head2
head 3
head1

അയര്‍ലണ്ട് വീണ്ടും പൊരുതി വീണു; അവസാന ഓവര്‍ ത്രില്ലറില്‍ ന്യൂസിലന്‍ഡിന് വിജയം

ഡബ്ലിന്‍ : അന്താരാഷ്ട്ര ക്രിക്കറ്റില്‍ വമ്പന്‍ ടീമുകളെ വിറപ്പിക്കുന്നത് ശീലമാക്കിയിരിക്കുകയാണ് അയര്‍ലണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യയെ ഞെട്ടിച്ച ഐറിഷ് ടീം ഇന്നലെ ന്യുസീലന്‍ഡിനെയും വെറുതെ വിട്ടില്ല. കിവീസിനെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തെങ്കിലും ഒരു വിക്കറ്റിന് പരാജയപെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി. ആതിഥേയര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം അവസാന ഓവിലെ അഞ്ചാം പന്തിലാണ് ന്യൂസിലന്‍ഡ് മറികടന്നത്.

അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സായിരുന്നു. എന്നാല്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അവരുടെ ബാറ്റിംഗ് കുന്തമുന ആയിരുന്ന മൈക്കല്‍ ബ്രേസ്വെല്‍ 24 റണ്‍സ് അടിച്ചെടുത്തു. 82 പന്തില്‍ 127 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രേസ്വെല്ലാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്. ക്രെയ്ഗ് യങ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ രണ്ട് പന്തിലും ബ്രേസ്വെല്‍ ഫോര്‍ നേടി. മൂന്നാം പന്തില്‍ സിക്സ്. നാലാം പന്തില്‍ വീണ്ടും ഫോര്‍. പിന്നീട് അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് രണ്ട് റണ്‍ മാത്രം. അഞ്ചാം പന്തും സിക്സിലേക്ക് പായിച്ച് അയര്‍ലണ്ടുകാരുടെ നെഞ്ചത്ത് ചവിട്ടി ബ്രേസ്വെല്ലും ന്യുസിലാന്‍ഡും വിജയമാഘോഷിച്ചു. 10 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ബ്രേസ്വെല്ലിന്റെ ഇന്നിംഗ്സ്.

ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ഹാരി ടെക്റ്റര്‍ തന്നെയാണ് ഇന്നലെ കിവീസ് ബൗളര്‍മാരെയും തകര്‍ത്തടിച്ചത്. ടെക്ടറിന്റെ സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഐറിഷ് പട കുതിച്ചത്. 117 പന്തുകളില്‍നിന്ന് താരം 113 റണ്‍സ് നേടി. കര്‍ട്ടിസ് കാംഫര്‍ (43), ആന്‍ഡി മാക്ബ്രൈന്‍ (39), ഇന്ത്യന്‍ വംശജനായ സിമി സിംഗ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

കരുത്തരായ ന്യുസിലാന്‍ഡിനെതിരെ അവസാന ഓവര്‍ വരെ വിജയിച്ചു എന്നു കരുതിയിരുന്നടുത്തുന്നിന്നാണ് ബ്രേസ്വെല്‍ എല്ലാം തകിടം മറിച്ചത്. 49-ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണു എതിരാളികള്‍ക്ക് വിട്ടുകൊടുത്തത്. 50-ാം ഓവറില്‍ ഒരു വിക്കറ്റ് മാത്രം ബാക്കി നില്‍ക്കെ ജയിക്കാന്‍ വേണ്ടത് 20 റണ്‍സ്! പന്തെറിയാനെത്തിയ 32 വയസ്സുകാരന്‍ ക്രെയ്ഗ് യങ് പക്ഷേ ആഞ്ഞടിച്ച ബ്രേസ്‌വെല്ലിനു മുന്നില്‍ കീഴടങ്ങി. അവസാന പത്ത് ഓവറുകളില്‍ നേരിട്ട 36 പന്തില്‍നിന്ന് ബ്രേസ്‌വെല്‍ 86 റണ്‍സാണ് നേടിയത്.

പുരുഷ ഏകദിന ക്രിക്കറ്റിലെ 50-ാം ഓവറില്‍ പിന്തുടര്‍ന്നു ജയിച്ച ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് കിവീസ് ഇന്നലെ അയര്‍ലണ്ടിനെതിരെ അടിച്ചെടുത്തത്. 1987ല്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മത്സരത്തിലെ 50-ാം ഓവറിലെ 18 റണ്‍സ് വിജയലക്ഷ്യം ഇതോടെ പഴങ്കഥയായി. ഇന്ത്യക്കെതിരെയും സമാനമായ രീതിയിലായിരുന്നു അയര്‍ലണ്ട് പൊരുതി തോറ്റത്. അന്ന് രണ്ടാമത് ബാറ്റ് ചെയ്ത ഐറിഷ് ടീം, 226 റണ്‍സ് ചേസ് ചെയ്യവേ വെറും നാല് റണ്‍സിനായിരുന്നു തോറ്റത്.

Comments are closed.