head 3
head2
head1

കാരണം അജ്ഞാതം : യുകെയിലെ കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് വ്യാപകമാകുന്നത് ആശങ്കയുണ്ടാക്കുന്നു

ലണ്ടന്‍ : യുകെയിലെ കുട്ടികളില്‍ അജ്ഞാത കാരണങ്ങളാല്‍ ഹെപ്പറ്റൈറ്റിസ് വ്യാപകമാകുന്നത് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ഡസന്‍ കണക്കിന് കുട്ടികളിലാണ് ഹെപ്പറ്റൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. അവരില്‍ ചിലര്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ പോലും ആവശ്യമായി വന്നു.

സ്‌കോട്ട്ലന്‍ഡില്‍ ഗുരുതരമായ 10 ഹെപ്പറ്റൈറ്റിസ് കേസുകളാണ് ഏപ്രില്‍ അഞ്ചിന് ബ്രിട്ടന്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ദിവസത്തിന് ശേഷം 74 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആറ് കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ നടത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

അയര്‍ലണ്ടില്‍ അഞ്ച് കേസുകളും സ്പെയിനില്‍ മൂന്ന് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരിടത്തുനിന്നും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

10 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ അണുബാധ ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നിവയാണ് ലക്ഷണങ്ങള്‍. എ മുതല്‍ ഇ വരെയുള്ള ഹെപ്പറ്റൈറ്റിസ് വൈറസുകളൊന്നും കുട്ടികളില്‍ കണ്ടെത്തിയിട്ടില്ല.

കോവിഡ്-19 ആയി ബന്ധപ്പെട്ടതാണോ ഇതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നിരവധി കുട്ടികളില്‍ കൊറോണാ വൈറസുകളും മറ്റ് സാധാരണ വൈറസുകളും കണ്ടെത്തിയിട്ടുണ്ടെന്ന് സംഘടന പറഞ്ഞു. എന്നിരുന്നാലും ഹെപ്പറ്റൈറ്റിസ് അണുബാധയില്‍ ഇവയുടെ പങ്ക് ഇനിയും വ്യക്തമായിട്ടില്ല .

കോവിഡ് വാക്‌സിനുകളുമായുള്ള ബന്ധപ്പെട്ടതാണെന്ന ആരോപണം വിദഗ്ധര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ മീരാ ചന്ദ് പറഞ്ഞു. ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശങ്കയുണ്ടെങ്കില്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലിനെ ബന്ധപ്പെടണമെന്നും അവര്‍ മാതാപിതാക്കളോടും രക്ഷിതാക്കളോടും ആവശ്യപ്പെട്ടു.

Comments are closed.