head2
head1
head 3

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി; പ്രതികള്‍ക്ക് ജാമ്യത്തിന് അപേക്ഷിക്കാം, പുതിയ കേസുകള്‍ പാടില്ല

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി. രാജ്യദ്രോഹ നിയമം പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് അനുസരിച്ച് കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമം 124 എ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി. സര്‍ക്കാരിനെയും നടപടികളെയും വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിശബ്ദരാക്കുന്ന മോദി സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയാണ്.

124 എ നിലനിര്‍ത്തണോ വേണ്ടയോ എന്ന വിഷയത്തില്‍ ബന്ധപ്പെട്ട സമിതികള്‍ തീരുമാനമെടുക്കുന്നത് വരെ കേന്ദ്രസര്‍ക്കാരോ സംസ്ഥാനസര്‍ക്കാരുകളോ ഈ വകുപ്പ് ചുമത്തി കേസെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും മരവിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. രാജ്യദ്രോഹ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തുള്ള രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി ഉത്തരവിനെ അവഗണിച്ച് ആര്‍ക്കെങ്കിലും എതിരെ ഈ വകുപ്പ് ചുമത്തിയാല്‍ അവര്‍ക്കും ആശ്വാസത്തിനായി കോടതികളില്‍ സമീപിക്കാം.

124 എ വകുപ്പിനൊപ്പം മറ്റ് വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി അധികൃതര്‍ക്ക് മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി അറിയിച്ചു. 124 എ വകുപ്പിന്റെ കഠോരസ്വഭാവം ഈ കാലഘട്ടവുമായി യോജിച്ചുപോകുന്നതല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചതിനാലാണ് ഈ ഉത്തരവ്. രാജ്യം കൊളോണിയല്‍ ഭരണത്തിന് കീഴിലായിരുന്ന കാലത്താണ് ഈ വകുപ്പ് നിലവില്‍ വന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അത് പുനഃപരിശോധിക്കണം. പരിശോധന പൂര്‍ത്തിയാകുന്നത് വരെ 124 എ വകുപ്പ് പ്രയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു.

ഇന്ത്യയില്‍ നിയമപ്രകാരം സ്ഥാപിതമായ സര്‍ക്കാരിനോട് വിദ്വേഷമോ അവഹേളനമോ അസംതൃപ്തിയോ ഉളവാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു സംസാരവും പദപ്രയോഗവും പരമാവധി ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതാണ് ഐപിസിയിലെ സെക്ഷന്‍ 124 എ (രാജ്യദ്രോഹം). ഇത് ജാമ്യമില്ലാ വകുപ്പാണ്.

124 എ വകുപ്പിന്റെ നിയമസാധുത ചോദ്യം ചെയ്ത് നിരവധി രാഷ്ട്രീയ, സാമൂഹ്യ, മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. 124 വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

Comments are closed.