head2
head1
head 3

അയര്‍ലണ്ടില്‍ നോണ്‍ ഇ.യൂ ഡോക്ടര്‍മാര്‍ക്കായി പ്രത്യേക തൊഴില്‍ പദ്ധതി

മാറ്റം 'ഇന്ത്യക്കാരനായ പിതാവിന്റെ അനുഭവത്തിന്റെ' വെളിച്ചത്തിലെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍.

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന നോണ്‍ ഇ.യു ഡോക്ടര്‍മാര്‍ക്ക് എമിഗ്രേഷന്‍ നിയമങ്ങളില്‍ നിര്‍ണ്ണായകമായ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ പ്രഖ്യാപനം. രണ്ടു വര്‍ഷത്തിലേറെയായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഉടന്‍ തന്നെ സ്റ്റാമ്പ് 4 പെര്‍മിറ്റും ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ക്ക് ജോലി അവകാശങ്ങളും നല്‍കുന്നതാണ് പുതിയ മാറ്റം. മുന്‍ ഉപാധികളില്ലാതെ പ്രവര്‍ത്തിക്കാനുള്ള അവകാശമാണ് സ്റ്റാമ്പ് 4 വാഗ്ദാനം ചെയ്യുന്നത്.

ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ള ഡോക്ടര്‍മാര്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സ്‌കീമിലെ ഡോക്ടര്‍മാരുടെ അതേ അവകാശങ്ങള്‍ നല്‍കുന്നതാണ് പുതിയ നിയമം.

1,800 ഡോക്ടര്‍മാര്‍ക്ക് ഈ നിയമ മാറ്റം പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിന് നോണ്‍ ഇയു ഡോക്ടര്‍മാരില്‍ നിന്നുള്ള അപേക്ഷകള്‍ മാര്‍ച്ച് പകുതി മുതല്‍ 2022 ഏപ്രില്‍ അവസാനം വരെ സ്വീകരിക്കും. അപേക്ഷകള്‍ നീതിന്യായ വകുപ്പാണ് പ്രോസസ്സ് ചെയ്യുക. യോഗ്യത നേടുന്നവര്‍ക്ക് പുതിയ ഐആര്‍പി (ഐറിഷ് റസിഡന്‍സ് പെര്‍മിറ്റ്) കാര്‍ഡുകള്‍ ലഭിക്കും.

നോണ്‍ ഇയു ഡോക്ടര്‍മാര്‍ക്ക് അയര്‍ലണ്ടിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഈ തീരുമാനം കാരണമാകുമെന്നാണ് കരുതുന്നത്. അതിലൂടെ രാജ്യത്തുടനീളമുള്ള ആശുപത്രികളിലെ ഒഴിവുകള്‍ നികത്താനുമായേക്കും. മാത്രമല്ല, ഡോക്ടര്‍മാരുടെയും അവരുടെ തൊഴിലുടമകളുടെയും മേലുള്ള ഭരണപരമായ നൂലാമാലകളും കുറയ്ക്കും. ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍, ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡീ, ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണലി എന്നിവരാണ് ഈ ആഹ്ലാദ വാര്‍ത്ത പുറത്തുവിട്ടത്.

ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റില്‍ 2 മുതല്‍ 5 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന നോണ്‍ ഇഇഎ ഡോക്ടര്‍മാര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നതിന് അനുമതിക്ക് അപേക്ഷിക്കാന്‍ ഇതിലൂടെ കഴിയും. കൂടാതെ, ഇവരുടെ ഭാര്യമാര്‍ക്കും പങ്കാളികള്‍ക്കും ജോലി ചെയ്യാനും അനുമതി ലഭിക്കും. നിലവിലെ നിയമമനുസരിച്ച് ഈ ഡോക്ടര്‍മാര്‍ക്ക് ഈ യോഗ്യത നേടുന്നതിന് അഞ്ച് വര്‍ഷം ഇവിടെ ജോലി ചെയ്യേണ്ടതുണ്ട്.

എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പ് 2021 ഡിസംബര്‍ മുതല്‍ പബ്ലിക് ഹെല്‍ത്ത് സിസ്റ്റത്തിലെ ഡോക്ടര്‍മാര്‍ക്ക് 2 വര്‍ഷത്തെ മള്‍ട്ടി-സൈറ്റ് ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റുകള്‍ നല്‍കുന്നുണ്ട്.

പുതിയ മാറ്റം വന്നതോടെ വര്‍ഷം തോറും ഡോക്ടര്‍മാര്‍ അവരുടെ അനുമതി പുതുക്കിയാല്‍ മതിയാകുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. നേരത്തേയിത് ആറു മാസമായിരുന്നു. അധിക തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കാതെ തന്നെ രാജ്യത്ത് തുടരാനും ജോലി ചെയ്യാനും ഈ എമിഗ്രേഷന്‍ അനുമതി ഡോക്ടര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താനാകും.

ലിയോ വരദ്കറുടെ സന്തോഷം

ഇന്ത്യയില്‍ നിന്നുള്ള നോണ്‍ ഇയു ഡോക്ടറായിരുന്ന തന്റെ പിതാവിന്റെ അനുഭവം കൂടി മുന്‍നിര്‍ത്തിയാണ് നിലവിലെ എമിഗ്രേഷന്‍ നിയമങ്ങളില്‍ ഗുണകരമായ മാറ്റം വരുത്തിയതെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. യൂറോപ്പിന് പുറത്ത് നിന്നുള്ള ഡോക്ടര്‍മാര്‍ അയര്‍ലണ്ടിന്റെ ആരോഗ്യ രംഗത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പാന്‍ഡെമിക് കാലത്തെ ഇവരുടെ സേവനം നിസ്തുലമാണ്. മൈഗ്രേഷന്‍ പ്രശ്നങ്ങള്‍ സംബന്ധിച്ച നോണ്‍ ഇഇഎ ഡോക്ടര്‍മാരുടെ നിരാശ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ക്ക് സ്പെഷ്യലിസ്റ്റ് പരിശീലന പദ്ധതികളില്‍ ഏര്‍പ്പെടാനും തുടര്‍ന്ന് കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നു.

അതിനാല്‍ പലരും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. രണ്ടു വര്‍ഷത്തെ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്ന സിസ്റ്റം ഇതിനകം തന്നെ മാറ്റിക്കഴിഞ്ഞു. അതിനാല്‍ ഓരോ തവണയും ആശുപത്രി മാറുമ്പോള്‍ ഡോക്ടര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് മാറ്റേണ്ട ആവശ്യമില്ലെന്നും വരദ്കര്‍ പറഞ്ഞു. കൂടുതല്‍ മാറ്റങ്ങള്‍ പ്രഖ്യാപിക്കാനായതില്‍ സന്തോഷമുണ്ടെന്നും വരദ്കര്‍ പറഞ്ഞു. നോണ്‍ ഇയു ഡോക്ടര്‍മാരും നഴ്‌സുമാരും സപ്പോര്‍ട്ട് സ്റ്റാഫുകളുമില്ലാതെ നമ്മുടെ ആരോഗ്യ മേഖലയ്ക്ക് പ്രവര്‍ത്തിക്കാനാവില്ലെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു.

കൂടുതല്‍ ന്യായവും കാര്യക്ഷമവുമായ എമിഗ്രേഷന്‍ സംവിധാനം കൊണ്ടുവരാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പുതിയ മാറ്റമെന്ന് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു. യൂറോപ്പിന് പുറത്ത് നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളും ബിരുദാനന്തര വിദഗ്ധ പരിശീലന പരിപാടികളിലേക്ക് കൂടുതല്‍ പ്രവേശനവും നല്‍കുന്നതാണ് പുതിയ മാറ്റമെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

തൊഴില്‍ അവസരങ്ങള്‍ അറിയിക്കാന്‍ മാത്രമായി ‘ഐറിഷ് മലയാളി ന്യൂസി’ന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ്

അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഐ ടി, ആരോഗ്യ മേഖലകളില്‍ അടക്കമുള്ള തൊഴില്‍ അവസരങ്ങള്‍ വായനക്കാരെ അറിയിക്കാനായി മാത്രം ഒരു പുതിയ വാട്ട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയാണ്. യൂറോപ്പില്‍ രൂപപ്പെട്ടു വരുന്ന ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ മലയാളി സമൂഹത്തിന് പ്രയോജനപ്പെടുത്താനാവുമെന്ന ഉത്തമ ബോധ്യമാണ് ‘ഐറിഷ് മലയാളി’ ന്യൂസിനുള്ളത്. പരമാവധി ദിവസങ്ങളില്‍ ‘JOBS IRELAND IM GROUP’ എന്ന ഗ്രൂപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്.

JOBS IRELAND IM വാട്ട്സാപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/D50R2rLcu3JEHhibfzUtMt

Comments are closed.