head 3
head2
head1

താലിബാന്‍ പ്രതിനിധികളും, പാശ്ചാത്യരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായുള്ള ചര്‍ച്ച ഓസ്‌ലോയില്‍ തുടരുന്നു

ഓസ്‌ലോ: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിനിധികളും, പാശ്ചാത്യരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച തുടരുന്നു. നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോയിലാണ് ചര്‍ച്ച. ഇറ്റലി, യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി, നോര്‍വേ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളോടൊപ്പം ഇ.യു പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് ശേഷം യൂറോപ്യന്‍ മണ്ണില്‍ ആദ്യമായാണ് താലിബാനുമായി ഒരു ചര്‍ച്ച നടക്കുന്നത്. ഞായറാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ ഇന്നും(ചൊവ്വാഴ്ച) തുടരും. താലിബാനെ പ്രതിനിധീകരിച്ചുകൊണ്ട് പതിനഞ്ച് പേരടങ്ങുന്ന സംഘമായിരുന്നു ഓസ്‌ലോയിലെത്തിയത്. പുരുഷന്‍മാര്‍ മാത്രം ഉള്‍പ്പെടുന്ന ഈ സംഘത്തിന്റെ യാത്ര നോര്‍വേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലായിരുന്നു.

ആദ്യദിനമായ ഞായറാഴ്ച അഫ്ഗാന്‍ സിവില്‍ സൊസൈറ്റി അംഗങ്ങളുമായി താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളുമായും, മാധ്യമപ്രവര്‍ത്തകരുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിലെ മനുഷ്യാവാകാശ വിരുദ്ധ വിഷയങ്ങളായിരുന്നു ചര്‍ച്ചയില്‍ വിഷയമായത്.

താലിബാനുമായി നടത്തിയ ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ ശുഭകരമാണെന്ന് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകളിലൊരാളായ ജാമില അഫ്ഗാനി പറഞ്ഞു. എന്നാല്‍ ഇതില്‍ താലിബാന്റെ നടപടികള്‍ എന്താണെന്ന് കണ്ടു തന്നെ അറിയണം എന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് മാസം മുതല്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളിലേക്ക് പ്രവേശം അനുവദിക്കുമെന്ന് താലിബാന്‍ പ്രതിനിധി സബീഹുള്ള മുജാഹിദും മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ സ്ത്രീകളുടെ അവകാശങ്ങളുടെ കനത്ത ലംഘനങ്ങളായിരുന്നു താലിബാന്‍ നടത്തിവന്നിരുന്നത്.

യു. എസ് മരവിപ്പിച്ച അഫ്ഗാനിസ്ഥാന്റെ പത്ത് ബില്യണ്‍ ഡോളര്‍ വിട്ടുനല്‍കണമെന്ന് അഫ്ഗാന്‍ പ്രതിനിധികള്‍ യു.എസ് പ്രതിനിധികളോട് ആവശ്യപ്പെട്ടു. താലിബാന്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനിലേക്കുള്ള അന്താരാഷ്ട്ര സഹായങ്ങള്‍ മുടങ്ങിയത് മൂലം രാജ്യത്തെ കുട്ടികളടക്കമുള്ളവര്‍ പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ്.
പട്ടിണിയിയും അതിശൈത്യവും മൂലം രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലാണെന്നും, അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം ആവശ്യപ്പെട്ടതായും താലിബാന്‍ പ്രതിനിധി ഷാഫിയുള്ള അസം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ നിലവിലെ സര്‍ക്കാര്‍ അംഗീകരിക്കപ്പെടുന്നതിന്റെ ആദ്യപടിയാണ് ഈ ചര്‍ച്ചകളെന്നും ഷഫിയുള്ള അസം പറഞ്ഞു. എന്നാല്‍ താലിബാന്റെ നിയമസാധുതയോ,അംഗീകാരമോ അല്ല നിലവിലെ ചര്‍ച്ചകളുടെ ലക്ഷ്യമെന്ന് നോര്‍വീജിയന്‍ വിദേശകാര്യമന്ത്രി Anniken Huitfeldt നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം താലിബാന്‍ പ്രതിനിധികളെ രാജ്യത്തേക്ക് ക്ഷണിച്ചതിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ പോലും അവഗണിച്ചുകൊണ്ട് ഇരുനൂറോളം ആളുകള്‍ ഓസ്‌ലോയിലെ നോര്‍വീജിയന്‍ വിദേശകാര്യമന്ത്രാലയ കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധിച്ചു.

Comments are closed.