head 3
head2
head1

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകം വിറ്റുതീര്‍ന്നു

ഈ വര്‍ഷത്തെ പുരുഷ ടി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. വില്പന തുടങ്ങി വെറും മിനിട്ടുകള്‍ക്കുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ വച്ചാണ് ഇന്ത്യ-പാക് മത്സരം.

ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍ സംഭവിക്കാറുള്ളത്. അതിനാല്‍ തന്നെ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന മത്സരമാണിത്. ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനായിരുന്നു ജയം.

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ നടക്കുന്ന ടൂര്‍ണമെന്റ് ഏഴ് വേദികളിലായാണ് നടക്കുന്നത്. മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബെയ്ന്‍, അഡ്‌ലൈഡ്, ഗീലോംഗ്, ഹോബാര്‍ട്ട്, പെര്‍ത്ത് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. നവംബര്‍ ഒമ്പതിന് ഒന്നാം സെമിയും നവംബര്‍ പത്തിന് രണ്ടാം സെമിയും നടക്കും. നവംബര്‍ 13 ന് മെല്‍ബണിലാണ് ഫൈനല്‍.

ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ എന്നിവരാണ് ഗ്രൂപ്പ് ഒന്നില്‍. പാക്കിസ്ഥാനെ കൂടാതെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് ഇന്ത്യയോടൊപ്പം രണ്ടാം ഗ്രൂപ്പില്‍. യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകളും ഗ്രൂപ്പിലുണ്ടാവും. ഒക്ടോബര്‍ 16 ന് ശ്രീലങ്ക-നമീബിയ മത്സരത്തോടെ ക്വാളിഫയര്‍ മത്സരങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ 22 ന് ഓസ്‌ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Comments are closed.