head2
head 3
head1

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍ : താമസിക്കാനും താമസം മാറാനും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഡെന്മാര്‍ക്ക് ആണെന്ന് പഠനം.

പ്രവാസി ഇന്‍ഷുറന്‍സ് ദാതാവായ വില്യം റസ്സല്‍ ആണ് പുതിയ പഠനം പുറത്തു വിട്ടിരിക്കുന്നത്. ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, വ്യക്തിഗത സുരക്ഷ, ഡിജിറ്റല്‍ സുരക്ഷ, പരിസ്ഥിതി സുരക്ഷ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഡെന്മാര്‍ക്കിന്റെ ഈ നേട്ടം.

വളരെ കുറവ് കുറ്റകൃത്യങ്ങളാണ് ഡെന്മാര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിന് പുറമെ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ പരിരക്ഷയ്ക്കും വലിയ മുന്‍ഗണനയാണ് കൊടുത്തുപോരുന്നത്. മൊത്തം ജി ഡി പി യുടെ 10.1% ആരോഗ്യമേഖലക്കായി മാറ്റി വച്ചിട്ടുണ്ട്. ഇത് യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ കൂടുതലാണ്.

പൊതുഗതാഗതം, യൂറോപ്യന്‍ ഉപഭോക്തൃ വിമാനത്താവള സൂചികയില്‍ മൂന്നാം സ്ഥാനത്തുള്ള വിമാനത്താവളം ഉള്‍പ്പെടുന്ന നഗര അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയും മികച്ച നിലവാരം പുലര്‍ത്തുന്നു. പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയില്ലാത്ത വിധം 2024 ഓടെ എല്ലാ മാലിന്യങ്ങളുടെയും 70% പുനരുപയോഗം ചെയ്യുക എന്ന ഡെന്മാര്‍ക്കിന്റെ ലക്ഷ്യത്തെ റസ്സല്‍ അഭിനന്ദിച്ചു.

എങ്കിലും യൂറോപ്യന്‍ യൂണിയനില്‍ പ്രതിശീര്‍ഷ മുന്‍സിപ്പല്‍ മാലിന്യം ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഡെന്മാര്‍ക്ക്. 1995 മുതല്‍ ഡെന്മാര്‍ക്കിലെ മാലിന്യ ഉത്പാദനം 62.2% വര്‍ദ്ധിച്ചു എന്നാണ് യൂറോസ്റ്റാറ്റിന്റെ കണ്ടെത്തല്‍.

അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ കുറവും വായു മലിനീകരണ തോതിലെ കുറവും ഐസ്ലാന്‍ഡിനെ ലിസ്റ്റിലെ രണ്ടാം സ്ഥാനത്ത് എത്തിച്ചു.

ജീവിത നിലവാരം, ആയുര്‍ദൈര്‍ഖ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായി കാനഡയുമുണ്ട്.

അതെസമയം, ഏകാന്ത സ്ത്രീ യാത്രികര്‍ക്ക് സുരക്ഷിതമായ രാജ്യമായി സ്‌പെയിന്‍ തിരഞ്ഞെടുക്കപ്പെട്ടു. സിങ്കപ്പൂര്‍, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് രാജ്യങ്ങള്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.