head2
head 3
head1

50 കോടിയും കടന്ന് കോവിഡ്, കരിമ്പനി കഴിഞ്ഞാല്‍ ഏറ്റവും വലിയ കൊലയാളി !

കൊച്ചി: ഈ നൂറ്റാണ്ടിന്റെ മഹാമാരിയെന്നു വിധികുറിച്ച കോവിഡ്, ലോകത്ത് 50 കോടിയും കടന്നു കുതിക്കുന്നു. വ്യാപനത്തിന്റെ തോതും മരണ സംഖ്യയും കുറഞ്ഞതോടെ കോവിഡ് വ്യാധിയുടെ ആധിയില്‍ നിന്നു ലോകം ക്രമേണ മുക്തമായി. ഏഷ്യ, യൂറോപ്പ്, യുഎസ് തുടങ്ങിയ അതിവ്യാപന രാജ്യങ്ങളിലുണ്ടായിരുന്ന യാത്രാനിയന്ത്രണങ്ങളെല്ലാം നീക്കി. ഇരുപതോളം രാജ്യങ്ങളില്‍ കഴിഞ്ഞ 10 ദിവസമായി ഒരാള്‍ക്കു പോലും പുതുതായി രോഗം പിടിപെട്ടില്ല. ഇന്ത്യന്‍ സംസ്ഥാനമായ പുതുച്ചേരിയില്‍ കഴിഞ്ഞ 13 ദിവസം തുടര്‍ച്ചയായി പുതിയ കോവിഡ് രോഗികളില്ലെന്നും റിപ്പോര്‍ട്ട്.

കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് ഇന്നലെ മുതല്‍ നിര്‍ത്തി. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ച് കേരളത്തില്‍ 65,35,971 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 68,365 പേര്‍ മരിച്ചു. 2211 ആക്റ്റിവ് കേസുകളുമുണ്ട്. കേരളത്തില്‍ കോവിഡ് സംബന്ധമായി ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കപ്പെട്ടു. മാസ്‌ക് മാത്രമാണ് കോവിഡിന്റെ സാന്നിധ്യമറിയാനുള്ള ഏക അടയാളം. മിക്ക ലോക രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങളെല്ലാം നീക്കി. യൂറോപ്യന്‍ രാജ്യങ്ങളില്‍ 2019 ഡിസംബര്‍ ഒന്നിലെ സ്ഥിതി പുനഃസ്ഥാപിക്കപ്പെട്ടു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള യുഎസിലും യാത്രാ വിലക്കുകളെല്ലാം നീക്കി. ഏഷ്യയില്‍ ഒരിടത്തും കോവിഡ് നിയന്ത്രണങ്ങളില്ല. ഇന്ത്യയില്‍ ആഭ്യന്തര വിദേശ സഞ്ചാരികള്‍ക്കാര്‍ക്കും വിലക്കില്ല.

ലോകം ഒന്നാകെ കോവിഡ് പേടിയില്‍ നിന്നു മുക്തമായി. 2019 ഡിസംബര്‍ 26 മുതല്‍ ലോകത്തെ കീഴടക്കിയ ഈ മഹാമാരി 50,01,19,805 പേരെയാണു ബാധിച്ചത്. ലോകത്താകമാനം 62,06,676 പേര്‍ കോവിഡ് ബാധിച്ച് ഇന്നലെ വരെ മരിച്ചു. പതിന്നാലാം നൂറ്റാണ്ടില്‍ ലോകത്തെ വിറപ്പിച്ച കരിമ്പനി എന്ന പ്ലേഗ് മൂലം ഏഴര കോടി ആളുകള്‍ മരിച്ചു എന്ന ലോകാരോഗ്യ സംഘടനയുടെ കണക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരെ കാലപുരിക്കയയച്ചത് കോവിഡ്-19 എന്ന കൊറോണ വൈറസ് ആണ്.

ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ചതും മരിച്ചതും യുഎസിലാണ്. അവിടെ ഇതുവരെ 8,21,03,067 പേര്‍ക്കു രോഗം പിടിപെട്ടു. 10,12,461 പേര്‍ മരിച്ചു. നിലവില്‍ 11,31,154 ആക്റ്റിവ് കേസുകളുമുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇത് യഥാക്രമം 4,30,36,928 – 5,21,723 – 11,058 എന്നിങ്ങനെയാണ്. ലോകരാജ്യങ്ങളില്‍ 228 രാജ്യങ്ങളിലും കോവിഡ്-19 സാന്നിധ്യമറിയിച്ചു. ഒന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള പശ്ചിമ പസഫിക് ദ്വീപ സമൂഹമായ മൈക്രോനേഷ്യയിലാണ് ഏറ്റവും കുറവ് രോഗികളുള്ളത്. നിലവില്‍ പോസിറ്റീവ് ആയി ചികിത്സയിലുള്ള ഒരാള്‍ക്കു മാത്രമാണ് ഇവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടത്.

രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെങ്കിലും മരണ സംഖ്യയില്‍ മൂന്നാമതാണ്. ഇന്ത്യയില്‍ ആകെ 5,21,723 പേരാണു മരിച്ചതെങ്കില്‍ ആകെ രോഗികളില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 6,61,389 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

കോവിഡ് മഹാമാരിയുടെ ഉറവിടമെന്നു കരുതുന്ന ചൈന രോഗവ്യാപനത്തില്‍ ഏറെ പിന്നിലായതും ശ്രദ്ധേയം. 1,66,849 പേര്‍ക്കു മാത്രമാണ് അവിടെ രോഗം ബാധിച്ചത്. മരണ സംഖ്യ 4,638 ആയി കുറച്ചു നിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. ഈ കണക്ക് ഉയര്‍ത്തുന്ന മറ്റൊരു വലിയ ചോദ്യമുണ്ട്. കോവിഡ്-19 വൈറസുകള്‍ നൈസര്‍ഗികമോ, അതോ ചൈനയുടെ ബയോ ലബോറട്ടറിയില്‍ നിന്ന് അബദ്ധത്തില്‍ പുറത്തു ചാടിയ ജൈവായുധമോ? നൈസര്‍ഗിക വൈറസുകളെന്നു ചൈന വാദിക്കുമ്പോഴും ലോകത്തെ മുഴുവന്‍ ജൈവ ശാസ്ത്രജ്ഞരും പ്രതിരോധ ഗവേഷകരും ഇപ്പോഴും കൊറോണ വൈറസിന്റെ ഉത്പത്തിയുടെ പിന്നാലെയുണ്ട്.

നൈസര്‍ഗിക വൈറസാണെങ്കില്‍ വായു ജന്യമോ ജലജന്യമോ ആകാതിരുന്നത് വലിയ ഭാഗ്യമായി. അല്ലായിരുന്നെങ്കില്‍ ലോക ജനസംഖ്യയുടെ 90 ശതമാനത്തെയും നക്കിത്തുടച്ചു താണ്ഡവമാടുമായിരുന്നു, കൊറോണ. ജൈവായുധമാണെങ്കില്‍ ലോകത്തെ കാത്തിരിക്കുന്നത് ഏറ്റവും മാരകമായ വജ്രായുധവും. ഒരു ടെസ്റ്റ് ട്യൂബില്‍ ഉള്‍ക്കൊള്ളാവുന്നത്ര വൈറസുകളെ ഉപയോഗിച്ച് മാനവ രാശിയെത്തന്നെ എന്നേക്കുമായി അവസാനിപ്പിക്കാവുന്ന ഭീകരായുധത്തിന്റെ ചെറിയ പതിപ്പ് മാത്രമാണ് കോവിഡ്-19. രണ്ടായാലും കരുതിയിരിക്കുക, മനുഷ്യകുലത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്ന ജനിതക മാറ്റങ്ങളുമായി ഏതൊക്കെയോ വൈറസുകള്‍ എവിടെയൊക്കെയോ രൂപമാറ്റം വരുത്തിക്കൊണ്ടേയിരിക്കുന്നു. ചിലപ്പോള്‍ ജനിതകമാറ്റം സംഭവിക്കുന്ന സ്വാഭാവിക വൈറസാകാം. അല്ലെങ്കില്‍ അത്യന്തം വിനാശകരമായ ജൈവായുധമാകാം.

Comments are closed.