head 3
head2
head1

അമൃത്‌സര്‍ കോവിഡ് പരിശോധന വിവാദം: പരസ്പരം പഴിചാരി സ്‌പൈസ്‌ഹെല്‍ത്തും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും

അമൃത്സര്‍: ഇറ്റലിയില്‍ നിന്നും അമൃത്സറിലെത്തിയ യാത്രക്കാര്‍ക്ക് തെറ്റായി കോവിഡ് സ്ഥിരീകരിക്കപ്പെട്ട വിഷയത്തില്‍ പരസ്പരം പഴിചാരി സ്‌പൈസ്‌ഹെല്‍ത്തും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും(AAI).

എയര്‍പോര്‍ട്ടിലെ പരിശോധനചുമതലയില്‍ ഉണ്ടായിരുന്ന സ്‌പൈസ്‌ഹെല്‍ത്തിന്റെ പിഴവ് മൂലമാണ് കോവിഡ് പരിശോധനയില്‍ തെറ്റ് വന്നത് എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. തുടര്‍ന്ന് സ്‌പൈസ് ഹെല്‍ത്തും, ടെസ്റ്റിങ് മെഷീന്‍ കമ്പനിയായ Thermofisher Accula യും വിഷയത്തില്‍ സംയുക്തമായി അന്വേഷണം നടത്തി. വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്ത് വച്ച് പരിശോധന നടത്തിയതിനാല്‍ മെഷീനില്‍ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടായതാണെന്നാണ് കമ്പനികളുടെ കണ്ടെത്തല്‍. ഈ അന്വേഷണ റിപ്പോര്‍ട്ട് അവര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഇന്ത്യയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ സ്‌പൈസ്‌ഹെല്‍ത്തിന്റെ കണ്ടെത്തലുകള്‍ തള്ളിക്കൊണ്ടുള്ള നിലപാടുകളായിരുന്നു വിഷയത്തില്‍ AAI സ്വീകരിച്ചത്. പരിശോധനയ്ക്കായുള്ള സ്ഥലം തീരുമാനിച്ചതും, സൗകര്യങ്ങള്‍ സജ്ജീകരിച്ചതും സ്‌പൈസ് ഹെല്‍ത്ത് തന്നെയായിരുന്നു എന്ന് AAI അധികൃതര്‍ പറഞ്ഞു. പരിശോധന നടത്തിയ സ്ഥലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആദ്യഘട്ടത്തിലൊന്നും കമ്പനി ഉയര്‍ത്തിയിരുന്നില്ല എന്നും, ജനുവരി 12ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാത്രമാണ് ഇവ പ്രതിപാദിച്ചത് എന്നും AAI ഇന്ത്യ അറിയിച്ചു.

ജനുവരി 6, 7 തീയ്യതികളിലായി ഇറ്റലിയില്‍ നിന്നുമെത്തിയ രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രക്കാരിലായിരുന്നു തെറ്റായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വിമാനങ്ങളിലായി ആകെ ഉണ്ടായിരുന്ന 469 യാത്രക്കാരില്‍ 298 പേര്‍ക്കും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. വലിയ പ്രതിഷേധങ്ങളായിരുന്നു യാത്രക്കാരുടെ ഭാഗത്തുനിന്നും അന്നുണ്ടായത്. തുടര്‍ന്ന് പരിശോധനയിലെ പിഴവുകളാണ് ടെസ്റ്റ് റിസള്‍ട്ട് തെറ്റായി വരാന്‍ കാരണമെന്ന് കണ്ടെത്തുകയും, സ്‌പൈസ്‌ഹെല്‍ത്തിനെ ടെസ്റ്റിങ് ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.