head2
head1
head 3

ക്യാന്‍സര്‍ ചികില്‍സയില്‍ നിര്‍ണ്ണായക കണ്ടുപിടുത്തവുമായി ഐറിഷ് ഗവേഷകര്‍

ക്യാന്‍സറിന്റെ രണ്ടാം വരവ് തടയുന്നതിന് സംയോജിത കീമോ-ലിഥിയം തെറാപ്പി

കോര്‍ക്ക്: ക്യാന്‍സര്‍ ചികില്‍സയില്‍ ശ്രദ്ധേയ മുന്നേറ്റവുമായി കോര്‍ക്കിലെ ഗവേഷകര്‍. സംയോജിത കീമോ-ലിഥിയം തെറാപ്പി കീമോ-റെസിസ്റ്റന്റ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും അവ തിരികെ വരുന്നത് തടയുമെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അയര്‍ലണ്ടിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ കണ്ടെത്തലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കീമോതെറാപ്പി ചികില്‍സയെ കൂടുതല്‍ ഫലപ്രദമാക്കുകയും ക്യാന്‍സര്‍ വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ് പുതിയ കണ്ടെത്തല്‍. ലിഥിയം ഉപയോഗിച്ചുള്ള കീമോതെറാപ്പി സാധാരണ കീമോയിലുണ്ടാകുന്ന ആന്തരിക കേടുപാടുകള്‍ പരിഹരിക്കാനുള്ള കാന്‍സര്‍ കോശങ്ങളുടെ കഴിവിനെ തടയുമെന്ന് ഗവേഷണ സംഘം പറയുന്നു.

പരമ്പരാഗത കീമോതെറാപ്പി ചികിത്സയെ പ്രതിരോധിക്കുന്ന അന്നനാളം, വന്‍ കുടല്‍, ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ക്യാന്‍സറുകള്‍ എന്നിവയുടെ ചികിത്സയ്ക്കുള്ള ഒരു പുതിയ മാര്‍ഗമാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.

വിജയം കണ്ടത് ഒന്നര ദശാബ്ദത്തെ ഗവേഷണം

കഴിഞ്ഞ 15 വര്‍ഷമായി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായാണ് ചില ക്യാന്‍സറുകള്‍ മരുന്നുകളെ പ്രതിരോധിക്കുന്നതിന്റെ നിര്‍ണ്ണായകമായ കാരണങ്ങള്‍ ബ്രേക്ക്ത്രൂ കാന്‍സര്‍ റിസര്‍ച്ച്, യൂണിവേഴ്‌സിറ്റി കോളേജ് കോര്‍ക്ക്, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ സംയുക്ത ഗവേഷണ സംഘം കണ്ടെത്തിയത്.

ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ് ചികിത്സയില്‍ ലിഥിയം നിലവില്‍ മൂഡ് സ്റ്റെബിലൈസറായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കീമോതെറാപ്പിയില്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അതിനാല്‍ ഇതൊരു പുതിയ ആശയമാണെന്ന് ഗവേഷകര്‍ പറയുന്നു.

അറിയപ്പെടുന്ന മരുന്നായ ലിഥിയത്തിന്റെ ബദല്‍ ഉപയോഗമായതിനാല്‍, പ്രാഥമിക പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കി വേഗത്തില്‍ തന്നെ ചികിത്സയ്ക്കായി സ്വീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ലൈസന്‍സ് നേടുന്നതിന് ഒരുപക്ഷേ വര്‍ഷങ്ങളെടുത്തേക്കാമെന്നും ആശങ്കയുണ്ട്.

ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ മാത്രം 4,000 പേരുടെ കാന്‍സര്‍ രോഗനിര്‍ണയ ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ കണ്ടെത്തലിന് കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. അന്നനാളം, വന്‍കുടല്‍, മറ്റ് ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ക്യാന്‍സറുകള്‍ എന്നിവ മുഖേന പ്രതിവര്‍ഷം അയര്‍ലണ്ടില്‍ ഏകദേശം 1,750 പേരാണ് മരിക്കുന്നത്.

വന്‍കുടല്‍ ക്യാന്‍സര്‍ ചികില്‍സയില്‍ മുന്നേറ്റമുണ്ടാകും

അയര്‍ലണ്ടിലെ ക്യാന്‍സര്‍ മരണങ്ങളില്‍ രണ്ടാം സ്ഥാനമാണ് വന്‍കുടല്‍ കാന്‍സറിനുള്ളത്. പ്രതിവര്‍ഷം 1,000 -ത്തിലധികം പേരാണ് ഇത് ബാധിച്ചു മരിക്കുന്നത്. ഓരോ വര്‍ഷവും രാജ്യത്ത് 2,800 -ലധികം പുതിയ വന്‍കുടല്‍ ക്യാന്‍സര്‍ കേസുകളാണ് ഉണ്ടാകുന്നത്.

അന്നനാളം, ആമാശയ അര്‍ബുദം എന്നിവയ്ക്ക് അതിജീവന നിരക്ക് യഥാക്രമം 24%, 30% എന്നിങ്ങനെയാണ്. ഈ ക്യാന്‍സറുകള്‍ വളരെ നേരത്തെ തന്നെ കണ്ടെത്താനാകാത്തതിനാല്‍ കീമോതെറാപ്പിയാണ് ഏറ്റവും സാധാരണമായ ചികിത്സ. എന്നിരുന്നാലും, കീമോതെറാപ്പി മരുന്നുകളോട് കാന്‍സര്‍ കോശങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിരോധം ഉണ്ടാകുന്നതിനാല്‍ കാന്‍സര്‍ പലപ്പോഴും തിരികെ വരുന്നു.

ഈ വെല്ലുവിളി തിരിച്ചറിഞ്ഞാണ് ബ്രേക്ക്ത്രൂ കാന്‍സര്‍ റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ഈ വിഷയത്തില്‍ ഗവേഷണം നടത്തിയത്. കോശങ്ങളെ സ്വയം നന്നാക്കാനും വീണ്ടെടുക്കാനും പ്രാപ്തമാക്കുന്ന ഓട്ടോഫാഗി എന്ന സെല്‍ റീസൈക്ലിംഗ് പ്രക്രിയയാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. കോശങ്ങളെ റിപ്പയര്‍ ചെയ്യാനുള്ള ഈ കഴിവിനെ ലിഥിയം തടയുന്നുവെന്ന് അവര്‍ കണ്ടെത്തി. കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തിയെ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും മേഴ്‌സി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെയും കണ്‍സള്‍ട്ടന്റ് ഓങ്കോളജിസ്റ്റ് പ്രൊഫ. സീമസ് ഒ’റെയ്‌ലിയും യൂണിവേഴ്‌സിറ്റി കോളേജ് കോര്‍ക്കിലെ ഡോ. ഷാരോണ്‍ മക്കെന്നയുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

Comments are closed.