head1
head 3
head2

സീറോ മലബാര്‍ യൂറോപ്യന്‍ യുവജന സംഗമം ജൂലൈ 6 മുതല്‍ ഡബ്ലിനില്‍

ഡബ്ലിന്‍ : സീറോ മലബാര്‍ യൂത്ത് മൂവമെന്റ് (എസ്.എം.വൈ.എം) സംഘടിപ്പിക്കുന്ന യൂറോപ്യന്‍ യുവജന സംഗമം ‘ഗ്രാന്റ് എവേക്ക് 2022’ ജൂലൈ 6 മുതല്‍ 10 വരെ അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടക്കും. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഡബ്ലിനില്‍ (യു.സി.ഡി) നടക്കുന്ന യുവജന സംഗമത്തില്‍ യൂറോപ്പിലെ 22 രാജ്യങ്ങളില്‍ നിന്നായി പതിനെട്ട് വയസിനു മുകളിലുള്ള നൂറ്റമ്പതോളം യുവജനങ്ങള്‍ പങ്കെടുക്കും.

സീറോ മലബാര്‍ സഭയുടെ യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ഐറീഷ് സഭയിലെ വിവിധ ബിഷപ്പുമാര്‍ എന്നിവര്‍ സംബന്ധിക്കും. ഡബ്ലിന്‍ സീറോ മലബാര്‍ സോണല്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരിപാടിക്ക് സീറോ മലബാര്‍ അയര്‍ലണ്ട് നാഷണല്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിലും, യൂറോപ്പ് സീറോ മലബാര്‍ യൂത്ത് അപ്പസ്‌തോലിക് ഡയറക്ടര്‍ റവ. ഡോ. ബിനോജ് മുളവരിക്കലും, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജയിന്‍ മാത്യു മണ്ണത്തൂകാരനും നേതൃത്വം നല്‍കും.

പ്രചോദനാത്മകമായ സംഭാഷണങ്ങള്‍, ദിവ്യകാരുണ്യ ആരാധന, നേതൃത്വപരിശീലന ക്യാമ്പുകള്‍, ആത്മീയ സംഗീത വിരുന്ന്, പഠന വിനോദ യാത്രകള്‍ എന്നിവയാണ് ഗ്രാന്റ് എവേക്ക് 2022 ന്റെ പ്രത്യേകത.

ആത്മീയതയിലും, കൂട്ടായ്മയിലുമുള്ള യുവത്വത്തിന്റെ ഉണര്‍വ്വാണ് ഈ സംഗമത്തിന്റെ ലക്ഷ്യം. 2017 ല്‍ റോമില്‍ ആദ്യ ‘ഗ്രാന്‍ഡ് എവേക്ക്’ നടന്നു. പിന്നീട് 2018 ല്‍ സ്വിറ്റ്സര്‍ലന്‍ഡിലും. 2019 ല്‍ അയര്‍ലണ്ടില്‍ നടക്കാനിരുന്ന ഗ്രാന്റ് എവേക്ക് കോവിഡ് പ്രതിസന്ധിയില്‍ മാറ്റിവയക്കപ്പെടുകയായിരുന്നു.

കോവിഡ് മഹാമാരിക്കാലഘട്ടത്തില്‍ വെര്‍ച്ച്വല്‍ മീറ്റിംഗ് പ്ലാറ്റുഫോമുകളിലൂടെ യൂറോപ്പിലെ 22 രാജ്യങ്ങളിലും വ്യാപിച്ച എസ്.എം.വൈ.എം യൂറോപ്പ് ഗ്രാന്റ് എവേക്ക് 2022ല്‍ അയര്‍ലണ്ടില്‍ ഒത്തുചേരുന്നു. യൂറോപ്പിലെ വ്യത്യസ്ത സാമൂഹിക ആത്മീയ കാഴ്ചപ്പാടുള്ള യുവജനങ്ങളെ വ്യത്യസ്ത ആശയങ്ങള്‍ക്കും ഭാഷകള്‍ക്കുമിടയിലും സുറിയാനി ക്രൈസ്തവരെന്ന ആത്മബോധം എസ്.എം.വൈ.എം എന്ന പ്രസ്ഥാനത്തെ ഹൃദയത്തോടെ ചേര്‍ത്തുനിര്‍ത്താന്‍ സഹായിക്കുന്നു. യുവ നേതാക്കള്‍ക്ക് അവരുടെ ശുശ്രൂഷയില്‍ വ്യക്തതയും, ദൈവിക സംരക്ഷണത്തിലുള്ള ശക്തമായ ബോധ്യവും നല്‍കിക്കൊണ്ട് ഗ്രാന്‍ഡ് എവേക്ക് എസ്.എം.വൈ.എം ചൈതന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. അതിലൂടെ അവര്‍ക്ക് തങ്ങളുടെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും, ഈ വെളിച്ചം അവരുടെ സഹോദരങ്ങളിലേക്ക് പകരാനും സാധിക്കും.

എവേക്ക് അയര്‍ലണ്ട്

ഗ്രാന്റ് എവേക്കിന്റ് ആദ്യദിനം ജൂലൈ 6 നു അയര്‍ലണ്ടിലെ യുവജനങ്ങളുടെ പ്രഥമ സമ്മേളനം ഈ വേദിയില്‍ വച്ച് നടത്തപ്പെടും. റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലേയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയും നാനൂറില്‍ പരം സീറോ മലബാര്‍ യുവജനങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഡബ്ലിനില്‍ യൂറോപ്യന്‍ യുവജനങ്ങളോടൊപ്പം ഒത്തുചേരും.

എം.ടി.വി യിലൂടേയും വിവിധ സംഗീത ആല്‍ബങ്ങളിലൂടേയും പ്രശസ്തനായ അമേരിക്കന്‍ ഗായകന്‍ ജോ മെലെന്‍ഡ്രെസും ടീമും എവേക്ക് അയര്‍ലണ്ടില്‍ പങ്കെടുക്കും. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ കത്തോലിക്കാ കലാകാരന്മാരില്‍ ഒരാളായ ജോ മെലെന്‍ഡ്രെസ് ഒരു ചലനാത്മക സംഗീത അവതാരകനും, പ്രചോദിപ്പിക്കുന്ന പ്രഭാഷകനും, വിദഗ്ദ്ധനായ റിട്രീറ്റ് ലീഡറുമാണ്.

എവേക്ക് അയര്‍ലണ്ടിനും, ഗ്രാന്റ് എവേക്കിനുമുള്ള രജിസ്‌ട്രേഷന്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റിലെ (http://www.syromalabar.ie/) പാരീഷ് മാനേജ്‌മെന്റ് സിസ്റ്റം (പി.എം. എസ്) വഴി ആരംഭിച്ചു. എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായും, സീറ്റുകള്‍ പരിമിതമായതിനാല്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.

Comments are closed.