്ത് വെയില്‍സിലുള്‍പ്പടെ ആശുപത്രി പ്രവേശനത്തിന്റെ എണ്ണം ഡെല്‍റ്റ തരംഗത്തിലേതിലെ സംഖ്യകളെ മറികടന്നു.

ചൈനയില്‍ ഇളവില്ല

കേസുകള്‍ കുറഞ്ഞിട്ടും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ ചൈനയിലെ സിയാന്‍ സിറ്റി തയ്യാറായിട്ടില്ല. കോവിഡിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവിടം ലോക്ക്ഡൗണിലായിരുന്നു.

വാരാന്ത്യ കര്‍ഫ്യൂവുമായി ഇന്ത്യ

ഒമൈക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒട്ടുമിക്ക ഓഫീസുകളിലും പകുതി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ബ്രസീലില്‍ കോവിഡ് രോഗികള്‍ പെരുകുന്നു

മൂന്ന് കപ്പലുകളില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രസീലിന്റെ ക്രൂയിസ് അസോസിയേഷന്‍ യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

നിലവില്‍ യാത്രയിലുള്ള ക്രൂയിസ് കപ്പലുകള്‍ അവരുടെ ടൂറുകള്‍ അവസാനിപ്പിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

എന്നാല്‍ ഒമിക്രോണ്‍ വേരിയന്റിന്റെ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ കണ്ടെത്തിയ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വളരെ കുതിച്ചുയരുകയാണ്.

Comments are closed.