head 3
head2
head1

ഇവര്‍ ആരോട് എന്ത് തെറ്റു ചെയ്തു ? പലായനം ചെയ്യുന്നത് ആയിരക്കണക്കിനാളുകള്‍…

കീവ് : റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് ജീവനും ജീവിതവും രക്ഷിക്കാനുള്ള പരാക്രമത്തിലാണ് ഉക്രെയ്ന്‍ ജനത. 200,000 മുതല്‍ 1 മില്യണ്‍ ആളുകള്‍ക്ക് ഉക്രെയ്നില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് പലായനം ചെയ്യാനിടയുണ്ടെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യന്‍ സൈന്യം എല്ലാ ഭാഗത്തുനിന്നും ഒരേസമയം ഒരേ പോലെയാണ് ഉക്രെയ്നിലേക്ക് പ്രവേശിച്ചത്. അതിനാല്‍ ആളുകള്‍ക്ക് ഒരു ഭാഗത്തേയ്ക്കും പോകാന്‍ കഴിയാത്ത നിലയുണ്ടാക്കി. തലയ്ക്ക് മീതെ ഇരമ്പിപ്പായുന്ന ബോബര്‍ വിമാനങ്ങള്‍ക്കു കീഴെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. ആയിരക്കണക്കിന് ആളുകളാണ് ഉക്രെയ്നില്‍ നിന്ന് പലായനത്തിന് ശ്രമിക്കുന്നത്.

പോളണ്ടുള്‍പ്പടെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്യുന്നുണ്ട്. അവിടെ ചെന്നാല്‍ സഹായം ലഭിക്കുകയും ചെയ്യും. എന്നാല്‍ അവിടെ എത്തിപ്പെടുന്നതിനുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തുന്നത്. ഇത് വന്‍ ഗതാഗതക്കുരുക്കാണ് കീവിലെ നഗരങ്ങളിലെല്ലാം സൃഷ്ടിച്ചിട്ടുള്ളത്. കിലോ മീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് എങ്ങും. റെയില്‍വേ സ്റ്റേഷനുകളിലും റോഡുകളിലുമെല്ലാം തിരക്കാണ്. എല്ലാവരുടെ മുഖത്തും ആപത്ത് ശങ്കകള്‍ മാത്രമേ കാണാനുള്ളു. അരക്ഷിതമായ അന്തരീക്ഷമാണ് രാജ്യത്തെങ്ങും.

പ്രതീക്ഷയില്ലാത്ത ഭരണകര്‍ത്താക്കളും

ഭരണകര്‍ത്താക്കളില്‍ നിന്നും പ്രതീക്ഷ തരുന്നതൊന്നും കേള്‍ക്കാനാകുന്നില്ല. വീട്ടില്‍ത്തന്നെ കഴിയണമെന്ന് പറയുന്ന കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ ഉള്‍പ്പടെയുള്ള നേതാക്കള്‍ ‘ഓടി രക്ഷപ്പെടാന്‍’ ആവശ്യമുള്ളവയെല്ലാം പായ്ക്ക് ചെയ്ത് വെയ്ക്കണമെന്ന നിര്‍ദ്ദേശവും നല്‍കുന്നു. ഇതു ആളുകളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു.

പോളണ്ടും ജര്‍മ്മനിയും ഉള്‍പ്പെടെ യൂറോപ്പിലുടനീളമുള്ള രാജ്യങ്ങള്‍ ഉക്രെയ്നില്‍ നിന്നെത്തുന്ന അഭയാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് പ്രതീക്ഷ നല്‍കുന്നതാണ്. എന്നിരുന്നാലും അവിടെ എത്താന്‍ സാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം.

അഭയാര്‍ഥികള്‍ക്ക് ആശ്വാസമേകി പോളണ്ട്

ഉക്രെയ്നില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായി സൗകര്യങ്ങളൊരുക്കി വരികയാണ് പോളണ്ട്. ഉക്രെയ്ന്‍കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പോളണ്ടിന്റെ ആഭ്യന്തര മന്ത്രി മരിയൂസ് കാമിന്‍സ്‌കി വ്യാഴാഴ്ച പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം, വൈദ്യസഹായം, വിവരങ്ങള്‍ എന്നിവ നല്‍കുന്നതിനായി ഉക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം ഒമ്പത് റിസപ്ഷന്‍ പോയിന്റുകള്‍ തുറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതിന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജര്‍മ്മനി പിന്തുണ നല്‍കുമെന്ന് ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറഞ്ഞു. ഉക്രെയിനിലേത് മഹാ ദുരന്തമാണെന്ന് യുകെയുടെ വിദേശകാര്യസമിതി ചെയര്‍മാന്‍ ടോം ടുഗന്‍ഡാക്ട് പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.