head 3
head2
head1

ടെസ്‌കോയില്‍ സണ്‍ഫ്‌ളവര്‍ ഓയിലിന് റേഷനിങ്, കൂടുതല്‍ ഇനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും

ലണ്ടന്‍ : ഉക്രൈന്‍ യുദ്ധത്തിന്റെ കെടുതികള്‍ മറ്റു രാജ്യങ്ങളുടെ തീന്‍മേശയിലേയ്ക്കുമെത്തിത്തുടങ്ങി. യു കെ യില്‍ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ് സണ്‍ഫ്ലവര്‍ ഓയിലിന് റേഷനിങ് ഏര്‍പ്പെടുത്തി. വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ തുടരന്നതിനിനാല്‍ കൂടുതല്‍ ഇനങ്ങളിലേയ്ക്ക് റേഷനിങ് വന്നേക്കുമെന്നാണ് സൂചന.

അതേസമയം, കുക്കിംഗ് ഓയിലിന്റെ വിലയും കുതിക്കുകയാണ്. കഴിഞ്ഞ പാദത്തില്‍ വില ഏഴു ശതമാനമാണ് കൂടിയത്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ നാലിലൊന്ന് വില വര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തുന്നു.

അയര്‍ലണ്ടിലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇതുവരേയും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും സ്റ്റോക്ക് നിരീക്ഷണത്തിലാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. സാധാരണഗതിയില്‍ കൂടുതല്‍ വാങ്ങുന്നതിനെ പ്രോല്‍സാഹിപ്പിക്കില്ലെന്ന നിലപാടിലാണ് ടെസ്‌കോ അയര്‍ലണ്ട്.

യുകെയില്‍ ടെസ്‌കോ ഒരാള്‍ക്ക് മൂന്ന് ഇനങ്ങളാണ് അനുവദിക്കുന്നത്. വെയ്‌ട്രോസും മോറിസണ്‍സും രണ്ട് ഇനങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒലിവ്, റാപ്സീഡ് ഓയില്‍ എന്നിവയ്ക്കും റേഷനിങ് ഏര്‍പ്പെടുത്തി. സൂര്യകാന്തി എണ്ണയുടെ ഭൂരിഭാഗവും ഉക്രെയ്നില്‍ നിന്നാണ് വരുന്നത്.

എല്ലാവര്‍ക്കും ഉല്‍പ്പന്നം ഉറപ്പാക്കുന്നതിനുള്ള താല്‍ക്കാലിക നടപടിയാണിതെന്നാണ് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ വക്താവ് ടോം ഹോള്‍ഡറിന്റെ വിശദീകരണം. ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് മറ്റ് പാചക എണ്ണകളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമം നടക്കുന്നുണ്ടെന്നും ഹോള്‍ഡര്‍ പറഞ്ഞു.

Comments are closed.