head2
head 3
head1

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു….

മുംബൈ: ഗായിക ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കര്‍ ഇന്ത്യന്‍ സമയം 9.47 AM ന് ആണ് മരണപ്പെട്ടത്. ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നില ഗുരുതരമാവുകയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ 1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ജനിച്ചത്. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികര്‍ ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍.

1942-ല്‍ 13-ാം വയസ്സിലാണ് ലതാ മങ്കേഷ്‌കര്‍ തന്റെ സംഗീതം ജീവിതം ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. . മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയ മങ്കേഷ്‌കര്‍ക്ക് ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഏഴു ദശാബ്ദക്കാലത്തെ കരിയറില്‍, ‘അജീബ് ദസ്തന്‍ ഹായ്’, ‘പ്യാര്‍ കിയാ തോ ഡര്‍ണാ ക്യാ’, ‘നീല അസ്മാന്‍ സോ ഗയാ’, ‘തേരേ ലിയേ’ തുടങ്ങിയ അവിസ്മരണീയമായ നിരവധി ഗാനങ്ങളാണ് ആ സ്വരമാധുരിയില്‍ പിറവികൊണ്ടത്.

Comments are closed.