head1
head 3
head2

കോവിഡ് ഭീതിയില്‍ നടുങ്ങി ബ്രിട്ടണ്‍, താല്‍ക്കാലിക ഹോസ്പിറ്റലുകള്‍ നിര്‍മ്മിക്കുന്നു

ബെല്‍ഫാസ്റ്റ് : ജീവനക്കാരിലെ കോവിഡ് വ്യാപനം ബ്രിട്ടണിലെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സ്റ്റാഫിന്റെ രൂക്ഷമായ ക്ഷാമമാണ് ആശുപത്രികളില്‍ നേരിടുന്നത്. കോവിഡ് ബാധ മൂലം ഇംഗ്ലണ്ടില്‍ ആശുപത്രി ജീവനക്കാരുടെ കുറവ് ഒരു മാസത്തിനുള്ളില്‍ ഇരട്ടിയിലധികമായെന്ന് എന്‍.എച്ച്.എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തുന്നു.

അതേസമയം, പ്രധാന ആശുപത്രികളെല്ലാം നിറയുമെന്ന് കണ്ടതിനെ തുടര്‍ന്ന് താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കുകയാണ്. ജിമ്മുകളും വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പോലുള്ളവയിലെല്ലാമായി 4,000 സൂപ്പര്‍ സര്‍ജ് കിടക്കകളാണ് എന്‍എച്ച്എസ് സജ്ജമാക്കുന്നത്. അതിനിടെയാണ് ജീവനക്കാരുടെ അഭാവം ചോദ്യമാകുന്നത്.

രോഗികളായവരും ക്വാറന്റൈനില്‍ കഴിയുന്നവരുമടക്കമുള്ള ആശുപത്രി ജീവനക്കാരുടെ എണ്ണം നവംബര്‍ 29ന് 11,375 ആയിരുന്നു. ഇത് ഡിസംബര്‍ 26ന് 24,362 ആയി ഉയര്‍ന്നതായി എന്‍.എച്ച്.എസ് സ്ഥിരീകരിച്ചു. കഴിഞ്ഞ പത്തു മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് വെളിപ്പെടുത്തുന്നു.

അതേസമയം, യുകെയില്‍ കോവിഡ് ബാധിതരായി ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 15000 -ത്തോളമായി. മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ആശുപത്രി പ്രവേശനത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 40% വര്‍ദ്ധനവാണിതെന്ന് ഇദ്ദേഹം പറയുന്നു.

വാക്സിനേഷനിലൂടെ പൊരുതാന്‍ യുകെ

കോവിഡ് വ്യാപനം ശക്തമാകുമ്പോഴും യുകെ പ്രദേശങ്ങളായ സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലേതു പോലെ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തയ്യാറായിട്ടില്ല. ബൂസ്റ്റര്‍ വാക്സിനേഷനിലൂടെ കോവിഡിനെ മെരുക്കിനിര്‍ത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. അതിനായി രാജ്യത്താകമാനം വാക്സിനേഷന്‍ അതി ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 189,846 പേര്‍ക്കാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്.

കൂടാതെ, കോവിഡ് ബാധിതരായ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്കു പോലും ഉപയോഗിക്കാവുന്ന പാക്‌സ്ലോവിഡ് ഗുളികയും 12 വയസിനുമുകളിലുള്ളവര്‍ക്ക് നല്‍കുകയാണ്.

ഫൈസറിന്റെ പാക്‌സ്ലോവിഡിന്റെയും യുഎസ് എതിരാളിയായ മെര്‍ക്ക്/എംഎസ്ഡിയുടെ മോള്‍നുപിരാവിറിന്റെയും നാല് മില്യണ്‍ കോഴ്‌സുകള്‍ വാങ്ങുന്നതിനുള്ള കരാറുകളില്‍ ഒപ്പുവച്ചതായി യുകെ സര്‍ക്കാര്‍ ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ആള്‍ നാശമുണ്ടായ രാജ്യങ്ങളിലൊന്നാണ് യുകെ.1,48,421 കോവിഡ് മരണങ്ങളാണ് യുകെയിലുണ്ടായത്.

Comments are closed.