head1
head2
head 3

ലോക്ക്ഡൗണ്‍ പാര്‍ട്ടി; രാജ്യത്തോട് ക്ഷമാപണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇംഗ്ലണ്ട് : ലോക്ക് ഡൗണ്‍ വിലക്കുകള്‍ക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ ആഘോഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച സംഭവത്തില്‍ ക്ഷമാപണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇതു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.

അതിനിടെ, അവിശ്വാസത്തില്‍ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച പോലീസ് അന്വേഷണത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എതിരാളികളെ തണുപ്പിക്കാനും സപ്പോര്‍ട്ട് ചെയ്യുന്നവരെ കൂടുതല്‍ ഉറപ്പിച്ചുനിര്‍ത്താനുമുള്ള സാവകാശത്തിനുള്ള സമയമെടുക്കലായാണ് ഇതിനെ വിലയിരുത്തുന്നത്.

പുറത്തുവന്ന ഗ്രേ റിപ്പോര്‍ട്ടിനു പുറമേ സര്‍ക്കാരിന്റെ ‘ആസൂത്രിത’ കോവിഡ് നിയമലംഘനത്തിനെതിരെ തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് പ്രധാനമന്ത്രിയുടെ നില പരുങ്ങലിലായത്. ഗ്രേ റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്തു വന്നതോടെയാണ് ‘ലേലു അല്ലു’ പ്രസ്താവനയുമായി പ്രധാനമന്ത്രിയുടെ രംഗപ്രവേശം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ കൈകാര്യം ചെയ്തതിലും സംഭവിച്ചതിലും അതിയായി ഖേദിക്കുന്നതായി ജോണ്‍സണ്‍ പാര്‍ലമെന്റില്‍ എംപിമാരോട് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുള്ള ഈ വേളയിലും രാജിവെയ്ക്കില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. തെറ്റ് ബോധ്യപ്പെട്ടു, അത് തിരുത്താന്‍ അതിശക്തമായ നടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭര്‍ത്താവിന്റെ വിയോഗത്തില്‍ വിന്റ്സര്‍ കാസിലിലെ ചാപ്പലില്‍ ഒറ്റയ്ക്കിരുന്ന് വിലപിക്കേണ്ടിവന്ന സ്ഥിതിയില്‍ എലിസബത്ത് രാജ്ഞിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ഷമാപണം നടത്തി. അതിനിടെ, മെട്രോപൊളിറ്റന്‍ പോലീസിന്റെ കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കണമെന്ന് ഹൗസ് ഓഫ് കോമണ്‍സിലെ പ്രതിഷേധത്തിനിടയില്‍ ജോണ്‍സണ്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു.

കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍ കഴിയാതെ മറ്റുള്ളവര്‍ നിയമങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതിനിടയിലാണ് ഡൗണിംഗ് സ്ട്രീറ്റില്‍ ഇത്തരം പ്രവൃത്തികളുണ്ടായതെന്ന് ഗ്രേയുടെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. 70 -ലധികം ആളുകകളെ ചോദ്യം ചെയ്തും ഇമെയിലുകള്‍, വാട്ട്‌സ് ആപ്പ്, ടെസ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഡൗണിംഗ് സ്ട്രീറ്റിന്റെ എന്‍ട്രി, എക്സിറ്റ് ലോഗുകള്‍ എന്നിവയെല്ലാം പരിശോധിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡൗണിംഗ് സ്ട്രീറ്റിലെ അതിരുവിട്ട മദ്യപാനത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിപുലീകരണത്തെയും റിപ്പോര്‍ട്ട് അപലപിച്ചു. അതേസമയം, ബോറിസ് ജോണ്‍സന്റെ രാജിയ്ക്കായുള്ള മുറവിളി തുടരുകയാണ്. തന്റെ ‘പേക്കൂത്തുകളെല്ലാം’ നിയമവിധേയമായിരുന്നുവെന്ന് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ജോണ്‍സന്‍ ചെയ്തതെന്ന് എതിരാളികള്‍ ആരോപിക്കുന്നു. എംപിമാരെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തിയാല്‍ മന്ത്രിമാര്‍ സാധാരണയായി രാജിവെക്കുകയാണ് പതിവ്. എന്നാല്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചു കിടക്കുകയാണ് ചെയ്യുന്നതെന്ന് എതിരാളികള്‍ ആരോപിക്കുന്നു.

ജോണ്‍സണ്‍ ലജ്ജയില്ലാത്ത മനുഷ്യനാണെന്ന് ലേബര്‍ നേതാവും മുന്‍ ചീഫ് പ്രോസിക്യൂട്ടറുമായ കെയര്‍ സ്റ്റാര്‍മര്‍ ആരോപിച്ചു. അതിനിടെ, അവിശ്വാസ പ്രമേയം വരുമെന്ന് കരുതുന്ന ഈ ഘട്ടത്തിലും പ്രധാനമന്ത്രിയ്ക്കെതിരെ കൂടുതല്‍ എംപിമാര്‍ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പോലീസ് അന്വേഷണം മാസങ്ങള്‍ നീട്ടിക്കൊണ്ടുപോയി പ്രതിഷേധം തണുപ്പിക്കാനുള്ള തന്ത്രമാണ് ബോറിസ് ജോണ്‍സണ്‍ പയറ്റുന്നതെന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.

Comments are closed.