head2
head 3
head1

പേമാരിയും വെള്ളപ്പൊക്കവും: പടിഞ്ഞാറന്‍ സിഡ്നി വെള്ളത്തിനടിയില്‍

സിഡ്നി : പേമാരിയും വെള്ളപ്പൊക്കവും മുന്‍നിര്‍ത്തി സിഡ്നിയില്‍ ആയിരക്കണക്കിനാളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം. മാര്‍ച്ചില്‍ വെള്ളപ്പൊക്കത്തില്‍ 20 പേര്‍ മരിച്ച പടിഞ്ഞാറന്‍ സിഡ്നിയിലാണ് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.

നഗരത്തിലെ വാരഗംബ അണക്കെട്ട് ഞായറാഴ്ച പുലര്‍ച്ചെ തന്നെ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു. 1,00,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന സിഡ്‌നിയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ കാംഡനില്‍ കടകളും പെട്രോള്‍ സ്റ്റേഷനുകളും റോഡുകളുമെല്ലാം വെള്ളത്തിനടിയിലാണ്. ഇതിനകം 18 ഇടങ്ങളിലെങ്കിലും കുടിയൊഴിപ്പിക്കല്‍ ഉത്തരവുകള്‍ നല്‍കിയതായി അധികൃതര്‍ പറഞ്ഞു. എമര്‍ജെന്‍സി സര്‍വ്വീസുകളെല്ലാം മുഴുവന്‍ സമയവും രക്ഷാപ്രവര്‍ത്തനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,400-ലധികം തവണ കോളുകള്‍ ലഭിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.

അടിയന്തര സാഹചര്യമെന്ന് എമര്‍ജെന്‍സി സര്‍വ്വീസ് മന്ത്രി

ജീവന്‍ അപായപ്പെടാനിടയുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ എമര്‍ജന്‍സി സര്‍വ്വീസ് മന്ത്രി സ്റ്റെഫാനി കുക്ക് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ മോശമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഏതു സമയത്തും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥിതിയാണ്. അതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ആളുകള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

സിഡ്‌നിയുടെ വടക്കും തെക്കും ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തിന്റെ 500 കിലോമീറ്റര്‍ വിസ്തൃതിയില്‍ താമസിക്കുന്നവരോട് അവധിക്കാല യാത്രകള്‍ റദ്ദാക്കുന്നത് പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

തീവ്രമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും തിക്തഫലങ്ങളുടെ ഘട്ടത്തിലാണ് ഓസ്‌ട്രേലിയ. കൊടിയ വരള്‍ച്ച, കാട്ടുതീ, ഗ്രേറ്റ് ബാരിയര്‍ റീഫിലെ ബ്ലീച്ചിംഗ് ഈവന്റ്സ് എന്നിവയ്ക്ക് പുറമേ വെള്ളപ്പൊക്കം ഇവിടെ സര്‍വ്വസാധാരണമായിരിക്കുകയാണ്.

Comments are closed.