head2
head 3
head1

പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നിലംപരിശാക്കി യൂനിസ് കൊടുങ്കാറ്റ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഒന്നുമുണ്ടാക്കിയില്ലെങ്കിലും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ നിലംപരിശാക്കി യൂനിസ് കൊടുങ്കാറ്റ് കടന്നുപോയി. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരനെന്ന് വിശേഷിപ്പിക്കുന്ന കൊടുങ്കാറ്റ് നാല് പേരുടെ ജീവനും കവര്‍ന്നു. ലക്ഷക്കണക്കിനാളുകളെ അഭയാര്‍ഥികളാക്കി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും വരുത്തി. വെക്‌സ്‌ഫോര്‍ഡില്‍ കൗണ്ടി കൗണ്‍സില്‍ ജീവനക്കാരനായ 59-കാരന്‍ വെള്ളിയാഴ്ച യൂനിസ് കൊടുങ്കാറ്റില്‍ നിന്ന് വീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് മരിച്ചത്.

വെക്സ്ഫോര്‍ഡിലെ ബാലിതോമസ് ഏരിയയില്‍ ജോലി ചെയ്തിരുന്ന പ്രാദേശിക അതോറിറ്റിയുടെ റോഡ് ക്രൂവിലെ അംഗമായിരുന്നു അദ്ദേഹം.

യൂനിസ് കൊടുങ്കാറ്റിനിടെയുണ്ടായ ശക്തമായ കാറ്റില്‍, വാനിനു മുകളില്‍ കൂറ്റന്‍ മരം വീണ സംഭവത്തില്‍ വെക്സ്ഫോര്‍ഡ് കൗണ്ടിയിലെ തന്നെ മുറിന്‍ടൗണിന് പുറത്ത് സ്ലീഡാഗ് ഫാമിന് സമീപമുള്ള ഗ്രാമീണ റോഡില്‍ മറ്റൊരാള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഒരു വലിയ ഓക്ക് മരം ഇയാളുടെ വാനിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.

നിരവധി വിമാന, ട്രെയിന്‍, ഫെറി സര്‍വ്വീസുകളും തടസ്സപ്പെടുത്തി. നെതര്‍ലാന്‍ഡില്‍ മരം വീണ് രണ്ട് പേരും മരം കടപുഴകി വീണ് വെക്‌സ്‌ഫോര്‍ഡില്‍ 60കാരനും ബെല്‍ജിയത്തില്‍ 79കാരനായ കനേഡിയന്‍ സ്വദേശിയുമാണ് മരിച്ചത്.

ബ്രിട്ടനിലെ ആദ്യത്തെ റെഡ് അലേര്‍ട്ടുമായെത്തിയ യൂനിസ് ലണ്ടന്‍ നഗരത്തെ ശൂന്യമാക്കിയതായാണ് റിപ്പോര്‍ട്ട്. തെക്കന്‍ ഇംഗ്ലണ്ടിലെ ഐല്‍ ഓഫ് വൈറ്റില്‍ മണിക്കൂറില്‍ 196 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ഇംഗ്ലണ്ടില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വേഗതയുള്ള കാറ്റാണിതെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ലണ്ടനില്‍, കൊടുങ്കാറ്റില്‍ മൂന്ന് പേരെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനത്തെ മില്ലേനിയം ഡോമിലെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി.

തെക്കന്‍ ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ്, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലും റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു. ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ എന്നിവിടങ്ങളിലും കൊടുങ്കാറ്റിനെ മുന്‍നിര്‍ത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബ്രിട്ടാനി തീരത്തും വടക്കന്‍ ജര്‍മ്മനിയിലുമെല്ലാം കാറ്റ് ഭീതി പരത്തി. ഇവിടെ ട്രെയിനുകളെല്ലാം സര്‍വ്വീസ് നിര്‍ത്തിവച്ചു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് അലറിയെത്തിയ തിരമാലകള്‍ തീരങ്ങളിലെ നിരവധിയായ കടല്‍ഭിത്തികളെ തകര്‍ത്തെറിഞ്ഞു. സ്‌കൂളുകളെല്ലാം അടച്ചു. റെയില്‍ ഗതാഗതവും നിലച്ചു. ഇംഗ്ലണ്ടില്‍ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തെ 1,40,000 -ലധികം വീടുകളും അയര്‍ലണ്ടിലെ 80,000 പ്രോപ്പര്‍ട്ടികളും വൈദ്യുതി ബന്ധം നഷ്ടപ്പെട്ട് ഇരുട്ടിലായി.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് പാതയായ ചാനലിനു കുറുകെയുള്ള ഫെറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ലണ്ടനിലെ ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളിലും ആംസ്റ്റര്‍ഡാമിലെ ഷിഫോളിലും നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി.

കാടുങ്കാറ്റിനെ ചിത്രീകരിക്കാനും നിരീക്ഷിക്കാനുമായി പോകുന്ന കാലാവസ്ഥ നിരീക്ഷകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പരിസ്ഥിതി ഏജന്‍സി പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇംഗ്ലണ്ടിലെ ഏഴ് റെയില്‍ ഓപ്പറേറ്റര്‍മാരും സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 550 എമര്‍ജെന്‍സി കോളുകളാണ് ലണ്ടന്‍ അഗ്നിശമന സേനയ്ക്ക് ലഭിച്ചത്. കൊടുങ്കാറ്റിന്റെ ആവൃത്തിയും തീവ്രതയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കാനാവില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു.

എന്നിരുന്നാലും ആഗോള താപനം കൂടുതല്‍ തീവ്രമായ മഴയ്ക്കും ഉയര്‍ന്ന സമുദ്രനിരപ്പിലേക്കും നയിക്കുമെന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ കാലാവസ്ഥാ ശാസ്ത്ര പ്രൊഫ. റിച്ചാര്‍ഡ് അലന്‍ പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.